ദേവലോകം 17 [പ്രിൻസ് വ്ളാഡ്] 663

എല്ലാവരും എത്തിയെങ്കിൽ നമുക്ക് തുടങ്ങാം അല്ലേ ,രാജ??? മഹേശ്വരി ദേവി തൻറെ മകനോടായി ചോദിച്ചു …

വൈകിട്ടോടെ എല്ലാവരും തിരികെ പാലസിൽ എത്തിയിരുന്നു. സ്വീകരണ മുറിയിൽ കൂടിയവർക്ക് മുന്നിലിരുന്നുകൊണ്ടാണ് അവർ സംസാരിച്ചത്….

അമ്മ തന്നെ പറഞ്ഞോളൂ… രാജശേഖരൻ ഒരു മന്ദഹാസത്തോടെ പറഞ്ഞു..

മന്നാടിയന്മാരെ ഇപ്പോഴത്തെ ഈ നിലയിലേക്ക് വളർത്തിയ ദേവരാജന്റെ ഭാര്യ എന്ന അധികാരത്തിലാണ് ഞാൻ സംസാരിക്കുന്നത് ….ഞാൻ എന്തു പറയുന്നു അതനുസരിക്കാം എന്ന് എൻറെ മകൻ ദേവരാജൻ എനിക്ക് വാക്ക് നൽകിയിട്ടുണ്ട്, അതുതന്നെ ഞാൻ എൻറെ കൊച്ചു മകനോടും പറയുന്നു….. ദേവാ നീയും എനിക്ക് വാക്ക് തരണം, ഞാൻ എന്തു പറയുന്നോ അതുപോലെ അനുസരിക്കാമെന്ന്….

സമ്മതം…… ഉത്തരം പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല ദേവന്… തൻറെ അച്ഛൻ അങ്ങനെ ഒരു വാക്ക് തന്റെ മുത്തശ്ശിക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അത് ഒരിക്കലും തന്നെ  വേദനിപ്പിക്കാൻ വേണ്ടി ആവില്ല എന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നു ദേവന്….

നിന്നോടും കൂടിയാണ് പറയുന്നത് ദക്ഷ ……..മഹേശ്വരി ദേവി ദക്ഷയുടെ നേർക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു…

സമ്മതം ….മുഖമുയർത്തിയില്ല എങ്കിലും അവളും അവളുടെ ഉത്തരം വേഗം തന്നെ പറഞ്ഞു.. തൻറെ പാതിയുടെ അതേ മനസ്സ് തന്നെയായിരുന്നു അവൾക്കും.

ഇതെല്ലാം കണ്ടുനിന്ന റോഹന്റെയും കൃതിയുടെയും അവരുടെ കുടുംബത്തിലുള്ളവരുടെയും കണ്ണുകൾ വിടർന്നു … അപ്പോൾ തന്നെ ഒരു കുന്നോളം സ്വപ്നങ്ങൾ അവർ നെയ്തു തുടങ്ങിയിരുന്നു…

അപ്പോൾ കാര്യത്തിലേക്ക് കടക്കാം…. ദേവൻറെ വിവാഹമാണ് വിഷയം …വധുവിന്റെ സ്ഥാനത്ത് രണ്ടുപേരാണ് ഉള്ളത് എൻറെ ചെറുമകൾ കൃതിയും ….പിന്നെ ദക്ഷിതയും… എൻറെ ചെറു മകനെ കെട്ടാൻ ആർക്കാണ് ഇവരിൽ യോഗ്യത കൂടുതൽ എന്നുള്ളതാണ് പ്രശ്നം…

അതിപ്പോൾ ഇത്ര നോക്കാൻ എന്താണ് അപ്പച്ചി ????എൻറെ മോളെക്കാൾ എന്ത് യോഗ്യതയാണ് ഇവൾക്കുള്ളത്… അച്ഛനും അമ്മയും പോകട്ടെ പറയാൻ ഒരു തറവാട്ടുപേര് പോലും ഇല്ല …കൃതിയുടെ അച്ഛൻ മഹേന്ദ്രൻ പറഞ്ഞു… ദേവൻറെ കൈയുടെ ചൂട് അറിയാൻ താല്പര്യമില്ലാത്തതിനാൽ ദക്ഷയുടെ സ്വഭാവത്തെ പറ്റിയുള്ള പരാമർശങ്ങൾ ഒഴിവാക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു…

