Thattukada by ശാലിനി വിജയൻ
‘എന്നും വൈകുന്നേരം റെയിൽവേ സ്റ്റേഷനു സമീപം തട്ടുകടയിൽ ചായക്കുടിക്കാറുണ്ട് ഞാനും വിദ്യ ടീച്ചറും. ആദ്യമൊക്കെ റെയിൽവേ സ്റ്റേഷനെ അറപ്പോടെയാണ് നോക്കി കണ്ടതെങ്കിലും ഒന്നു രണ്ടു മാസം കൊണ്ട് ഞാനും കൂട്ടായി..
അതും പ്രിയപ്പെട്ട പഴംപൊരിയും. ഉള്ളി വടയും മധുരം കുറഞ്ഞ ഇലയടയും. ഒരു ദിവസം ചായ കുടിക്കാൻ കണ്ടില്ലങ്കിൽ
“എന്താ മോളേ”
ഇന്നലെ വരാത്തെയെന്ന കണ്ണേട്ടന്റെ ചോദ്യം ഒരച്ഛൻ മകളോട് ചോദിക്കുന്ന പോലെ തോന്നിട്ടുണ്ട്..
ഓരോരുത്തരുടെ ഇഷ്ട വിഭവങ്ങളും ചായയുടെ മധുരം കൂടിയും കുറച്ചും കടുപ്പം നോക്കിയും ചില്ലുകൂട്ടിലെ എണ്ണ പലഹാരങ്ങൾ എടുത്തു കൊടുക്കുമ്പോഴും ഞാനെന്നും ഓർമ്മിച്ചത് അച്ഛന്റെ ഒറ്റമുറി ഹോട്ടലിനെയായിരുന്നു..
‘രാവിലെ അച്ഛന് എന്നും കിട്ടിയിരുന്ന ഒരു ഒരു രൂപയുടെ കണക്കും പറഞ്ഞ് അമ്മ അച്ഛനോട് വഴക്കിടുന്നത് നിത്യ കാഴ്ച്ചയായിരുന്നു..
ആരുടെ കൈയിൽ നിന്നും കൈ ബോണി വാങ്ങാതെ രാവിലത്തെ ആദ്യ ചായ ലക്ഷ്മി ചേച്ചിക്കു കൊടുക്കുന്നതും തിരിച്ച് അവർ ഒരു രൂപ നൽകുന്നതും ഞാനെന്നും കണ്ടിരുന്നു..
വൈകിട്ട് മേശവലിപ്പിൽ നിന്നും രാവിലത്തെ കൈ പുണ്യത്തിനു പകരമായി കിട്ടിയതെന്നു പറഞ്ഞ് എണ്ണിയാൽ തീരാത്ത നോട്ടുകെട്ടുകളുമായി അച്ഛന്റെ ഒരു വരവുണ്ട്.. ക്രമേണ ലക്ഷമി ചേച്ചിയുടെ വരവ് നിന്നതോടെ ഹോട്ടലും അടച്ചു പൂട്ടേണ്ട അവസ്ഥയിലായിരുന്നു..
മാസാമാസം അടച്ചു തീർക്കേണ്ട ബാങ്ക് വായ്പകൾക്കും ചിട്ടികുറികൾക്കും തവണ വ്യവസ്ഥ മുടങ്ങിയപ്പോൾ അയൽപ്പക്കത്തെ വെള്ളമില്ലാത്ത കിണറിനെയാണ് അച്ഛൻ ആശ്രയിച്ചത്…
മൂന്നു നാലു ദിവസം പഴക്കം ചെന്ന അച്ഛന്റെ ശവശരീരം പുറം ലോകത്ത് എത്തിച്ചപ്പോൾ അതുവരെ എന്നും കലഹിച്ച അമ്മയുടെ മുഖം താഴുന്നതും കണ്ണുനീർ പൊടിയുന്നതും കണ്ടു ഞാൻ..
ആകെയുള്ള വീടും പറമ്പും വിറ്റ് ബാങ്ക് ലോണും മറ്റു കടങ്ങളും തീർത്തപ്പോൾ അച്ഛനുറങ്ങുന്ന ഹോട്ടൽ.. അതു മാത്രം എനിക്കായ് മാറ്റി വെച്ചേക്കണം എന്നു മാത്രമാണ് ഞാനമ്മയോട് ആവശ്യപ്പെട്ടത്..