മെത്തയുടെ പിടുത്തം അങ്ങനെ മുറുകി വന്നപ്പോഴാ ഞാൻ കിടന്നു കുലുങ്ങാൻ തുടങ്ങിയത്. അങ്ങനെ എന്നെ ഉറക്കത്തിന്റെ പിടിയിൽ നിന്ന് പറിച്ചു മാറ്റാൻ വന്നതാരെന്നറിയാൻ ഞാൻ പാതി മിഴി തുറന്നു. ആളെ കണ്ടതും എന്റെ ഉറക്കം ഒരൽപ്പം പിടിവിട്ടു.
” ദേവീ… എടി… എന്തൊരുറക്കാ ഇത്… എണീക്കെടി ഒന്ന്…”
എണീക്കാൻ തലച്ചോറ് പറഞ്ഞെങ്കിലും മനസ് കേട്ടില്ല. ഞാൻ ഉറക്കച്ചടവോടെ പറഞ്ഞു.
“എടി അഞ്ജു, സ്കൂൾ ഉള്ളപ്പോ എന്താണേലും എണീക്കാതെ രക്ഷയില്ല. ഇപ്പോഴെങ്കിലും ഒന്നുറങ്ങട്ടെ… ”
ഞാൻ വീണ്ടും ഒന്ന് ചുരുണ്ടു. പക്ഷെ അവൾ വിടുന്ന ഭാവമില്ല.
” അങ്ങനിപ്പോ കുംഭകർണ സേവ നടത്തണ്ട നിയ്യ്. അതുകൊള്ളാം, അവധി ഉറങ്ങി തീർക്കാനാ നീ കയിലക്കാട്ടേക്ക് വന്നത്? ”
തണുപ്പിനെ തടഞ്ഞിരുന്ന എന്റെ പടച്ചട്ട വലിച്ചു മാറ്റികൊണ്ട് അവൾ പറഞ്ഞു.
” എണീക്ക് കൊച്ചെ, ഇന്ന് ആയില്ല്യല്ലേ. അഹല്യകേടെ ഏറ്റവും പ്രധാന ദിവസ ഇന്ന്. കാവിൽ പോകണ്ടേ? ”
എന്റെ പ്രതിരോധമെല്ലാം തകർന്നു. ഉറക്കവും എവിടെയോ ഒളിച്ചു. അമ്മയെക്കാളും അതിനു പേടി ഇവളെ ആണെന്ന് തോന്നുന്നു. ഒളിച്ചത് ഒക്കെ കൊള്ളാം രാത്രി തലപൊക്കി ഒന്ന് നോക്കുവെങ്കിലും ചെയ്ത മതിയാരുന്നു.
എന്നെ കുത്തി പൊക്കിട്ട് അഞ്ജു അടുക്കളയിലേക്ക് തിരിച്ചു. ഞാൻ പതിയെ താഴേക്കുള്ള പടവുകൾ ഇറങ്ങി.
ആരതി ചിറ്റയും കുട്ടികളും എത്തീട്ടുണ്ട്. എല്ലാത്തിനേം രാവിലെ തന്നെ അമ്പലത്തിൽ പോകാൻ പൊക്കി എണീപ്പിച്ചെന്ന് തോന്നുന്നു. ഓടി നടക്കുന്നുണ്ട്.
ഞാൻ നേരെ അടുക്കളയുടെ പിൻവശത്ത് എത്തി. അവിടെ ഓടിന്റെ കീഴെ ഉള്ള പട്ടികയിൽ ഉമിക്കരി ഇട്ട ഒരു പാത്രം തൂക്കിയിരിക്കുന്നു. ഞാൻ അതിൽ നിന്നും ഒരു നുള്ള് എടുത്തു പുറത്തേക്ക് ഇറങ്ങി. മനയുടെ ചുറ്റും പടിക്കെട്ട് ഉണ്ട്. അതിനപ്പുറം കാടുതന്നെ ആണ്. രാവിലെ ആയത്കൊണ്ട് ചെറിയ മഞ്ഞുണ്ട്. രാവിലെ തന്നെ ചീവീടുകളും കിളികളും കാട്ടിലെ പാട്ടുമത്സരം തുടങ്ങിട്ട് ഉണ്ട്. രണ്ടുകൂട്ടരും വിട്ടുകൊടുക്കുന്നില്ല. ജയിച്ചാൽ എന്താണാവോ സമ്മാനം.
മനയുടെ പിൻവശത്തെ പടിപ്പുര, അതായത് തെക്കേ പടിപ്പുര തുറന്ന് കിടക്കുകയാണ്. ഞാൻ അതുവഴി പതിയെ പുറത്തേക്ക് തലയിട്ടപ്പോഴേ പിൻവിളി വന്നു.
” ദേവമ്മായി… വേണ്ടാട്ടോ… അമ്മ പറഞ്ഞു അതുവഴി ഒന്നും പോവണ്ടന്ന്. കാട്ടിലെ ബ്രഹ്മരക്ഷസും യക്ഷിയും ഒക്കെ ഉള്ളതാ… ”
അമ്മു ആണ്… അമൃത. ആരതി ചിറ്റയുടെ മൂത്തമോൾ. ഒരു പതിമൂന്നു വയസ്സുകാണും അവൾക്ക്. എന്റെ സാഹസത്തിനുള്ള പുറപ്പാട് കണ്ട് സ്വൽപ്പം ഭയത്തോടെയും അൽപ്പം അത്ഭുതത്തോടെയും എന്നെ നോക്കി നിൽപ്പാണ്. തൊട്ടടുത്തു ആർദ്രയും ഉണ്ട്. അവളുടെ അനിയത്തി. ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു.
” ഓ, അതിനെന്താ. അവരെയൊക്കെ ഞാൻ ചെറുപ്പം മുതൽ അറിയുന്നതല്ലേ. ന്നെ ഒന്നും ചെയ്യില്ല. ”
ഉമിക്കരി കലർന്ന ഉമ്മിനീര് തുപ്പിയിട്ട് ഞാൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
“അമ്മു വരുന്നോ കൂടെ? ”
♥️♥️♥️♥️♥️♥️♥️
?
Super writhing
Keep it up
താങ്ക്സ് ?
നന്നായിട്ടുണ്ട് ??????
Thankyou?