മഹേന്ദ്രൻ പറഞ്ഞത് ശരിയാണ് നിൻറെ അച്ഛനും അമ്മയും ഇല്ലാത്ത സ്ഥിതിക്ക് നീ തന്നെ വേണം നിൻറെ യോഗ്യതയെ പറ്റി പറയാൻ പറ…ദക്ഷാ എന്ത് യോഗ്യത കണ്ടിട്ടാണ് ഞാൻ എൻറെ ചെറു മകന് നിന്നെ കൈപിടിച്ച് ഏൽപ്പിക്കേണ്ടത്.. പഴയതുപോലെ ഒരു ദേഷ്യത്തിന്റെ ടോൺ മഹേശ്വരിയുടെ വാക്കുകളിൽ ഇല്ലായിരുന്നു …അത് ദേവൻ പ്രത്യേകം ശ്രദ്ധിച്ചു. അതുകൊണ്ട് മാത്രമാണ് അവൻ എല്ലാം സഹിച്ചുകൊണ്ട് അവിടെ അടങ്ങി ഒതുങ്ങി ഇരുന്നത്….

എന്താ ദക്ഷാ, നിനക്ക് ഒന്നും പറയാനില്ലേ??? ഒന്നും മിണ്ടാതെ തലകുനിച്ച് ലക്ഷ്മി അമ്മയോട് ചേർന്ന് നിൽക്കുന്ന അവളെ നോക്കി  മഹേശ്വരി ദേവി ഒന്നുകൂടി ചോദിച്ചു….

അവൾ മെല്ലെ സംസാരിക്കാൻ തുടങ്ങിയതും കൃതിയുടെ നാവിൽ നിന്ന് വന്ന വാക്കുകൾ കേട്ട് തറഞ്ഞു നിന്നുപോയി..

ആർക്കോ എങ്ങനെയോ ഉണ്ടായി, അനാഥാ എന്ന ലേബലിൽ ഇവിടെ കയറിവന്ന ഇവൾക്ക് എന്ത് യോഗ്യത പറയാനുണ്ടാവും മുത്തശ്ശി??? എന്ത് യോഗ്യതയുണ്ട് ഇവൾക്ക് എൻറെ ദേവേട്ടനെ മോഹിക്കാൻ??? തൻറെ മുത്തശ്ശി തന്നോടൊപ്പം കാണും എന്ന ഉറപ്പിൽ അവൾ  ദക്ഷയെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു….

നാവിന് എല്ലില്ലെന്നു  കരുതി എന്തും പറഞ്ഞാൽ …ചവിട്ടി പിഴുതെടുക്കും ഞാൻ …ദേവൻ എഴുന്നേറ്റുനിന്ന് അലറി …

അവന്റെ ഭാവമാറ്റം കണ്ട് രാജശേഖരൻ ഒഴികെ അവിടെ കൂടിയിരുന്ന എല്ലാവരും ഒന്ന് വിറച്ചു…

ദേവാ….. മഹേശ്വരി ദേവി അല്പം അധികാരത്തോട് കൂടി തന്നെ അവനെ വിളിച്ചു…

അവൾ ചോദിച്ചതിന് ഉത്തരം പറയേണ്ടത് നീ അല്ല, ഇവളാണ്…. എന്താ ദക്ഷ നിൻറെ യോഗ്യതയെ പറ്റി നിനക്കൊന്നും പറയാനില്ലേ..

കൃതിയുടെ അനാഥാ…. എന്ന പദപ്രയോഗവും മുത്തശ്ശി അവളെ അനുകൂലിച്ച് സംസാരിക്കുന്നു എന്ന വിശ്വാസവും ദക്ഷയുടെ നാവിനെ ചലിപ്പിച്ചില്ല… താൻ എന്തെങ്കിലും പഠിപ്പിച്ചു പറഞ്ഞാൽ അത് മഹേശ്വരി ദേവിക്ക് ഒരു അപമാനം അയക്കുമോ എന്ന് അവൾ ഭയപ്പെട്ടു…

ദക്ഷയ്ക്ക് അവളെപ്പറ്റി പറയാൻ കഴിയാത്ത സ്ഥിതിക്ക് ഞാൻ തന്നെ അവളുടെ യോഗ്യതയെ പറ്റി പറയാം എന്താ????

