നിന്നരികിൽ 11

നിന്നരികിൽ

 

സൂര്യൻ കിഴക്കു വെള്ള കീറിയപ്പോൾ ഉറക്കച്ചടവോടെ ഞാൻ ചുറ്റും നോക്കി .ഒരു പുതിയ ദിവസം തുടങ്ങുകയായി .അതിന്റെ മുന്നോടിയായി കുരുവികളും കാക്കകളും ചകോരങ്ങളും അവരുടെ പതിവ് പല്ലവികൾ പാടി തുടങ്ങി .അതെല്ലാം കേട്ടുണരാനും കുറെ നല്ല നിമിഷങ്ങൾ ഇഷ്ടമുള്ളവരുടെ കൂടെ പങ്കു വയ്ച്ചുറങ്ങാനും പറ്റുന്നതൊക്കെ ഏതോ ജന്മ സുകൃതം !
ഒന്നോർത്താൽ ഞാൻ എന്ത് ഭാഗ്യവതിയാണ് ! കാരണം എന്റെ പരിമിതികളിൽ ഞാൻ ആഗ്രഹിക്കുന്നതിലും സ്നേഹമാണ് എന്റെ വളർത്തച്ഛനും കുടുംബവും എനിക്ക് നൽകുന്നത് .
നിനച്ചിരിക്കാത്ത സമയത്ത് വന്നണഞ്ഞ മഹാഭാഗ്യം!ആഭാഗ്യത്തിന്റെ പേരാണ് ശങ്കരൻ നായർ .
എന്റെ വീട്ടിൽ ഞാൻ ഒരധികപ്പറ്റായിരുന്നോ ആവോ. ഒരു വിൽപ്പന വസ്തുവിനെ നോക്കുന്ന കണ്ണുകൊണ്ടാണ് എന്റെ വീട്ടുകാർ എന്നെ നോക്കിയിരുന്നത് എനിക്ക് നടക്കാനും സംസാരിക്കാനും ആകാത്തത് കൊണ്ടാവാം അവർ എന്നെ ആവിശ്യക്കാർക്കു കൊടുക്കാൻ തീരുമാനിച്ചത് .പക്ഷെ എന്റെ കാതുകൾ നിര്ജീവമായിരുന്നില്ല .ആ സത്യം എന്റെ ഉറ്റവർക്കും അറിയാമായിരുന്നല്ലോ വീട്ടിലെ അമ്മിണിയും കുട്ടനും എന്റെ അരികിൽ വരുകപോലും ഇല്ലായിരുന്നു.

എന്നോട് ഇഷ്ട്ടം കൂടണ്ടാ എന്ന് അമ്മേം അച്ഛനും പറഞ്ഞു കൊടുത്തിട്ടുണ്ടാകും .ചിലപ്പോൾ എല്ലാം എന്റെ വെറും തോന്നലാകാം ,കാശിനു വേണ്ടി എന്നെ വിറ്റതാകും.സ്നേഹം കിട്ടാതെ വരുമ്പോൾ ഏതു മനസ്സിലും ഉണ്ടാകുന്ന ഒരു വ്യാകുലത ഇങ്ങനെ കാട് കയറി ചിന്തിപ്പിക്കും .അങ്ങിനെ സമാധാനിക്കുന്നതാകും ഉചിതം..

അന്നൊരു തിങ്കളാഴ്ച ആയിരുന്നു ശങ്കരമ്മാവൻ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്കു കൊണ്ടുപോയത് .ജീവിതം ആകെ മാറി മറിഞ്ഞതുപോലെ എനിക്ക് തോന്നി .വിരസതകൾക്കു വിരാമമിട്ട സുദിനങ്ങൾ .

