നിന്നിഷ്ടം തന്നിഷ്ട്ടം (നൗഫു) 19

“നീ ഒന്ന് വെറുപ്പിക്കാതെ പോയേ…… സുമീ …

മനുഷ്യനിവിടെ അല്ലെങ്കിലെ നൂറു കൂട്ടം പണിയും..

അതെങ്ങനെ തീർക്കുമെന്നും ചിന്തിച്ചു എത്തും പിടിയും കിട്ടാതെ നിൽക്കുകയാണ്..

അപ്പോഴാണ് നിന്റെ ഒടുക്കത്തെ ടൂർ…”

“ടൂറ് പോണമല്ലേ … ടൂറ്…നിന്റെ യൊക്കെ ഒടുക്കത്തെ ടൂർ…

നിന്നെ ടൂറിനല്ല പറഞ്ഞയക്കേണ്ടത്…..

……എന്റെ വായിൽ വരുന്നത് കേൾക്കണ്ടങ്കിൽ മാറി നിന്നൊ നീ…

 എന്റെ മുന്നിൽ നിന്ന് …”

ജാഫർ ഉറക്കെ ഒച്ചയിട്ട് സംസാരിച്ചു കൊണ്ട് ദേഷ്യത്തോടെ വാതിലടച്ചു റൂമിൽ നിന്നും ഇറങ്ങി പോയി…

“ഇക്കയുടെ ശബ്ദം ഉയർന്നത് കണ്ട് പേടിച്ചു മക്കൾ രണ്ടു പേരും എന്റെ കാലിലേക് ചേർന്ന് നിന്നു…”

“നാളെ ഒരു ദിവസം എങ്ങോട്ടെങ്കിലും ഒന്ന് പോകാമോ എന്ന് ചോദിച്ചതിനാണ് ഇക്ക ഒച്ചയിട്ട് ചൂടായത്..

ഇന്നലെ കുടുംബ വാട്സപ്പ് ഗ്രൂപ്പിൽ ചർച്ച അതായിരുന്നു.. എല്ലാവർക്കും ഒരു ദിവസം ഒരു യാത്ര പോയാലോ…

 നാളെ തന്നെ..”

“പ്ലാനിട്ട് നിന്നാൽ ഒന്നും നടക്കൂലന്ന് എല്ലാവർക്കും അറിയാം…

അത് കൊണ്ടായിരുന്നു നാളത്തെന്നെ പോയാലോ എന്നൊരു തീരുമാനം ഗ്രൂപ്പിൽ വന്നത്..”

“ആണുങ്ങൾ ആരും ഒന്നും മിണ്ടിയിരുന്നില്ലേലും..

 ഞങ്ങൾ നാലഞ്ചു പെണ്ണുങ്ങൾ ആയിരുന്നു എല്ലാത്തിനും മുമ്പിൽ…”

“അതായിരുന്നു ഇക്കയോട് ഞായറാഴ്ച നമുക്കും പോയാലോ എന്ന് ചോദിച്ചത്..

അതാണിപ്പോ ഇക്ക കുരച്ചു ചാടിയത് പോലെ ചാടി തുള്ളി മുടക്കിയത് …

“ഇങ്ങനെ ഒരു മറുപടി ഒരിക്കൽ പോലും പ്രതീക്ഷിച്ചില്ല…

അവരെല്ലാം ഓരോ കാരണങ്ങൾ ഉണ്ടാക്കി മാസാമാസം ഊട്ടി യിലേക്കോ.. മൈസൂരിലേക്കോ…

 ഇനി ഒന്നിനും കഴിഞ്ഞില്ലേൽ കൂട്ടുകാരെ എല്ലാം സെറ്റ് ചെയ്തു താമരശ്ശേരി ചുരം കയറാനാണെങ്കിലും പോകും..”

“നമുക്ക് അപ്പോഴും വിധി ഈ നാലു ചുമരും പരന്നു കിടക്കുന്ന മുറ്റവും…”

“തീരെ കൊണ്ടു പോകാറില്ല എന്നൊന്നും ഞാൻ പറയുന്നില്ല..

പോകാറുണ്ട് ഒന്നെങ്കിൽ കോഴിക്കോട് ബീച്ച് കാണാൻ..