അച്ഛനും അമ്മയും ആരെന്നറിയാതെ ജനിച്ചു… അവർ പറഞ്ഞു തുടങ്ങി..

ഈശ്വരാ മുത്തശ്ശിയും തന്നെ എല്ലാവരുടെയും മുന്നിൽ അനാഥയാക്കി കാട്ടുകയാണല്ലോ…. ദക്ഷയുടെ മനസ്സ് വല്ലാതെ വിങ്ങി…

മഹേശ്വരി ദേവി തുടർന്നു… അനാഥയായി ജനിച്ചുവെങ്കിലും ഒരുപാട് അമ്മമാരുടെ സ്നേഹം അവളുടെ ചുറ്റിലും ഉണ്ടായിരുന്നു… അതുകൊണ്ടാകാം ആ അമ്മമാരുടെ എല്ലാം നന്മ അവളിലും ഉണ്ടായിരുന്നു…. ദൈവത്തിൻറെ കുഞ്ഞായി അവൾ വളർന്നു…

അവരുടെ വാക്കുകൾ കേട്ട് ദക്ഷ അത്ഭുതത്തോടെ മുഖമുയർത്തി മഹേശ്വരി ദേവിയെ നോക്കി…

അവൾക്കൊരു പുഞ്ചിരി നൽകിക്കൊണ്ട് മഹേശ്വരി ദേവി തുടർന്ന് പറഞ്ഞു…
ഒരു ഘട്ടത്തിൽ അവളുടെ സ്വഭാവ മഹിമ കണ്ടു ,ഈ കൊട്ടാരം പോലും അവളെ ദത്തെടുക്കാൻ ഒരുങ്ങിയതാണ് …പക്ഷേ അങ്ങനെ സംഭവിച്ചാൽ താൻ പ്രാണനെപ്പോലെ സ്നേഹിച്ചവനെ മറ്റൊരു രീതിയിൽ കാണേണ്ടിവരും എന്നുള്ളതുകൊണ്ട് അവൾ ആ സൗഭാഗ്യത്തെ നിഷ്കരുണം തള്ളിക്കളഞ്ഞു… പരിമിതമായ സൗകര്യങ്ങളിൽ പഠിച്ചു …. എല്ലാത്തിലും ഒന്നാമതായി…. സ്വന്തം കഴിവുകൊണ്ട് വിദേശത്ത് പോയി പഠിച്ചു….. താൻ കാരണം തൻറെ പ്രിയപ്പെട്ടവന് ഒരു അപമാനം ഉണ്ടാകാൻ പാടില്ല എന്ന ഒറ്റക്കാരണത്താൽ സ്വന്തമായി ഒരു സാമ്രാജ്യം തന്നെ അവൾ പടുത്തുയർത്തി…. ഇത്രയും യോഗ്യത പോരെ എന്റെ ദേവന് ഇവളെ കൊടുക്കാൻ…. ദക്ഷയുടെ നേരെ കൈകൾ വിരിച്ചു കാട്ടിക്കൊണ്ട് മഹേശ്വരി ദേവി പറഞ്ഞു.. ദക്ഷ ഒരു പൊട്ടിക്കരച്ചലോടെ മഹേശ്വരി ദേവിയുടെ നെഞ്ചിലേക്ക് അമർന്നു….

