കുളി കഴിഞ്ഞ് വീട്ടിൽ എത്തി. കുട്ടികളെ ചിറ്റയുടെ കൈയിൽ ഏൽപ്പിച്ചു അഞ്ജുവും ഞാനും ഒരുങ്ങാനായി മുകളിലെത്തി. വീട്ടിൽ നിന്നു കൊണ്ടുവന്ന ഒരു സെറ്റ് എടുത്തു ഉടുത്തു പൊട്ടും കുത്തി മുടിയും ഒതുക്കി ഞാൻ ഒരുങ്ങി. അഞ്ജുവിന്റെ ഒരുക്കം തീരാൻ പിന്നേം കുറെ കാത്തിരിക്കേണ്ടി വന്നു. അൽപ്പം കഴിഞ്ഞപ്പോൾ ഒരുക്കം തീർത്ത കുട്ടികൾ രണ്ടും പുറത്ത് ചാടി ഓടി വന്നു.
” അഞ്ജു… മതീടി ഒരുങ്ങിത് പെണ്ണെ… ഇല്ലേ ഭഗവതിക്ക് കുശുമ്പാകും കേട്ടോ… ”
ഞാൻ ക്ഷമകെട്ട് വിളിച്ചു പറഞ്ഞു.
എന്റെ വഴക്കും പുകഴ്ത്തലും ചേർന്ന ആ സംഭവം ഏറ്റു. അവള് വേഗം തന്നെ ഒരുക്കം മതിയാക്കി എത്തി. ഞങ്ങൾ എല്ലാരും കൂടി കാവിലേക്ക് ഇറങ്ങി. മേഘക്കാവിലേക്ക്…
പടിപ്പുര കടന്നു ഞങ്ങൾ നടന്നു. കുട്ടികൾ ആണ് മുൻപിൽ പോണത്. അവർ ചെറുപ്പത്തിലേ എന്നെ അനുസ്മരിപ്പിച്ചു. അഞ്ജിതയും ചിറ്റയും എന്തൊക്കെയോ സംസാരിച്ച് മുന്നോട്ട് നടന്നു. ഞാൻ വീണ്ടും എന്നിലേക്ക് തിരിഞ്ഞു.
ഇരുവശവും നിന്നു മരങ്ങൾ ഞങ്ങളെ നോക്കുന്നു. കാവിലേക്ക് ഒരു ചെറിയ വഴി മാത്രമാണ് ഉള്ളത്. മഞ്ഞൊന്ന് വലിഞ്ഞു തുടങ്ങിയിട്ട് ഉണ്ട്. സൂര്യന്റെ വരവ് വരെയേ അല്ലെങ്കിലും അവയ്ക്ക് ആയുസ്സുള്ളല്ലോ. സൂര്യന്റെ നാവുകൾക്ക് ഒന്ന് നനക്കാനേ ഉള്ളു അവ.
നടന്നു അൽപ്പം കൂടി ആയപ്പോ അതാ വീണ്ടും മഞ്ഞിനു അൽപ്പം കട്ടികൂടുതൽ. ഒരുപാട് ഇല്ല. എങ്കിലും ഇതുവരെ കടന്നു വന്ന പാതയിലേത് പോലെ അല്ല.
” ആഹ്, ദേവീ… നീ ഈ വഴിയൊക്കെ ഓർക്കണുണ്ടോ? ഇനി അൽപ്പം കൂടി ഉള്ളു കാവെത്താൻ. ഹ… ഓടല്ലേ കുട്ട്യോളെ…”
ആരതി ചിറ്റ നടക്കുന്നതിനിടയിൽ പിന്നെ തിരിഞ്ഞ് എന്നോട് പറഞ്ഞു.