അല്ലെങ്കിൽ ബേപ്പൂര് ബീച്ചിൽ…

ഇതെന്നെ എപ്പോ പോയാലും

കടല്…

കടല്…

കടല്…

കടല കടല കടല..

(ഈ കടലും കടല യും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ആവോ )

എന്താപ്പോ കടല് ഇത്ര കാണാൻ.. എന്നും കുറേ വെള്ളം ഇങ്ങോട്ട് വരും അങ്ങോട്ട്‌ പോകും.. ഒരു ചെയിഞ്ചില്ലെന്നേ…”

ഞാൻ കുടുംബ വാട്ട്‌സാപ്പ് ഗ്രൂപ്പ് തുറന്ന് മെസ്സേജ് ടൈപ്പ് ചെയ്തു…

“ഞാനും മക്കളും ഇല്ല.. നിങ്ങൾ പോയിട്ട് വരൂ…”

“എന്തോ ഒരു സങ്കടം…മനസിൽ നിറയുന്നത് പോലെ…

ഇക്കയോട് ചോദിക്കേണ്ടായിരുന്നു എന്ന് പോലും തോന്നിപോയി…”

++++

സുഹൃത്തുക്കളെ ഇതെന്റെ കഥയാണ് മൂന്നാല് ദിവസം മുമ്പ് മാത്രം ജീവിതത്തിൽ സംഭവിച്ച കഥ…

ഞാൻ ആരാണെന്നെല്ലേ…

എന്റെ പേര് സുമൈറ.. അടുപ്പമുള്ളവർ സുമി എന്ന് വിളിക്കും…

ഞാനും എന്റെ ഇക്കയും രണ്ടു മക്കളും.. അതാണ് എന്റെ കുടുംബം.. മറ്റാരും ഇല്ലന്ന് അല്ലാട്ടോ അതിന് അർത്ഥം അവരെല്ലാം ഈ കഥയിൽ ഓരോ കഥാപാത്രങ്ങൾ ആയി വരുന്നുണ്ട്…

“ആകെ മൂഡ് പോയി…

 എല്ലാവരും ഞാൻ ഇല്ലെങ്കിലും നാളെ ടൂർ പോകുവാൻ സാധ്യതയുണ്ട്..

അത്രക്ക് ചർച്ച നടന്നിട്ടുണ്ട് ഇന്ന് വൈകുന്നേരം വരെ ഗ്രൂപ്പിൽ..”

“ഞാൻ ആ മെസ്സേജ് ഇട്ടതിനു ശേഷം ഗ്രൂപ്പ്‌ തുറന്നിട്ടില്ല.

എന്തോ ഒരു മടി അവരെല്ലാം എങ്ങനെ പോകണം..

എന്ത്‌ ഡ്രസ്സ് ഇടണം നാളത്തെ ഭക്ഷണം എങ്ങനെ അങ്ങനെ എല്ലാം ചർച്ച ചെയ്തു ഇരിക്കുമ്പോൾ അതിൽ പങ്കെടുക്കാത്ത ആരാണെങ്കിലും അവർക്കൊരു വിഷമം ഉണ്ടാവില്ല അത് തന്നെ ആയിരുന്നു എനിക്കും…

ഇനി നിങ്ങൾ എനിക്ക് അസൂയ ആണെന്ന് കരുതുന്നുണ്ടെങ്കിൽ അങ്ങനെ കരുതി കോളൂ ട്ടോ…”

“രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കി ഇക്കയെ യും കാത്തിരിക്കുമ്പോൾ ഗ്രൂപ്പ്‌ ഒന്നു തുറന്ന് നോക്കി…”

“ആ… ഹ ഹ ഹ…

എനിക്ക് ഗ്രൂപ്പിൽ വന്ന മെസ്സേജുകൾ കണ്ടപ്പോ ചിരി വന്നു പോയി…

ആരും പോകുന്നില്ല.. കെട്ടിയോന്മാർ മൊടയാണ് പോൽ…”

“ഹാവൂ എനിക്ക് സമാധാനമായി…

എല്ലാത്തിന്റെയും ഭർത്താക്കന്മാർ എന്റെ കോന്തനെ പോലെ തന്നെ ആണെന്ന് കേട്ടപ്പോൾ എന്റെ ഉള്ളിൽ ഒരു സന്തോഷം തോന്നി..