കൃതിക്കും റോഹനും, അവൻറെ ഒപ്പമുള്ളവർക്കും തങ്ങളുടെ പ്രതീക്ഷകൾക്കു മീതെ ചാരംമൂടുന്നത് നോക്കിനിൽക്കാനെ കഴിഞ്ഞുള്ളൂ…

ദക്ഷയെ ചേർത്തുപിടിച്ചിരുന്ന മഹേശ്വരി ദേവിയുടെ കണ്ണുകൾ ലക്ഷ്മിയുടെ നേരെ പോയി…. താൻ ഇതുവരെ അവളെയൊന്നു ചേർത്തു പിടിച്ചിട്ട് കൂടിയില്ല….. അവളുടെ നന്മ തിരിച്ചറിയാൻ തനിക്ക് സാധിച്ചിരുന്നില്ല… ദക്ഷയെ ചുറ്റിപ്പിടിച്ചിരുന്ന ഒരു കൈ അയച്ചു അവർ ലക്ഷ്മിയെ തന്റെ അരികിലേക്ക് ക്ഷണിച്ചു…. ലക്ഷ്മി അമ്മ ഒരു അത്ഭുതത്തോടെയാണ് അതിനെ കണ്ടത്… തന്റെ ഉള്ളിൽ നിന്നൊരു വിങ്ങൽ തൊണ്ട കുഴിയിൽ എത്തിനിൽക്കുന്നതുപോലെ അവർക്ക് തോന്നി… അവർ അടിവെച്ചടി വെച്ച് മഹേശ്വരി ദേവിയുടെ സമീപം എത്തി…

ഒരുപാട് വൈകിപ്പോയെന്ന് അറിയാം…. പറ്റുമെങ്കിൽ ഈ അമ്മയോട് ക്ഷമിക്കണം… തന്റെ മുന്നിൽ അധികാരത്തോടെയും അഹങ്കാരത്തോടെയും സംസാരിക്കുന്ന മഹേശ്വരി ദേവിയെ അല്ല അവൾ അവിടെ കണ്ടത്.. തികച്ചും സാധുവായ ഒരു അമ്മയെയാണ്.. കണ്ണുനിറച്ച് തന്നെ നോക്കുന്ന ലക്ഷ്മിയെയും മഹേശ്വരി ദേവി തന്നോട് ചേർത്തുപിടിച്ചു…. ഇനിയെന്നും കൂടെ കാണും എന്ന് പറയാതെ പറയുന്നതുപോലെ… അത് കണ്ട് രാജശേഖരനും ദേവനും ദേവരാജന്റെ അനിയൻറെ കുടുംബത്തിലുള്ളവർക്കും എല്ലാം വളരെ സന്തോഷമായി… അവരെല്ലാം പുഞ്ചിരിയോടെ ആ മൂന്നു പേരെ തന്നെ നോക്കി നിന്നു…

ഈ പ്രഹസനങ്ങൾ കഴിഞ്ഞെങ്കിൽ ഞങ്ങൾ പൊക്കോട്ടെ????? മഹേന്ദ്രന്റെ ദേഷ്യം നിറഞ്ഞ ശബ്ദമാണ് പരസ്പരം പുണർന്നു ആ മൂന്നു പേരെയും ഉണർത്തിയത്….

ഇങ്ങനെയൊക്കെ പറയാനായിരുന്നുവെങ്കിൽ എന്തിനാണ് അപ്പച്ചി ഈ കുട്ടികൾക്ക് ആശ കൊടുത്തത്…. അയാൾ തൻറെ മകളെയും രോഹനെയും നോക്കിക്കൊണ്ട് പറഞ്ഞു…. എന്തായാലും ഞങ്ങൾക്കെല്ലാം തൃപ്തിയായി ഞങ്ങൾ ഇന്ന് തന്നെ ഇവിടെ നിന്ന് പോവുകയാണ്….

നിങ്ങൾ പോയാൽ …പിന്നെ ഞാൻ ആരോടൊപ്പമാണ് അങ്ങോട്ടേക്ക് വരിക… മഹേശ്വരി ദേവി ചോദിച്ചു

അമ്മയ്ക്ക് ഇവിടെ നിന്നൂടെ ഞങ്ങളോടൊപ്പം …ലക്ഷ്മി മഹേശ്വരി ദേവിയുടെ കൈകളിൽ പിടിച്ചുകൊണ്ട് ആരുമയോടെ ചോദിച്ചു…

