താര അയാള്‍ പറഞ്ഞത് കേട്ടു ഒന്നമ്പരന്നു..പിന്നെ ആ ഡ്രോവര്‍ മെല്ലെ തുറന്നു.
മുടിയില്ലാത്ത മെറൂണ്‍ നിറമുള്ള ആ പെണ്‍പാവ അവളെ നോക്കികിടക്കുകയായിരുന്നു.അവള്‍ വരുന്നത് കാത്തു കിടന്നത് പോലെ.കിളിവാതിലിലൂടെ വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്ന് ഒരു മഞ്ഞുകാറ്റ് അവളെ മൂടി.
“ഇതിനു ചുവന്ന മുടിയല്ലായിരുന്നോ ?”അവള്‍ മുറിഞ്ഞ വാക്കുകളില്‍ ചോദിച്ചു.
“അതേ..”അയാളുടെ അവിശ്വസനീയത നിറഞ്ഞ സ്വരം.
എന്ത് കൊണ്ടാണ് തനിക്ക് ഈ സ്വരം തിരിച്ചറിയാന്‍ കഴിയാതെ പോയത്.?അവളുടെ കണ്ണ് നിറഞ്ഞു.
“നിങ്ങള്‍..നിങ്ങള്‍ അല്ലെ ഇവളുടെ മുടി വലിച്ചു കീറിയത് ?”അവള്‍ ചോദിച്ചു.
“അതെ..”ഒരുനിമിഷം അയാളുടെ കണ്ണുകള്‍ തിരിച്ചറിവിന്റെ അമ്പരപ്പില്‍ തിളങ്ങി.പിന്നെ പരാജയത്തിന്റെ ,തകര്‍ച്ചയുടെ ഇരുളിമ കൈക്കൊണ്ടു.ആ ആഘാതം താങ്ങാനാവാതെ അയാള്‍ നെഞ്ചില്‍ കൈവച്ച് കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞുവീഴുന്നത് അവള്‍ നിര്‍വികാരതയോടെ നോക്കിനിന്നു.
അയാള്‍ ഒരു ചത്ത പാവയെ പോലെ കിടന്നു.
ഇത്രനാളും അവള്‍ തിരഞ്ഞ മെറൂണ്‍നിറമുള്ള പാവയുമായി ആ കാര്‍ മഴയിൽ മുങ്ങിനിന്ന താഴ്വരകൾക്കിടയിലെ വളഞ്ഞുപുളഞ്ഞ പാതയിലൂടെ സാവധാനം നീങ്ങി. പിന്നെ ഒരു പൊട്ടുപോലെ അത് കുന്നുകള്‍ക്കിടയില്‍ മറഞ്ഞു.