ശങ്കരമ്മാവന്റെ വീട്ടിൽ അദ്ദേഹത്തിന്റ സഹധർമിണി ശാന്തയും അവരുടെ രണ്ടു കുട്ടികളുമായിരുന്നുതാമസം. ശ്യാമയും സുന്ദറും .“അച്ഛാ ഞങ്ങളുടെ കൂടെ ഇവളും ചേർന്നോട്ടെ “ഇതായിരുന്നു എന്നെ കണ്ടപാടെ സുന്ദറിന്റെ മറുപടി .ആര് വന്നാലും അവന്റെ കൂടെ കൂടണം .അതാണ് അവന്റെ നിയമം .ആയിക്കോട്ടെ എന്ന് ശങ്കരമ്മാവനും സമ്മതം മൂളി .

എന്റെ പരാധീനതകൾ ഞാൻ പാടെ മറന്നു .സ്കൂൾ വിട്ടാൽ കുഞ്ഞുങ്ങൾ ഓടി കൂടും എന്റെ അടുത്തേക്ക്. സന്തോഷങ്ങളും പരിഭവങ്ങളും ഒക്കെ ഞങ്ങൾ ഒപ്പം പങ്കിട്ടു. ശ്യാമക്കാണെന്നേ വലിയ ഇഷ്ട്ടം. അവളുടെ ചെറിയ ചെറിയ രഹസ്യങ്ങൾ എന്നോട് പങ്കിട്ടു .എന്നിട്ടു പറയും“ഞാൻ എന്താണെന്നോ എല്ലാം നിന്നോട് പറേണത്? നീ മിണ്ടാതെ എല്ലാം കേട്ടോളും .അതാ എനിക്കും വേണ്ടത് “.സുന്ദറിന്റെ കളർ പെൻസിലും കൈത്തോക്കും ഒളിച്ചു വെയ്ക്കണ സ്ഥലമൊക്കെ ആണീ എടുത്താൽ പൊങ്ങാത്ത രഹസ്യങ്ങൾ .അവൾ അറിയാതെ ഞാനും കുണുങ്ങി ചിരിച്ചു .

ശാന്തമ്മായിക്കായിരുന്നു എനിക്ക് ഭക്ഷണം തരാനും കുളിപ്പിക്കാനും ഒക്കെ വലിയ താൽപ്പര്യം . പക്ഷെ ഒരു കാര്യത്തിലും എനിക്ക് വലിയ ആർത്തി ഇല്ലായിരുന്നു .എന്ത് തന്നാലും കഴിക്കും .എന്റെ മൗന സമ്മതം ആയിരുന്നു അവരുടെ തൃപ്തി .ആ തൃപ്തിയിൽ ഞാനും വളർന്നു .
ശങ്കരമാവൻ വൈകുന്നേരങ്ങളിൽ ഓഫീസ് വിട്ടു വന്നാൽ എന്റെ അരികിൽ വന്നിരിക്കും.നല്ല കാറ്റുള്ള സായാഹ്നങ്ങളിൽ ഓരോരോ വികാരങ്ങൾ കൈമാറി ഞങ്ങൾ അങ്ങിനെ ഇരിക്കും ..

“ഈശ്വര ഇനിയൊരു ജന്മം എനിക്കുണ്ടെങ്കിൽ ,എന്നെ ഒരു സംസാര ശേഷിയും ചേതനയുമുള്ള ഒരു ജന്മമാക്കി തീർക്കാൻ ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു .പുനർജന്മത്തിൽവെറുതെ ഒരു വ്യാമോഹം. നീണ്ട പത്ത് വർഷങ്ങൾ ആഹ്ലാദത്തിന്റെ തിരയടികൾ ഉൾക്കൊണ്ടുകൊണ്ട് പടിയിറങ്ങിപോയി .