ലക്ഷ്മിയുടെ ചോദ്യം മഹേന്ദ്രന്റെ നെഞ്ചിൽ വെള്ളടി പായിച്ചു… ഇവർ ഇവിടെ നിന്നാൽ നിങ്ങളുടെ പ്ലാനുകൾ എല്ലാം തകരും…. ഇവരിൽ നിന്നും തങ്ങൾക്ക് ലഭിക്കാൻ ഇനിയും ഏറെയുണ്ട്…. അതെല്ലാം വാങ്ങിയെടുക്കണം എങ്കിൽ ഇവർ തങ്ങളോടൊപ്പം ഉണ്ടാവണം… മഹേന്ദ്രന്റെ ഉള്ളിലെ കുറുക്കൻ ഉണർന്നു…

അപ്പച്ചി പറഞ്ഞതുകൊണ്ട് ഞങ്ങൾ ഇവിടെ നിൽക്കാം …അപ്പച്ചി പറഞ്ഞതുകൊണ്ട് മാത്രം.. പോകുമ്പോൾ നമുക്ക് ഒരുമിച്ച് പോവുകയും ചെയ്യാം… അതുമാത്രമല്ല കിരണിനും ഇപ്പോൾ യാത്രയയൊന്നും ചെയ്യാൻ പറ്റില്ലല്ലോ….
അയാൾ മറ്റുള്ളവരെയും കൂട്ടി തങ്ങളുടെ റൂമിലേക്ക് പോയി…

അമ്മ അവരോടൊപ്പം പോകാൻ തന്നെയാണോ തീരുമാനം ????ലക്ഷ്മി അമ്മ അല്പം വിഷമത്തോടെ ചോദിച്ചു…

അതൊക്കെ ഇവരുടെ വിവാഹം കഴിഞ്ഞിട്ടുള്ള കാര്യമല്ലേ…. അത് അപ്പോൾ നോക്കാം… ഒരു ചിരിയോടെ മഹേശ്വരി ദേവി പറഞ്ഞു….

അങ്ങനെ ദേവദേവന്റെയും രക്ഷിതയുടെയും വിവാഹം തീരുമാനമായി മൂന്ന് ആഴ്ചകൾക്ക് ശേഷം കൊട്ടാരത്തിൽ വച്ച് തന്നെ ആ ചടങ്ങ് നടക്കും… അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പിന്നെ ആഗ്രഹാര തെരുവിൽ ഉള്ളവർക്കും മാത്രമാണ് ക്ഷണം… ബിസിനസ് സർക്കിളിൽ ഉള്ളവർക്കായി ഒരു മാസം കഴിഞ്ഞ് ഹൈദരാബാദിൽ വച്ച് ഒരു വമ്പൻ പാർട്ടിയും നടത്താൻ തീരുമാനമായി…
**********************************
കൃതിയുടെയും റോഹന്റെയും ഫാമിലികൾ തങ്ങളുടെ റൂമിൽ സംസാരത്തിലാണ് …തങ്ങളുടെ ചർച്ചകൾ ഒന്നും പുറത്തു കേൾക്കാതിരിക്കാൻ റൂം അകത്തുനിന്ന് പൂട്ടി…

കൃതി വല്ലാത്ത ദേഷ്യത്തിലാണ്..
ആ തള്ള എന്റെ മുന്നിൽ വച്ച് അവളെ പൊക്കി പറഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ല ഡാഡി….. അവരെ കൊന്നുകളയാനാ എനിക്ക് തോന്നിയത്…. അവൾ അമർഷത്തോടെ പറഞ്ഞു….

മുത്തശ്ശി വിളിച്ചപ്പോൾ ഞാൻ വിചാരിച്ചത് ഞങ്ങളുടെ വിവാഹം നടത്തിത്തരാൻ ആയിരിക്കുമെന്നാണ്. പക്ഷേ എവിടെയോ എന്തോ തിരിമറി നടന്നിട്ടുണ്ട്… റോഹൻ പറഞ്ഞു…

എന്നാലും നമ്മുടെ പ്ലാനുകൾ എല്ലാം തകർന്നല്ലോ മോനെ ??റോഹന്റെ അച്ഛൻ നിരാശയോടെ പറഞ്ഞു..

