അവള്‍ക്ക് സീറ്റില്ല.അവള്‍ക്ക് മാത്രം സീറ്റില്ല.അതാ ,അവളുടെ കണ്ണുകള്‍ എന്റെ സീറ്റിലെ ഒഴിവ് കണ്ടുപിടിക്കുന്നു.ഇത്ര ധൈര്യമോ കുട്ടി നിനക്ക്?ഇതാ ,അവള്‍ എന്റെ അടുത്ത് വന്നിരിക്കുന്നു.അവളുടെ കയ്യില്‍ ഒരു കവറുണ്ട്.അത് മടിയില്‍ വച്ച് അവള്‍ നിവര്‍ന്നിരുന്നു.ഇടതൂര്‍ന്ന കറുത്ത മുടി അവള്‍ നെഞ്ചിലേക്ക് വിരിച്ചിട്ടു. കായാമ്പൂ ഗന്ധമുള്ള കാറ്റ് ,അവളുടെ മുടിയിഴകളില്‍നിന്ന് എന്നെ ആലിംഗനം ചെയ്തു.അപ്പോള്‍ ഞാന്‍ വോഡ്‌കയെ വെറുത്തു.
അവളുടെ മൃദുലമായ മേനി എന്റെ ദേഹത്തു തൊട്ടപ്പോള്‍ ഒരു വിറ എന്റെ ദേഹത്തു കൂടെ കടന്നു പോയി.എത്രയോ നാളുകള്‍ക്ക് ശേഷമാണ് ഒരു യുവതി ഇത്ര അടുത്ത് വന്നിരിക്കുന്നത്?അതും മുന്തിരിക്കുലപോലെ സുന്ദരി.അവളുടെ ചുണ്ടുകളില്‍ അസ്തമനത്തിന്റെ അരുണിമ.പുറത്തു പച്ചപ്പാടശേഖരങ്ങള്‍ ഉമ്മ വയ്ക്കുന്ന നീലാകാശം അവളുടെ കണ്ണുകളില്‍ ഒരു നീലക്കടലായി പ്രതിഫലിക്കുന്നു.അവള്‍ എന്റെ മദ്യഗന്ധം അറിയുമോ?രൂക്ഷമായി എന്നെ നോക്കുമോ?നാറ്റം സഹിക്കാനാവാതെ അവള്‍ എഴുന്നേറ്റു പോകുമോ ?
ഞാന്‍ വാ അടച്ചു.ശ്വാസം വിടാന്‍ ഞാന്‍ ഭയന്നു.,ക്ലാസില്‍ ഒന്നാം ബെഞ്ചില്‍ ഇരിക്കുന്ന പഠിത്തക്കാരന്‍ കുട്ടിയെപോലെ ,വളരെ ഗൗരവമുള്ള മുഖഭാവത്തോടെ ഞാന്‍ അന്തരീക്ഷത്തിലേക്ക് നോക്കിയിരുന്നു.
“നിങ്ങള്‍ എങ്ങോട്ടാണ് ?”പെട്ടെന്ന് അവള്‍ എന്റെ ചെവിയോടു മുഖം ചേര്‍ത്ത് ചോദിച്ചു.ഒരു കുടന്ന മുല്ലപ്പൂ ആത്മാവില്‍ പൊഴിയുന്നു.കിഴവന്‍ ചോദിച്ചതും അതേ ചോദ്യമാണെങ്കിലും എനിക്ക് ഈ പെണ്‍കുട്ടിയോട് വെറുപ്പ് തോന്നുന്നില്ല.പക്ഷേ ഉത്തരം പറയാന്‍ ഒരു മടി തോന്നി.ഞാന്‍ അവളെ നോക്കി.സ്വരം പുറത്തു വരുന്നില്ല.എത്ര നാളായി ഞാന്‍ ഒരു പെണ്‍കുട്ടിയോട് മിണ്ടിയിട്ട്.
“നിങ്ങളെ എനിക്ക് മനസ്സിലായി.നിങ്ങളെ വിട്ടയച്ച വാര്‍ത്ത പത്രത്തില്‍ കണ്ടിരുന്നു.”അവള്‍ വീണ്ടും പറയുന്നു.
ഇപ്രാവശ്യം ഞാന്‍ ശരിക്കും ഞെട്ടി.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഞാന്‍ ജയിലിലായിരുന്നു.ഒരു കൊലക്കുറ്റത്തിന്.തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഞാന്‍ രക്ഷപെട്ടതാണ്.അതിനു മുന്‍പും ചെറിയ ഇടവേളകളില്‍ ഞാന്‍ ജയിലില്‍ പോയിട്ടുണ്ട്.എങ്കിലും ഇത്ര നീണ്ട കാലം ആദ്യമായിട്ടാണ്.എന്റെ തൊഴിലുടമകള്‍ നല്ല തുക മുടക്കിയാണ് എന്നെ മോചിപ്പിച്ചത്.ഇന്നാണ് ഞാന്‍ പുറത്തു വരുന്നത്.
എന്റെ ഭാവം മാറി.എന്റെ മുഖത്തെ നിറം മാറിയത് അവള്‍ക്ക് മനസ്സിലായെന്നു തോന്നുന്നു.
“തിരിച്ചറിയപ്പെടുമ്പോഴാണ് മനുഷ്യന്റെ യഥാര്‍ത്ഥ നിറം പുറത്തു വരുന്നത്.അത് വരെയുള്ളത് നിറഭേദങ്ങളാണ്.”അവള്‍ പറയുന്നു.
“മനസ്സിലായില്ല.” ഞാന്‍ പറഞ്ഞു.
Super