 അല്ല പിന്നെ…

അങ്ങനെ ഞാൻ മാത്രം ഇല്ലാതെ ഓല് ടൂർ പോകണ്ട…”

“അങ്ങനെ റാഹത്തായി ഭക്ഷണവും കഴിച്ചു കിടന്നു..

ഇക്ക കുറച്ചു ചൂടിൽ കുറെ ഒച്ചയിട്ട് പോയത് കൊണ്ട് തന്നെ ആളോട് നമ്മൾ മിണ്ടാൻ പോയില്ല ..

എന്തിനാ വെറുതെ തൊള്ളയിൽ കയ്യിട്ടു കടി വാങ്ങുന്നത്..

ഒരവസരം വരുകതന്നെ ചെയ്യും അന്ന് കൊടുക്കാം”

“പക്ഷെ എങ്ങനെ കിടന്നിട്ടും ഉറക്കം കിട്ടുന്നില്ല…നാളത്തെ യാത്ര എന്റെ മനസ്സിൽ അത്രമേൽ സ്വാധീനം ചെലുത്തിയിരുന്നു..

അങ്ങനെ ഉറക്കം വരാതെ ഞാൻ ഫോൺ എടുത്തു..

അള്ളാഹ്…

ഞാൻ മാത്രമല്ല വാട്ട്‌സപ് ഇൽ ഗ്രൂപ്പിലെ ഒരൊറ്റ എണ്ണവും ഉറങ്ങിയിട്ടില്ല…

എല്ലാത്തിനും എന്റെ പ്രശ്നം തന്നെ…

 ഉറക്കം കിട്ടുന്നില്ല…

അന്നാ ഗ്രൂപ്പിൽ ശിവരാത്രി പോലെ ആരും ഉറക്കമില്ലാതെ മെസ്സേജ് അയച്ചു ഇരുന്നു..”

“എന്നാലും രണ്ടു ദിവസം കൊണ്ട് നമ്മൾ എത്ര ആഗ്രഹിച്ചു വല്ലേ ഒരു യാത്ര..

എല്ലാവരും കൂടെ അടിച്ചു പൊളിക്കാൻ..

ഓർക്ക് എങ്ങോട്ട് വേണമെങ്കിലും ആരോടും പറയാതെയും.. ഒന്നും മിണ്ടാതെയും പോകാം…

നമ്മളൊന്നു പോകാമോ എന്ന് ചോദിച്ചപ്പോഴാണ്…”

ഗ്രൂപ്പിലെ ഇക്കയുടെ ഏറ്റവും ചെറിയ അനിയന്റെ ഭാര്യ സലീന യുടെ വാക്കുകളിൽ ഒരു നിരാശ നിറഞ്ഞിരുന്നു…കൂടേ അമർഷവും…

“നമുക്ക് വിട്ടാലോ…”

അവളുടെ മെസ്സേജ് കണ്ട ഉടനെ തന്നെ ഞാൻ ചോദിച്ചു..

“നമുക്കോ…

നമുക്കെന്ന് വെച്ചാൽ???…”

ഗ്രൂപ്പിലെ അയ്യോ, പാവം (നടിക്കുന്ന) ആയിരുന്ന.. സുലു വായിരുന്നു അത്.. ഇക്കയുടെ രണ്ടാമത്തെ അനിയന്റെ ഭാര്യ…

“അയ്യെടാ ഒന്നും മനസിലാകാത്ത ആള്..

എടി..

നമുക്കെന്ന് വെച്ചാൽ നമ്മൾ അഞ്ചു പേരും നാളെ പോകുന്നു..

 ഒരുത്തന്റെയും ഔദാര്യം ഇല്ലാതെ…”

പൊതുവെ കുടുംബത്തിൽ ഗജ കില്ലാടി എന്ന് പേരുള്ള മൂത്ത നാത്തൂൻ ജംഷീന സുലുവിനെ ഒന്നു വാരുകയും ചെയ്തു കാര്യം പറയുകയും ചെയ്തു…

“അള്ളോ.. എനിക്ക് പേടിയാ..

