—— ഗ്രാമിണി – നിയോഗം —– [Santhosh Nair] 1006

—— ഗ്രാമിണി – നിയോഗം —–

Author :Santhosh Nair

 

ഇതൊരു പുതിയ സംരംഭം ആണ്.

ഒരു മാന്ത്രിക കഥ (അത്ര മാന്തിക രീതികൾ ഒന്നും ഉണ്ടാവില്ല, കേട്ടോ) എഴുതണമെന്നു വലിയ ആഗ്രഹമുണ്ടായിരുന്നു, അതിനെ സാർത്ഥകം ആക്കാമെന്നു കരുതുന്നു.

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അറിയിക്കണേ.
നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അംഗീകരിയ്ക്കും.

—— ഗ്രാമിണി – നിയോഗം —–

കോരിച്ചൊരുന്ന മഴയെയും, ദിഗന്തം പിളർക്കുന്ന ഇടിവെട്ടിനെയും, ഭൂമിയെ ചുട്ടെരിക്കാനെന്നവണ്ണം ആഞ്ഞു വെട്ടുന്ന മിന്നലിനെയും, വന്മരങ്ങളെ മുടിയാട്ടമാടിക്കുന്ന കൊടുങ്കാറ്റിനെയും വകവെയ്ക്കാതെ നരസിംഹ മന്ത്രം ഉച്ചരിച്ചു കൊണ്ട് മുൻപോട്ടു നടക്കുമ്പോൾ ദേവനാരായണൻ തന്റെ തോളിൽ തൂങ്ങുന്ന തുണി സഞ്ചിയെ നെഞ്ചോടു ചേർത്ത് പിടിച്ചു.

ഉച്ചസമയത്തിനു ശേഷം ഗുരുവിന്റെ ഗൃഹത്തിൽ നിന്നും പുറപ്പെട്ടതാണ്. പകുതി ദിവസത്തോളമായി നടക്കുന്നു. ചെരിപ്പിടാത്തതിനാൽ കാലുകൾ നന്നേ വേദനിക്കുന്നു, മുള്ളുകളും കല്ലുകളും കുത്തിയതിന്റെയാവും നന്നായി നീറുന്നുമുണ്ട്. സമയം എത്രയായെന്നുമറിയില്ല, എങ്കിലും പൈശാചിക യാമത്തിനിനിയും കുറച്ചു മണിക്കൂറുകളെയുണ്ടാവൂ. അതിനുമുൻപ്‌ ഈ കാട് കടന്നു തന്റെ ലക്ഷ്യസ്ഥാനം എത്തണം. അത് മാത്രമാണവന്റെ ഏക ലക്‌ഷ്യം.

ഈ പേമാരിക്കിടയിലും കൊടുങ്കാട്ടിലെ കൂരിരുട്ടിൽ അവിടെയവിടെ കാണുന്ന തീക്കനലുകൾ പോലത്തെ തിളക്കങ്ങൾ, ഒരു പക്ഷെ മിന്നാ മിനുങ്ങുകളാവാം, അല്ലെങ്കിൽ തന്റെ പിഞ്ചു രക്തത്തിനായി ദാഹിക്കുന്ന വന്യമൃഗങ്ങളോ, പ്രേത പിശാചുക്കളോ ദുർ ദേവതകളോ ആവാം. അവയൊന്നും ആ പതിനാറു വയസ്സുകാരന്റെ മനസ്സിൽ തെല്ലും ഭയമുണ്ടാക്കിയില്ല. ഗുരുവായ വേദനാരായണ മൂർത്തി കെട്ടിത്തന്ന രക്ഷ കയ്യിലും നരസിംഹ കവചം 1008 തവണ ജപിച്ചു എഴുതി തയാറാക്കിയ യന്ത്രം കഴുത്തിലും കെട്ടിയിട്ടുള്ളപ്പോൾ ഒരു ദുഷ്ടശക്തിക്കും തന്നെ അടുക്കാനാവില്ല എന്നറിയാം. പിന്നെ കിം ഭയം വ്യഥാ?