ഇല്ലച്ചാ… ഞാനൊന്ന് മനസ്സിൽ കണ്ടിട്ടുണ്ടെങ്കിൽ, അത് നേടിയെടുക്കുക തന്നെ ചെയ്യും… ദക്ഷ അവൾ എന്റേതാണ് ഏതു വഴിയിലൂടെയും അവളെ ഞാൻ സ്വന്തമാക്കും.. ഞാൻ നേരത്തെ പറഞ്ഞ പ്ലാൻ പെട്ടെന്ന് തന്നെ നടപ്പിലാക്കേണ്ടിയിരിക്കുന്നു… പറ്റുമെങ്കിൽ നാളെ തന്നെ… നാളെ അവൾ ഒറ്റയ്ക്ക് റൂമിലുള്ളപ്പോൾ ഞാനും അവളോടൊപ്പം കയറും… കൃത്യം ഒരു മണിക്കൂർ അതിനുള്ളിൽ നിങ്ങൾ എല്ലാവരെയും വിളിച്ചുകൂട്ടി റൂമിന് മുന്നിൽ ഉണ്ടാകണം… പിന്നെ നമുക്ക് കാണാം എന്തു നടക്കും എന്ന് ….അവരൊരു പുച്ഛചിരിയോടെ പറഞ്ഞു….

നിന്നോടൊപ്പം ഞാൻ ഉണ്ടാകും…. എനിക്ക് അവളുടെ കണ്ണീർ കാണണം …കൃതി റോഹൻറെ കൈകളിലേക്ക് തന്റെ കൈ ചേർത്തുപിടിച്ച് പറഞ്ഞു….

ബാക്കിയുള്ളവരും അവൻറെ പ്ലാനിനൊപ്പം നീങ്ങണമെന്ന് അവനുറപ്പു കൊടുത്തു….

****************†******************

വിവാഹത്തിന് ക്ഷണിക്കാൻ ഉള്ളവരുടെ എണ്ണം എടുക്കുകയാണ് താഴെ എല്ലാവരും….. അതിൽ രാജശേഖരനും, ലക്ഷ്മിയും മഹേശ്വരി ദേവിയും ദക്ഷയും അഥർവ്വും ശ്രേയയും ആൻഡ്രിയയും ജോണും ദേവനും എല്ലാം ഉണ്ട്… കുഞ്ഞുങ്ങൾ കുരുത്തക്കേടും കാണിച്ചുകൊണ്ട് അവരുടെ ചുറ്റും ഓടിക്കളിക്കുന്നു….

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എണ്ണം എടുത്തപ്പോൾ തന്നെ ആയിരത്തിന് മേലെയായി ഇനി അഗ്രഹാരത്തെരുവിൽ ഉള്ളവരും… മൊത്തത്തിൽ 3000 നു മുകളിൽ ആളുകളെ പ്രതീക്ഷിക്കാം നിങ്ങളുടെ സുഹൃത്തുക്കൾ ഉൾപ്പെടെ.. രാജശേഖരൻ ഏകദേശം കണക്കെടുത്തുകൊണ്ട് പറഞ്ഞു…

ദേവരുദ്രയെയും  സൂര്യനെയും ഉടനെ വിളിച്ചു വരുത്തണം ….പിന്നെ വൈദേഹിയെയും… ലക്ഷ്മി അമ്മ പെട്ടെന്ന് പറഞ്ഞു..

വൈദേഹിയോ??? മഹേശ്വരി ദേവി ഒരു സംശയത്തോടെ ലക്ഷ്മിയെ നോക്കി..

എൻറെ കൂട്ടുകാരിയുടെ മകളാണമ്മേ… കുറെ നാൾ ഇവിടെ എന്നോടൊപ്പം ഉണ്ടായിരുന്നു ….നല്ല മോളാ… ഇവർക്കൊക്കെ അവളെ ജീവനാണ്… രുദ്രയ്ക്കും….. ലക്ഷ്മി ഒരു പുഞ്ചിരിയോടെ പറഞ്ഞു…

എല്ലാവരെയും വിളിക്കാം പിന്നെ അമ്മക്ക് ഒരു സർപ്രൈസും ഉണ്ടാവും.. ദേവൻ തെല്ലു കുറുമ്പോടെ പറഞ്ഞു…