ആണുങ്ങൾ ആരും ഇല്ലാതെ നമ്മൾ പെണ്ണുങ്ങൾ ഒറ്റക്കോ…

അതും നമ്മൾ എങ്ങോട്ടാണ് പോകുന്നത്… ഇവിടെ അടുത്ത് വല്ലതും ആണേൽ കുഴപ്പം ഇല്ലായിരുന്നു…”..

പേടി തൊണ്ടത്തി യായി ഹസീന വോയിസ്‌ മെസ്സേജ് കേട്ട് എല്ലാവരും ചിരിച്ചു..

“എടി പൊട്ടി ഹസീനെ… ഇവിടെ ഓരോ പെണുങ്ങൾ ഒറ്റക് ലോകം കറങ്ങുന്നു.. കുറെ ഏറെ മല്ലൂസ് തന്നെ കശ്‍മീര് പോലും കറങ്ങി തിരിഞ്ഞു വന്നു .. ഇന്ത്യ മുഴുവൻ കണ്ടു വന്നു..

നമ്മളിപ്പോഴും മക്കള്, ഭർത്താവ്, കുടുംബം,ചോറ്,കഞ്ഞി.. പപ്പടം എന്നൊക്കെ പറഞ്ഞു അടുക്കള കോലായി എന്നും പറഞ്ഞു നടക്കുകയല്ലേ…

ഒരിക്കലെങ്കിലും നമുക്ക് മാത്രമായി ഒന്നു കറങ്ങണ്ടേ…

ഈ ലോകം എന്താണെന്നു ആണുങ്ങളെ പോലെ ആസ്വദിക്കണ്ടേ..”

ജംഷീന പറഞ്ഞത് എല്ലാവർക്കും സമ്മതം ആയിരുന്നു…

“ഇപോ അടുത്തല്ലേ കണ്ണൂരുള്ള ഒരു പെണ്ണ് ലോകകപ്പ് കാണാൻ പോയത്..”

ഞാൻ ഇൻസ്റ്റ യിൽ റീൽ കാണുന്ന പെണ്ണിനെ ഓർത്തു കൊണ്ടു പറഞ്ഞു…

“അതെ അതെ..

അതും ഒറ്റക് ജീപ്പ് ഓടിച്ചു കൊണ്ട്..

അതൊക്കെ നമുക്കൊരു ഇൻസ്പിറേഷനാണ്..

 നമ്മൾ വിചാരിച്ചാലും പലതും ഈ ലോകത്ത് നടത്താൻ പറ്റുമെന്ന് കാണിക്കാൻ ഉള്ള അവസരം..”

ഞാൻ പറഞ്ഞത് ശരി വെച്ച് കൊണ്ടു ജംഷീന പറഞ്ഞു…

“അപ്പോ എങ്ങനെയാ നാളെ രാവിലെ പുറപ്പെടുകയല്ലേ…”

എല്ലാവരും ചൂണ്ടയിൽ കൊളുത്താൻ സാധ്യത ഉണ്ടേന്നറിഞ്ഞ ഞാൻ സ്രാവിനെ കൊളുത്താനുള്ള ചൂണ്ട തന്നെ ഏറിഞ്ഞു ..

എല്ലാവരും ഒരേ സ്വരത്തിൽ തന്നേ പറഞ്ഞു..

” ഞാൻ റെഡി…

ഞാൻ റെഡി…

ഞാൻ റെഡി..”

പിന്നെ ഒരു ഒരുക്കാമായിരുന്നു..

“ഇക്കയെ ബുദ്ധിമുട്ടിക്കരുതെന്ന് മാക്സിമം കരുതിയിരിയുന്നെങ്കിലും…

 പോകുവാനുള്ള പൈസ ഞാൻ ആ കീശയിൽ നിന്നും ചൂണ്ടി…

അല്ല പിന്നെ.. ഞാൻ ഇത്രയും കാലം അടുക്കളയിൽ നിന്ന് ചൂടും പുകയും കൊണ്ട ശമ്പളത്തിൽ നിന്നും കുറച്ചാൽ മതിയല്ലോ…”

“ടൂർ പോകുന്നത് കൊണ്ടാണെന്ന് തോന്നുന്നു കണ്ണിൽ ഉറക്കം പോലും വരുന്നില്ല… വാട്സ്ആപ്പിലാണേൽ മെസ്സേജ് വന്നു കൊണ്ടിരിക്കുന്നുണ്ട്…

ഒരൊറ്റ ഒന്നിനും ഉറക്കം ഇല്ലെന്ന് തോന്നുന്നു…

മക്കളെ എന്ത് ചെയ്യുമെന്നാണ് പുതിയ ചർച്ച മുഴുവൻ..