യാത്ര തുടങ്ങിയപ്പോൾ മുതൽ നരസിംഹ മഹാമന്ത്രം വിടാതെ ഉരുവിട്ടു കൊണ്ട് തന്നെയാണ് ഈ യാത്ര “ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം സര്വതോന്മുഖം // നൃസിംഹം ഭീഷണം ഭദ്രം മൃത്യോർ മൃത്യും നമാമ്യഹം” (ഈ മന്ത്രം വന്യ മൃഗങ്ങളെയും തസ്കരന്മാരെയും അകറ്റി നിർത്തും എന്ന് ആചാര്യ മതം).

ഗുരു (വേദനാരായണ മൂർത്തി) പറഞ്ഞിരുന്നു “കുഞ്ഞു നാരായണാ, ഈ യാത്ര നിന്റെ നിയോഗം ആണ്. ഇതിനു വേണ്ടിയാണ് നീ ഇവിടെ എത്തിച്ചേർന്നതും. നീയാരാണ്, എന്താണ് നിന്റെ ജന്മ നിയോഗം എന്നറിയാനുള്ള യാത്ര. പരീക്ഷണങ്ങൾ ഉണ്ടാവാം, ഭയപ്പെടുത്തലുകൾ ഉണ്ടാവാം. ഭയമരുത്, എന്തുതന്നെ നടന്നാലും ഈ ദൗത്യത്തിൽ നിന്നും വിലകരുതു. ഈ പടിപ്പുര കടന്നാൽ ഒരു കാരണവശാലും തിരിഞ്ഞു നോക്കരുത് – എന്തു തന്നെ നടന്നാലും ശരി. ഓരോ നിമിഷവും വിലപ്പെട്ടതാണ്. മുൻപോട്ടു പോയിക്കൊണ്ടേ ഇരിക്കുക. ഒരു ചെറിയ പിഴവിന് പോലും വലിയ വില കൊടുക്കേണ്ടി വരും. വിഘ്നവിനാശനനും, ഭക്തപ്രിയനും, തന്റെ നിഷ്കളങ്ക (ശിശു) ഭക്തനുവേണ്ടി ഒന്നരനാഴിക നേരം ഭൂതലത്തിൽ അവതരിച്ച ആ നരസിംഹന്റെ മന്ത്രം വിടാതെ ഉച്ചരിക്കൂ, ശ്രീമൻ നാരായണ കൃപാ കടാക്ഷ സിദ്ധിരസ്തു”

ആചാര്യപാദത്തിൽ നമസ്കരിച്ചു ഇറങ്ങിയതിൽ പിന്നെ ജലപാനം പോലും ഉണ്ടായിട്ടില്ല. ലക്ഷ്യസ്ഥാനം അടയുന്നതുവരെ തൊണ്ടക്കുഴി താണ്ടി ഒന്നും ഇറങ്ങാൻ പാടില്ലത്രേ. മുഖത്തേക്ക് ചീറിയടിക്കുന്ന ജലം പോലും അവൻ രുചിച്ചു നോക്കിയില്ല. ഉമിനീർ മിടയിറക്കിയത് പോലുമില്ല.

കുറച്ചു കൂടി ചെന്നപ്പോൾ മഴ തീർന്നു. കാട് കുറഞ്ഞത് പോലെ തോന്നി. കുറച്ചു ദൂരെയായി ഒരു ചെറിയ വീടും അതിനെ ചുറ്റി ചില തെങ്ങുകളും കാണാറായി. തിണ്ണയിൽ ഒരു വിളക്കെരിയുന്നു. ആ വീട് താണ്ടി മുൻപോട്ടു നടന്ന ദേവ നാരായണനെ ഒരു ശബ്ദം വിളിച്ചു. മണികിലുങ്ങുന്ന ശബ്ദത്തിൽ ഒരു ചിരി.
“കുട്ടിയെവിടെക്കാണ്‌ ഇത്ര വേഗത്തിൽ ഓടുന്നത്? ഇവിടെ വന്നു അല്പം പാലും പഴങ്ങളും കഴിച്ചിട്ട് പൊയ്ക്കൂടേ?”

“ഞാൻ ഒരു സ്ഥലം വരെ പോകുകയാണ്. ഇടയ്ക്കു തങ്ങാൻ ഗുരുവിന്റെ അനുവാദമില്ല.” തിരിഞ്ഞു നോക്കാതെ അവൻ പറഞ്ഞു.

