അത് പോലെ മനോഹരമായ ഒരു സ്ഥലം അവള്‍ ആദ്യം കാണുകയായിരുന്നു.ഒരിഞ്ചു വിടാതെ എല്ലായിടത്തും കൃഷി ചെയ്തിരിക്കുന്നു.
മലകളുടെയും താഴ്വരകളുടെയും ഇടയില്‍ ഇരുപത്തിയഞ്ച് ഏക്കര്‍ സ്ഥലം.അതിനു നടുവില്‍ ഇളം ചുവപ്പ് പെയിന്റടിച്ച ഒരു കെട്ടിടം.അവിടേക്ക് കരിങ്കല്ല് പാകിയ റോഡ്.അതിന്റെ ഇരുവശങ്ങളും വളര്‍ന്നു നില്‍ക്കുന്ന മാങ്കോസ്റ്റിന്‍ മരങ്ങള്‍.കുറച്ചുമാറി തേയില.പിന്നെ പലതരം പച്ചക്കറികള്‍.അതിഥികള്‍ക്ക് താമസിക്കാന്‍ പര്‍ണ്ണശാലകള്‍ പോലെ തടികൊണ്ട് ഉണ്ടാക്കിയ കൊച്ചു ക്യാബിനുകള്‍.അവിടേക്ക് ചെറിയ ചെറിയ നടപ്പാതകള്‍.പശുവിനും ആടിനും മേയാന്‍ ഏക്കറുകള്‍ പരന്നുകിടക്കുന്ന പുല്‍മേടുകള്‍.
“എന്ത് രസമാ ഇവിടെ..അങ്കിള്‍ ഇവിടെ നന്നായി വര്‍ക്ക് ചെയ്യുന്നുണ്ട് അല്ലെ..ബ്യൂട്ടിഫുള്‍..”
“വേറെ പണിയൊന്നുമില്ലല്ലോ..വയസ്സായില്ലേ..ഇനി സമയം പോകണ്ടേ..”അയാളുടെ മറുപടിയില്‍ വിഷാദത്തിന്റെ നേരിയ നിഴലുകള്‍ .ഐസക്കിന്റെ ഫാമിലിയെക്കുറിച്ച് മാത്രം അവര്‍ കാര്യമായി സംസാരിച്ചിട്ടില്ല.അയാള്‍ ഈ ഫാം ഹൗസില്‍ തനിച്ചു കഴിയുകയാണ്.
അയാള്‍ താരയെ ഫാം കൊണ്ട് നടന്നു കാണിച്ചു.ഉച്ചക്ക് ഭക്ഷണം കഴിച്ചതിനു ശേഷം അവള്‍ ഒന്ന് ഫ്രെഷായി.പോകാന്‍ നേരമായി.
അപ്പോഴാണ് അവള്‍ കണ്ടത് ഫാം ഹൗസിനരികില്‍ ഒരു രണ്ടു വലിയ വൃക്ഷങ്ങള്‍ക്കിടയില്‍ ഒരു ഏറുമാടം.അവിടേക്ക് കയറിപോകുവാന്‍ ഏണിയുമുണ്ട്.
“വൌ..എനിക്കവിടെ ഒന്ന് കയറണം..അങ്കിള്‍ കയറണ്ട..”അവള്‍ പറഞ്ഞു.
“ഹഹ,അതെന്റെ ഒരു പ്രൈവറ്റ് ക്യാബിന്‍ ആണ്.അവിടെ നിന്ന് നോക്കിയാല്‍ ഈ വാഗമണ്‍ കുന്നുകള്‍ മുഴുവന്‍ കാണാം.ഞാനും വരാം..അവിടെ താരക്ക് തരാന്‍ ഒരു ഗിഫ്റ്റ് ഉണ്ട്.”
അവര്‍ ആ ഏണി മെല്ലെ കയറി.അയാളെ അണയ്ക്കുന്നുണ്ടായിരുന്നു.താരക്ക് ചെറിയ ഒരു പരിഭ്രമം തോന്നി.ഐസക്കിന് എന്തെങ്കിലും സംഭവിച്ചാല്‍..ഒരു ചെറിയ അറ്റാക്ക് കഴിഞ്ഞ ആളാണ്.വേണ്ടായിരുന്നു.
ക്യാബിനുള്ളില്‍ ഒരു ചെറിയ അലമാരയും കിടക്കയും ഉണ്ടായിരുന്നു.തടിപലകകള്‍ക്കിടയിലെ ചെറിയ കിളിവാതില്‍ അവള്‍ തുറന്നു.മഞ്ഞുകാറ്റ് അവളുടെ മുടി പാറിപ്പറത്തി.
ദൂരെ ഒരു പെയിന്റിങ്ങില്‍ എന്ന പോലെ മഞ്ഞുമൂടിയ മലനിരകള്‍.കാറ്റില്‍ മെല്ലെമെല്ലെ നിറംമാറുന്ന കുന്നുകള്‍.
“നമ്മള്‍ തമ്മിലുള്ള പരിചയം തുടങ്ങുന്നത് താരയുടെ ആ പ്രൊഫൈല്‍ പിക്ചര്‍ കണ്ടിട്ടാണ്.ഒരു പാവയുടെ പെന്‍സില്‍ ഡ്രോയിംഗ്.”
ഐസക്കിന്റെ ശബ്ദം കേട്ട് അവള്‍ തിരിഞ്ഞു.
അയാള്‍ കട്ടിലില്‍ ഇരിക്കുകയാണ്.
“വര്‍ഷങ്ങളായി എന്റെ കൈവശം അത്തരം ഒരു പാവയുണ്ട്.ഓരോ തവണയും ആ പാവ ദൂരെയെറിയുമ്പോള്‍ എനിക്കൊരോ നഷ്ടങ്ങള്‍ സംഭവിച്ചു.ആദ്യം ഭാര്യ.പിന്നെ മക്കള്‍.എനിക്കാ പാവയെ പേടിയാണ്.ആ പാവ കാണുമ്പോള്‍ സങ്കടമാണ്.ആ അലമാരയുടെ അവസാന ഡ്രോവറില്‍ അതിരിപ്പുണ്ട്.”