മക്കളെ എന്ത്‌ ചെയ്യും.. കെട്ടിയോന്മാർ രാവിലെ തന്നെ പണിക് പോകും…

ഉപ്പമാർ മക്കളെ ഉമ്മമാരെ ഏൽപ്പിച്ചു പോകുന്നത് പോലെ എനിക്ക് എന്തായാലും കഴിയില്ല…

ഞാൻ രണ്ടെണ്ണത്തിനെയും പേക് ചെയ്യുമെന്ന് പറഞ്ഞു… എന്റെ സന്തോഷത്തിൽ അവരും വേണം…”

“അങ്ങനെ ഒന്ന് കണ്ണ് മാളി എഴുന്നേറ്റു.. സുബുഹിക്ക് ദിവസവും എഴുന്നേൽക്കുന്നത് കൊണ്ടു തന്നെ…ആ സമയത്ത് തന്നെ അലാറം പോലും വെക്കാതെ എഴുന്നേറ്റു..

ഉച്ചക്കത്തേക്കുള്ള ബിരിയാണി നാത്തൂൻ ആണ് ഏറ്റിരുന്നത്.. ഞാൻ രാവിലെ നാസ്ത കഴിക്കാനുള്ള പൊറാട്ട ഏറ്റു.. അതാകുമ്പോൾ പോകുന്ന വഴി വാങ്ങിയാൽ മതിയല്ലോ..”

“അങ്ങനെ 6:30 മണിക്ക് തന്നെ ഞങ്ങൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഹാജർ വെച്ചു…

ഞാനും മക്കളും ബാക്കി നാലു പേരും അവരുടെ മക്കളും.. അങ്ങനെ എല്ലാം കൂടേ പത്തു പതിനഞ്ചു ആളുകൾ…”

എറണാകുളം റയിൽവെ സ്റ്റേഷനിലേക് ഞങ്ങൾ ടിക്കറ്റ് എടുത്തു… 6:40 ഇന്റെ ട്രെയിൻ..

ലോക്കൽ ക്ലാസ് ആയിരുന്നു ടിക്കറ്റ്.. സെക്കൻഡ് ക്ലാസ് ടിക്കറ്റൊന്നും മണ്ടി പാഞ്ഞു ചെന്നാൽ കിട്ടില്ലന്ന് കൂട്ടിലിരിക്കുന്ന ആള് പറഞ്ഞു.. ..

പിന്നെ ടിക്കറ്റ് തരാം ആരെങ്കിലും പോകുന്ന വഴിക്ക് ഇറങ്ങിയാൽ അവിടെ കുത്തി ഇരുന്നാൽ മതിയോന്ന് പറഞ്ഞത് എനിക്ക് പിടിച്ചില്ല..

എന്തിനാ ഇപ്പൊ മറ്റുള്ളവരുടെ സീറ്റ് ഞങ്ങൾക്.. ഞങ്ങളെ നല്ല അന്തസുള്ള തറവാട്ടിൽ പിറന്നവരാ..

അങ്ങനെ ഞങ്ങൾ അഞ്ചു പെണ്ണുങ്ങളുടെ നേതൃത്വത്തിൽ ആദ്യമായി ഒരു പടയുമായി ഞങ്ങൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും എറണാകുളത്തേക് യാത്ര തിരിച്ചു..

കൊച്ചിയും.. മറൈൻ ഡ്രൈവും.. അങ്ങനെ അവിടുത്തെ കാഴ്ചകൾ കാണുവാൻ…

ഒരു പകല് കൊണ്ടു എത്ര കാഴ്ച കാണാൻ പറ്റുമെന്ന് പടച്ചോന് മാത്രം അറിയാം..

ട്രെയിനിൽ പോകുമ്പോൾ ആയിരുന്നു ഇക്ക വീട്ടിൽ നിന്നും വിളിച്ചത്.. മുപ്പർക് 7 മണിക്ക് കിട്ടാറുള്ള ചായ കിട്ടിയുട്ടുണ്ടാവില്ല…അതാണ് വിളിക്കുന്നതെന്ന് എനിക്കറിയാം..