ഒന്ന് പോടാ ചെക്കാ… ലക്ഷ്മി മെല്ലെ അവൻറെ താടിയിൽ തട്ടിക്കൊണ്ടു കളിയായി പറഞ്ഞു… അവൻ പറഞ്ഞതും അവൾ ഒരു കളിയായെ എടുത്തുളൂ…
************************************

എടാ പെട്ടെന്ന് അങ്ങോട്ടേക്ക് വരുക എന്ന് പറഞ്ഞാൽ ….ഇവിടെ കുറെ എൻഗേജ്മെന്റ്സ് ഉള്ളതാണ്…

നിന്നോട് കാലാകാലം ഇവിടെ വന്നു നിൽക്കാൻ അല്ല പറഞ്ഞത്…… എൻറെ വിവാഹമാണ്… അത് കാണാൻ നീയും ലച്ചുവും ഉണ്ടാവണം എന്ന് തോന്നി… എൻറെ അമ്മയുടെ ബന്ധു എന്നു പറഞ്ഞു എനിക്ക് വിളിക്കാൻ നീ മാത്രമല്ലേ ഉള്ളടാ…

എടാ അതു മാത്രമല്ല പ്രശ്നം ലച്ചുവിന് എക്സാമാണ്… അവൾ അവളുടെ ഫ്രണ്ട്സുമായി ഹോസ്റ്റലിലാണ് ,കമ്പൈൻ സ്റ്റഡി… എക്സാം അടുക്കുമ്പോൾ പതിവുള്ളതാണ്… അപ്പോൾ ഞാൻ എങ്ങനെയാണ്…… അവൻ അർത്ഥശങ്കയിൽ നിർത്തി…

ഓക്കേ ….എന്തായാലും അവൾ ഹോസ്റ്റലിൽ അല്ലേ ???അവൾ എക്സാം എഴുതട്ടെ ….അപ്പോൾ നീ ഫ്രീ ആണല്ലോ… സൂര്യനും വൈദേഹിക്കും ടിക്കറ്റ് ബുക്ക് ചെയ്യാൻ പോവുകയാണ് …കൂടെ നിനക്കും ഞാൻ ബുക്ക് ചെയ്യും… മൂന്നും കൂടി ഒരുമിച്ച് ഇങ്ങോട്ടേക്ക് കയറി പോരെ…

എടാ അത്…. കർണ്ണൻ എന്തോ ബുദ്ധിമുട്ടു പോലെ പറഞ്ഞു..

ഒരു അതും ഇല്ല …..ഞാൻ ടിക്കറ്റ് അയക്കുന്നു …നീ കയറി വരുന്നു ഇല്ലെങ്കിൽ ഞാൻ അവിടെ വന്ന് നിന്നെ പൊക്കും…. ദേവൻ അവസാനം ഭീഷണിയുടെ സ്വരം എടുത്തു..

എടാ ഞാൻ ഉറപ്പു പറയുന്നില്ല…. എന്നെക്കൊണ്ട് ആവുന്ന പോലെ ശ്രമിക്കാം…. കർണ്ണൻ അവിടെയും ഇവിടെയും തൊടാതെ പറഞ്ഞു..

മൈ#₹ പൂ##₹₹&@@** തെ***** പട്ടി *#₹*@@₹ മോനെ. മര്യാദയ്ക്ക് വന്നോണം….. ദേവൻറെ നാവിൽ  വികടസരസ്വതി വിളയാടിത്തുടങ്ങി…

ഫ്ലൈറ്റ് എന്നാ… എത്ര മണിക്ക്…. നീ റിസീവ് ചെയ്യാൻ എയർപോർട്ടിൽ ഉണ്ടാകുമല്ലോ അല്ലേ????? ഞാൻ വന്നേക്കാടാ …ശരി …കർണ്ണൻ പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്ത് ചെറുവിരൽ ചെവിയിലിട്ട് കുലുക്കി കൊണ്ട് തലയൊന്ന് കുടഞ്ഞു…. ഇവൻ പോകുന്ന വഴി കൊടുങ്ങല്ലൂർ പോയാരുന്നോ….ഹൊ എമ്മാതിരി തെറി….
**********************************