“ഈ കൊടുങ്കാട്ടിൽ എവിടെ തന്റെ ഗുരു വരും? സാരമില്ല,കുട്ടിയൊത്തിരി ക്ഷീണിതനാണല്ലോ. വന്നിട്ട് അല്പം വിശ്രമിച്ചിട്ടു പോകൂ” വീണ്ടും ആ ശബ്ദം.

“ക്ഷമിക്കണം, എനിക്ക് നിൽക്കാനാവില്ല. ഞാൻ പോകട്ടെ.” അവൻ മുൻപോട്ടു തന്നെ നടന്നു.

കണ്ണടച്ച് തുറക്കുന്ന നേരത്തിനുള്ളിൽ ആ ശബ്ദം മുൻപിൽ നിന്ന് വരുന്നത് പോലെ തോന്നി. സ്വർണ്ണ കരയുള്ള വെള്ള മുണ്ടും റവുക്കയും ധരിച്ച ഒരു അപ്സര സുന്ദരി. സർവ സുന്ദരീ ലക്ഷണങ്ങളും ഒത്തിണങ്ങിയ ഒരു ദേവതയോ എന്ന് തോന്നിപ്പോകും. ചെറിയ നെറ്റിത്തടം, നീണ്ട കണ്ണുകൾ, നീണ്ട മൂക്ക് തുടുത്ത കവിളുകൾ, ചുവന്നു അല്പം മലർന്ന ചുണ്ടുകൾ, ശംഖു പോലത്തെ കഴുത്തു, ഉയർന്ന മാറിടങ്ങൾ, ഒതുങ്ങിയ അരയും ഒതുക്കമുള്ള ശരീരവും. ആണൊരുത്തനെ കാമാസക്തനാക്കാൻ പോന്ന അംഗലാവണ്യം.

“പോകാതെ കുട്ടീ, ഇന്നിവിടെ തങ്ങിയിട്ടു നാളെ പോകൂ.” വശ്യമായി ചിരിച്ചുകൊണ്ട് കീഴ്ച്ചുണ്ടു കടിച്ചുകൊണ്ട് അവൾ മുൻപോട്ടു വന്നു ദേവനാരായണന്റെ കയ്യിൽ പിടിക്കാൻ ആഞ്ഞു. അടുത്തെത്തിയപ്പോഴേക്കും തീപ്പൊള്ളലേറ്റതു പോലെ അവൾ അലറി, എടുത്തെറിയപ്പെട്ടതുപോലെ പുറകിലേക്ക് വീണു.

12 Comments

  1. സന്തോഷേട്ടാ,
    ഒരു മാന്ത്രിക കഥ എഴുതുന്നു എന്നു പറഞ്ഞപ്പോൾ തന്നേ സന്തോഷം,കഥ കുറച്ചു കൂടി വേണമായിരുന്നു എന്നാൽ മാത്രമേ മനസ്സിൽ രജിസ്റ്റർ ആവുകയുള്ളൂ, എന്തായാലും തുടർ ഭാഗം ഉടനെ ഉണ്ടാകുമല്ലോ അല്ലേ? ആശംസകൾ..

    1. Nandi saho
      Jolithirakku bhayankaram. Team le staff randu per poyi, koode Audit. ???
      Samayam prashnamaanu
      Will do
      Thx

  2. പേജ് കൂട്ടി ഇട്ട നല്ലതായിരുന്നു

    1. Adutha thavana, theerchayaayum

  3. നന്നായിട്ടുണ്ട് അണ്ണാ? ഞാൻ ആദ്യമായാണ് താങ്കളുടെ കഥ വായിക്കുന്നത് ഇനി ബാക്കി ഉള്ളത് എല്ലാം വായിക്കണം.

    1. Please dear, ???
      Thx for the kind comment ,?

  4. ❣️❣️❣️

    1. Thank you ❤️

  5. സന്തോഷ്‌ ജി..

    തുടക്കം കലക്കിയല്ലോ… ❤

    മാന്ത്രിക കഥകൾ പണ്ടേ എനിക്ക് ഇഷ്ട്ടമാണ് ????

    1. Nandi saho താങ്കളുടെ abhipraayathinu nandi ?

  6. നല്ല തുടക്കം??
    ധൈര്യമായി എഴുതിക്കോ കൂടെ ഉണ്ടാവും?

    1. Thanks FAP saho
      Mattu kadhakal koodi vaayikkoo, abhipraayam ariyikkuka please ?

Comments are closed.