ഓ… അപ്പൊ വെറുതെ അല്ല മഞ്ഞിനു കട്ടികൂടിയത്. മേഘകാവിലെ മരങ്ങൾ മഞ്ഞിനെ കെട്ടിയിടുന്നതാണ്. മുത്തശ്ശികഥപോലെ തന്നെ. എങ്ങോട്ടാണാവോ എന്റെ ഓർമ്മകൾ ഒക്കെ പോയോളിച്ചത്. ഈ വഴി ഒന്നും എനിക്ക് ഓർമയെ ഇല്ല. ചെറുപ്പത്തിൽ വന്നിട്ട് ഉണ്ടെങ്കിലും മേഘക്കാവിന്റെ ഒരു നിഴൽ ചിത്രം പോലും ഇപ്പോൾ മനസ്സിൽ ഇല്ല. ആ അങ്ങോട്ട് തന്നെ ആണല്ലോ പോക്ക്. നോക്കാം…
വൈകാതെ കാവെത്തി… മഞ്ഞ് മേഘങ്ങൾ തീർത്ത മതിൽ കെട്ടിനുള്ളിൽ അവ്യക്തമായി ജ്വലിക്കുന്ന ദീപങ്ങളെ ഇപ്പോൾ കാണാം. ആ മേഘങ്ങൾക്കുളിലേക്ക് അമ്മുവും ആദുവും ഓടുകയാണ്. അവർ ഓടി കയറിയപ്പോൾ കൂടെ കയറിയ കാറ്റ് മഞ്ഞിനെ രണ്ടു ചുഴിപോൽ വകഞ്ഞു മാറ്റി. മേഘക്കാവിന്റെ താഴിടാത്ത മഞ്ഞ് കവാടം തുറന്ന് ഞങ്ങൾ അകത്തുകയറി.
കടുത്ത തണുപ്പ് പ്രതീക്ഷിച്ച എനിക്ക് അനുഭവപ്പെട്ടത് സുഖമുള്ള നനുത്ത ഒരു തണുപ്പ് മാത്രം. പഴയ പാറക്കല്ലിൽ തീർത്ത ചെറിയ ഒരു ശ്രീകോവിൽ. അതിനു ചുറ്റും, ഉള്ളിലും വിളങ്ങുന്ന ദീപങ്ങൾ. അതുവരെ പിള്ളകളിച്ചു നടന്ന അമ്മുവും ആദുവും ശ്രീകോവിലിനു മുന്നിൽ ഭക്തിയോടെ തൊഴുതു നിൽക്കുന്നു. ഞാനും അങ്ങോട്ട് ചെന്നു.
അകത്തു നിന്നു പൂജാരിയുടെ മന്ത്രോച്ചാരണങ്ങൾ കേൾക്കാം. ശ്രീകോവിലിനുള്ളിൽ ഫണം വിടർത്തിയ നാഗത്തിന്റെ ആകൃതിയിൽ അഹല്യകയുടെ കൽവിഗ്രഹം. ഉള്ളിലെ വിളക്കുകളുടെ നേർത്ത പ്രഭയിൽ പോലും ആ മുഖത്തൊരു തേജ്ജസ്സ് ദൃശ്യമായിരുന്നു. ഞാൻ മിഴികളടച്ചു തൊഴുതു. വലം വെക്കുവാൻ ആരംഭിച്ചപ്പോൾ എന്റെ ശ്രദ്ധ ചുറ്റിനും ഉള്ള വനത്തിലേക്ക് വീണ്ടും തിരിഞ്ഞു. വൻ മരങ്ങൾ ഒന്നും ചുറ്റിനും ഇല്ല. കൂടുതലും വള്ളിപ്പടർപ്പുകളും ചെറിയ മരങ്ങളും ചെടികളും ആണ്.
മഞ്ഞിന്റെ കാഠിന്യത്തിനും നേരിയ കുറവുണ്ട്. വലം വയ്പ്പ് പൂർത്തിയാക്കി ഞങ്ങൾ വീണ്ടും അഹല്യകയുടെ തിരുമുൻപിൽ എത്തി. ശാന്തി ചന്ദനം എല്ലാർക്കും പകർന്നു. അതുവാങ്ങി നെറ്റിയിൽ എഴുതാൻ തുണിഞ്ഞപ്പോൾ ആണ് ചന്ദനം ഉണങ്ങിപ്പോയെന്നു അറിയുന്നത്. ഞാൻ അഞ്ജുവിനെ നോക്കി. അവൾ ഒന്ന് ചിരിച്ചിട്ട് എന്നോട് പറഞ്ഞു.
” വാ…”
♥️♥️♥️♥️♥️♥️♥️
?
Super writhing
Keep it up
താങ്ക്സ് ?
നന്നായിട്ടുണ്ട് ??????
Thankyou?