സുഖ ദുഃ ഖ സമ്മിശ്രമാണെങ്കിലും എനിക്കവയെല്ലാം സന്തോഷമേ പങ്കിട്ടു തന്നൊള്ളു . ഞാൻ വളർന്നു വലുതായി . ശ്യാമയും സുന്ദറും വളർന്നെങ്കിലും എന്റെ അത്ര ഉയരം കിട്ടിയില്ല .ആംഗ്യ ഭാഷയിൽ അതും പറഞ്ഞവരെ ഞാൻ കളിയാക്കി . സുന്ദറിന് ഒരു ചെറിയ നീരസവും ഉണ്ടായിരുന്നു ,“ പോടീ “ എന്ന് പറഞ്ഞു അവൻ എപ്പോഴും എന്നെ തള്ളി.
മധുരമുള്ള നൊമ്പരങ്ങൾ.ഞാൻ ഓർത്തോർത്തു ചിരിച്ചു. സുന്ദർ ഇന്ന് ബാങ്കളൂരിലെ ഒരു പേരുകേട്ട ഐ ടി കമ്പനിയിലെ ഒരു ഉയന്ന സോഫ്റ്റ്വെയർ ഉദ്യോഗസ്ഥനാണ് . വളരെ വിരളമായേ ഞങ്ങൾ തമ്മിൽ പിന്നെ കാണാറുള്ളു .പക്ഷെ എനിക്കതിൽ യാതൊരു പരിഭവവും ഇല്ലായിരുന്നു .എല്ലാവരും നന്നായിയിരിക്കണം ,അത്ര മാത്രം .

ശങ്കരമ്മാവൻ പെൻഷൻ ആകാൻ ഇനി ഏതാണ്ട് രണ്ടു മാസമേ ബാക്കിയുള്ളു പാവം ,അമ്മാവനും വയസ്സായി .ശാന്തമ്മയിയും മിക്കവാറും കിടപ്പു തന്നെയാണ്,വാതരോഗം അവരെ വല്ലാതെ ഉപദ്രവിച്ചുകൊണ്ടേ ഇരുന്നു . വേച് വേച് അങ്ങോട്ട് മിങ്ങോട്ടും നടക്കുന്നതു കാണുമ്പോൾ എന്റെ മനസ്സ് വിഷമിക്കും .ഏത്ര ഓടി നടന്ന ആളാ .

ഒരു ദിവസം ശാന്തമ്മയി എന്റെ അടുത്ത് വന്നു ഒരു വിഷാദ ഭാവത്തോടെ കൊറേ നേരം എന്നെ തന്നെ നോക്കി നിന്നു.എന്നിട്ടു ഒരു നെടുവീർപ്പോടെ പറഞ്ഞു “നിന്റെ അടുത്ത് എനിക്കെപ്പോഴും വരാനൊക്കെ വയ്യാണ്ടായിരിക്കണു.എന്ത് ചൈയ്യാനാ …”കഷ്ടം തോന്നി.

സ്നേഹം മാത്രം തരാനറിയാവുന്ന ശാന്തമ്മായിക്കും ഈ ഗതിയോ ശ്യാമക്ക് നല്ല ഒരു വിവാഹാലോചന വന്ന കാര്യം അന്ന് സന്ധ്യക്കാണ് ശങ്കരമ്മാവൻ എന്നോട് പറഞ്ഞത് .പയ്യൻ നാട്ടിൽ നിന്നു തന്നെ ആയതിൽ അമ്മാവന് വലിയ ആശ്വാസം ഉണ്ടായിരുന്നു .“കാണണം എന്ന് തോന്നുമ്പോൾ ഒക്കെ അവളെ ഒന്ന് കാണാമല്ലോ “ശെരിയാണെന്നു എനിക്കും തോന്നി .“വിവാഹം ഈ വീട്ടു വളപ്പിൽ വെച്ച് തന്നെ നടത്താൻ ഞാൻ തീരുമാനിച്ചു .എന്താണെന്നറിയാമോ ?അത് നീയും കാണണം “അമ്മാവൻ അതും പറഞ്ഞെന്നെ കെട്ടിപ്പുണർന്നു ചിരിച്ചു .എന്റെ കൈകൾ അമ്മാവനെയും തലോടി . എല്ലാം ഭംഗിയായ് നടക്കണമേ എന്ന് ഞാനും മനസ്സാൽ മന്ത്രിച്ചു .

Updated: May 15, 2018 — 11:48 am

2 Comments

  1. Good story man

Comments are closed.