ഞാൻ ഫോൺ എടുത്തു..

“എടി..

നീ എവിടെ പോയി കിടക്കുകയാണ്.. മക്കളെയും കാണുന്നില്ല ഇവിടെ…”

” ഞങ്ങൾ ഒരു യാത്ര പോവുകയാണ്.. നിങ്ങൾക്കല്ലേ ഞങ്ങളെയും കൊണ്ടു പുറത്ത് പോകുവാൻ മടി യുള്ളത്…ഏതായാലും ഇനി നിങ്ങൾ ബുദ്ധിമുട്ടണ്ട.. .. അതിനുള്ള വഴി ഞാനും മക്കളും കണ്ടു.. ഇന്നൊരു ദിവസം കറങ്ങിയിട്ട് വരാം.. “

ഞാൻ ഇക്കയുടെ ചോദ്യത്തിന് മറുപടി യായി പറഞ്ഞു..

“യാത്രയോ.. ആരുടേ കൂടേ.. എങ്ങോട്ട്,.. ആരോട് ചോദിച്ചിട്ട്…അങ്ങനെ കുറേ ഏറെ ചോദ്യങ്ങൾ ആയിരുന്നു അവിടെ നിന്നും വന്നത്…”

“ആരോടും ചോദിച്ചിട്ടൊന്നും ഇല്ല.. എന്റെ മറ്റവന്റെ കൂടേ ഒന്നുമല്ല യാത്ര.. ഇങ്ങളെ പെങ്ങളും അനിയൻ മാരുടെ ഭാര്യമാരുടെയും കൂടെയാണ് പോകുന്നത്…

ഞങ്ങളെ കൊച്ചി യൊന്നു കണ്ടു വരാം…”

ഇക്കയുടെ ചോദ്യത്തിന് അടുത്തിരിക്കുന്ന ഇക്കയുടെ പെങ്ങളെ നോക്കി കണ്ണടച്ച് കാണിച്ചു ഞാൻ മറുപടി കൊടുത്തു..

“അപ്പൊ ഇന്നെനിക് ആര് ചായ തരും.. എനിക്ക് ഉച്ചക്ക് ഭക്ഷണം കഴിക്കണ്ടേ…? “

“ഇങ്ങള് ഇന്നൊരു ദിവസം ഒറ്റക് ഉണ്ടാക്കി കഴിച്ചെന്ന് വെച്ചു ഇവിടെ ഒന്നും സംഭവിക്കൂല ഇക്ക.. അല്ലെങ്കിൽ തറവാട്ടിലേക് പൊയ്ക്കോ.. അവിടെ ആകുമ്പോൾ കമ്പിനിക് അളിയനും ഇങ്ങളെ അനിയന്മാരും ഉണ്ട്..

പിന്നെ ഉമ്മാനെ ഞങ്ങൾ കൂടേ കൂട്ടിയിട്ടുണ്ട് ട്ടോ.. പാവം കുറേ കാലം ആയില്ലേ ഉമ്മ പുറം ലോകമൊക്കെ കണ്ടിട്ട്.. “

ഞാൻ അതും പറഞ്ഞു ഫോൺ വെച്ചു…

“പുറത്ത് നിന്നും അടിക്കുന്ന കാറ്റു എന്റെ മുഖത് ഒരു കുളിരുള്ള തണുപ്പ് നിറച്ചു…

ഞാൻ എന്റെ മക്കളെ ചേർത്ത് പിടിച്ചു…

ഉമ്മ ഞങ്ങളെ എല്ലാവരെയും നോക്കുന്നുണ്ട്.. പുതിയൊരു ലോകം കാണുവാൻ പോകുന്ന സന്തോഷത്തോടെ…

ഇവിടെ തുടങ്ങുന്നു….

ഞങ്ങളുടെ സന്തോഷം തേടിയുള്ള യാത്ര….”

ബൈ

നൗഫു…☺️☺️☺️

Updated: December 13, 2024 — 7:16 am

1 Comment

Add a Comment
  1. ❤❤❤❤❤😂

Leave a Reply

Your email address will not be published. Required fields are marked *