“ഓ ,അതിനു പ്രത്യേകിച്ച് കാരണം ഒന്നുമില്ല അങ്കിള്‍..ചുമ്മാ ഒരു ക്രേസ്..”
അയാള്‍ അത് കേട്ട് ചിരിച്ചു.
അങ്ങിനെ പറഞ്ഞുവെങ്കിലും വണ്ടിയിലിരുന്നു ഐസക്ക് ചോദിച്ചതിനെക്കുറിച്ച് താര ആലോചിക്കുകയായിരുന്നു.
എന്താണ് താന്‍ ഈ പാവകളുടെ പുറകെ ഇങ്ങനെ നടക്കുന്നത്?
>>>>>>>>>>>>>>>
അവള്‍ക്ക് ആറു വയസ്സുള്ളപ്പോഴാണ് ആദ്യമായി ഒരു പാവയോട് ഇഷ്ടം തോന്നിയത്.ചുവന്ന മുടിയുള്ള ,ചിരിക്കുന്ന കണ്ണുകള്‍ ഉള്ള മെറൂണ്‍നിറമുള്ള ഒരു കൊച്ചുപെണ്‍പാവ.അതിനെ കയ്യില്‍ കിട്ടിയ ദിവസം മുതല്‍ അവളുടെ ഊണും ഉറക്കവും ആ പാവക്കൊപ്പം ആയിരുന്നു.
അവളുടെ പപ്പക്ക് ജുവലറി ബിസിനസ് ആയിരുന്നു.വീട്ടില്‍ മിക്കവാറും പപ്പയുടെ കൂട്ടുകാര്‍ വരും.മമ്മി അവര്‍ക്കായി വിരുന്നൊരുക്കും.കട്ടി പുരികങ്ങള്‍ ഉള്ള സുന്ദരിയായ തന്റെ മമ്മി.
ഓര്‍മ്മകളിലെ അവ്യക്തമായ ചിത്രങ്ങളില്‍ പപ്പക്ക് നല്ല കട്ടിമീശയുണ്ടായിരുന്നു.തീരാത്ത സ്നേഹവും.
ഒരുനാള്‍ പപ്പയുടെ ബിസിനസ് അവസാനിച്ചു.
പിന്നെ പപ്പയുടെ സ്നേഹം കുറഞ്ഞു.വീട്ടില്‍ പപ്പ താമസിച്ചു വരാന്‍ തുടങ്ങി.
പപ്പയെ ബിസിനസില്‍ കൂട്ടുകാരന്‍ ചതിച്ചു എന്ന് മമ്മിയുടെ കരച്ചിലുകള്‍ക്കിടയില്‍ ചിതറിയ വാക്കുകളില്‍നിന്ന് അവള്‍ക്ക് മനസ്സിലായി.
ആ ദിവസം രാത്രിയില്‍ ,അവള്‍ തന്റെ ചുവന്ന മുടിയുള്ള പാവയെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുകയായിരുന്നു.വിരലുകള്‍ക്കിടയില്‍ നിന്ന് തന്റെ പാവയെ ആരോ ഊരിയെടുക്കുന്നത് അവള്‍ അറിഞ്ഞു.
പപ്പ.
പപ്പക്ക് തന്റെ പാവ എന്തിനാണ് ??
തന്റെ മുടിയിഴകള്‍ക്കിടയിലൂടെ തലോടുന്ന പപ്പയുടെ ക്ഷീണിച്ച വിരലുകള്‍…
“ഉറങ്ങിക്കോ മോളൂ…”പപ്പയുടെ സ്വരം.
പപ്പാ എന്റെ പാവക്കുട്ടിയെ തിരിച്ചുതാ…പക്ഷെ സ്വരം പുറത്തുവന്നില്ല.അപ്പോഴേക്കും കണ്ണടഞ്ഞു പോയി.ഒരു സ്വപ്നത്തിലേക്ക്…
ഒരു തടാകത്തിന്റെ കരയിലെ നീലനിറമുള്ള ഒരു വീട്ടിലാണ് താന്‍.പിന്നെ പപ്പയും മമ്മിയും.മനോഹരമായ ഒരു കൊച്ചുവീട്.അതിന്റെ മുന്നിലിരുന്നു തടാകത്തിന്റെ മുകളിലൂടെ തുഴഞ്ഞു പോകുന്ന അരയന്നങ്ങളുടെ കൂട്ടത്തെ കാണാന്‍ എന്ത് ഭംഗി.
പെട്ടെന്ന് ഒരു കാറ്റ് വീശി.ഒരു മഞ്ഞുകാറ്റ്.ആ വീട് തകര്‍ന്നു വീഴുകയാണ്.എങ്ങും എന്തൊക്കെയോ പൊട്ടിതകരുന്ന ശബ്ദങ്ങള്‍..
കണ്ണ് തുറക്കുമ്പോള്‍ വീട്ടില്‍ ആരുടെയോ നിഴലുകള്‍.ആ കറുത്ത നിഴലുകള്‍ എല്ലാം തട്ടിപ്പോട്ടിക്കുകയാണ്.അവര്‍ എന്തോ തിരയുകയാണ്.മമ്മി തന്നെ വാരിയെടുത്ത് കട്ടിലിനടിയില്‍ ഒളിപ്പിച്ചു.
“മോളെ..ശബ്ദം ഉണ്ടാക്കരുത്..അവര് കൊല്ലും..”മമ്മിയുടെ പതുങ്ങിയ ശബ്ദം.
“എവിടെയാടാ ഡയമണ്ട്സ് ഒളിപ്പിച്ചു ഒളിപ്പിച്ചിരിക്കുന്നത്?”ആരോ പപ്പയോടും മമ്മിയോടും ആക്രോശിക്കുന്നു.