തൊഴിലുറപ്പിച്ച ബംബര്‍ [സുരേഷ് നീറാട്‌] 67

അങ്ങനെ സെപ്റ്റംബര്‍ 21 വന്നെത്തി. രണ്ടുമണി കഴിഞ്ഞപ്പോള്‍ വാട്‌സാപ്പില്‍ നമ്പരുകള്‍ തെളിഞ്ഞുവന്നു. TE230662. തൊഴിലുറപ്പിലായതുകൊണ്ട് വേണ്ടപോലെ കൈകാര്യം ചെയ്യാനായില്ല. TE 230478 എന്ന നമ്പര്‍ കാണാതെ പഠിച്ചിരുന്നു. 25 കോടി തനിക്കല്ലെന്ന് മനസ്സിലായി. നിരാശയായിപ്പോയി. ഹെന്തെല്ലാം സ്വപ്‌നങ്ങള്‍. എങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ട്. ആദ്യമൂന്നക്കം ഓക്കെയായി. ഭാഗ്യം അടുത്തെത്തിയിട്ടുണ്ട്. 20 പേര്‍ക്ക് ഒരു കോടി രൂപാവീതമുണ്ടല്ലോ. ഇനി വീട്ടില്‍ ചെന്നിട്ട് നോക്കാം. പിന്നെ എടുത്ത പണിയെല്ലാം യാന്ത്രികമായിരുന്നു. ആ 20 ലുണ്ടാവും. ഏതാണ്ട് 50 ലക്ഷം കയ്യില്‍കിട്ടുമല്ലോ. ബംബറടിക്കുമ്പോള്‍ ചെയ്യാന്‍ കരുതിയ പലതും വെട്ടിക്കുറയ്ക്കണം. 20 ലക്ഷം ബാങ്കില്‍ ഫിക്‌സഡ് നിര്‍ബന്ധം. ബാക്കികൊണ്ട് എല്ലാ കാര്യങ്ങളും നടക്കണം. വലിയ സംഖ്യ ലോട്ടറിയടിച്ചശേഷം ഗതിയില്ലാതായവരുടെ കഥകള്‍ കേട്ടിട്ടുണ്ട്. എന്റെ കാര്യത്തില്‍ അതൊരിക്കലും സംഭവിക്കില്ല. അത് ഞാന്‍ എനിക്കുതന്നെ കൊടുത്ത വാക്കാണ്. മണി മാനേജ്‌മെന്റ് പഠിച്ചിട്ടൊന്നുമില്ല. എന്നാല്‍, ദാരിദ്ര്യത്തിന്റെ ആഴത്തില്‍നിന്ന് പണത്തെ കണ്ടൊരു കാഴ്ചയുണ്ട്. കൂറ്റാക്കൂരിരുട്ടില്‍ വെളിച്ചം കിട്ടിയപോലെ. പണമില്ലാത്തതിനാല്‍ നഷ്ടപ്പെട്ട പലതുമുണ്ട്. അതൊന്നും ആരോടും നിരത്താനില്ല. അനുഭവിച്ച കാലം ജീവിതത്തിന്റെ നഷ്ടമാണ്. ഇനിയിപ്പോള്‍ കിട്ടുന്ന പണംകൊണ്ട് തിരികെ കിട്ടാത്തത്.
‘നീ നാളെ വരില്ലേ?’
പതിവില്ലാതെ തങ്കത്തിന്റെ ചോദ്യം. 50 ലക്ഷം ലോട്ടറിയടിച്ചാല്‍ പിന്നെ, ഞാന്‍ തൊഴിലുറപ്പിന് വരുമോ?
‘ഇന്നലെ ഞാന്‍ ഓളോട് ചോയ്ച്ചു, ഇന്ന് വരൂല്ലേന്ന്. ഓളൊന്നും മുണ്ടീല. അപ്പത്തന്നെ അറഞ്ഞീനൂന്നാ ഇന്‍ക്കി തോന്നണത്’ എന്ന് നാളെ തങ്കം പറയുന്നത് ഞാന്‍ മനസില്‍ കണ്ടു. പിന്നെ കുറെ കുശുമ്പും കുന്നായ്മകളും. എന്തായാലും, അവര്‍ക്കെല്ലാം ഒരുദിവസം ഒന്നാന്തരം സദ്യ കൊടുക്കണം. ഗോവിന്ദന്‍നായരുടെ ഷഷ്ടിപൂര്‍ത്തിക്ക് തന്നതിനേക്കാള്‍ മുന്നില്‍ നില്‍ക്കണം.
പിറ്റേന്ന് രാവിലെ സാരിയും കേറ്റിക്കുത്തി പണിക്കിറങ്ങുമ്പോള്‍ നാരാണേട്ടന്‍ പറഞ്ഞു-‘ഈ ലോട്ടറീടെ പൈസൊന്നും നല്ലതല്ല. എത്രയോ പാവങ്ങള്, ഇല്യാത്ത പൈസിംകൊണ്ടല്ലേ ടിക്കറ്റെട്ക്കണത്. ആ ശാപൊക്കെകൂടി മ്മളെ മേല്‍ക്ക് വരും’.
അല്ലേലും അദ്ധ്വാനിച്ച് കിട്ടുന്ന കാശിന്റെ സുഖം, വെറുതെ കിട്ടുന്നതിനുണ്ടാവില്ലല്ലോ. മഴ നനഞ്ഞ കൊട്ടയില്‍നിന്ന് ചെളിമണ്ണ് മുഖത്തിലൂടെ താഴേക്ക് ഒലിച്ചിറങ്ങി. കഷ്ടപ്പാടും നിരാശയും സങ്കടവും ചേര്‍ന്ന ഉപ്പുരസം ആരുംകാണാതെ മണ്ണില്‍ ചേര്‍ന്നു.

Updated: October 18, 2023 — 10:11 pm

1 Comment

  1. ❤❤❤❤❤❤

Comments are closed.