ഗസൽ (പാർട്ട് 2)
“ഛേ.. ആദ്യായിട്ടാണ് ഒരു പെണ്ണിനെ ഇങ്ങനെ നോക്കിപോകുന്നത്.. ഇനി അവളേ കാണാൻ തന്നെ സാധ്യത ഇല്ലാ.. ആ കണ്ണുകൾ ഒന്നൂടെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ..”
സ്വയം പറഞ്ഞു നിരാശ ഭാവത്തിൽ വണ്ടിയിലേക്ക് നടന്നടുത്ത ഇജാസിന്റെ മുഖം കണ്ട് മൂത്താപ്പ ചോദിച്ചു
“അല്ല മോനേ.. നീ ഏത് ലോകത്താ.. വേഗം വണ്ടീൽ കേറ്.. ഇവിടുന്ന് കൊച്ചിയിലേക്ക് ചില്ലറ ദൂരം ഒന്നുമല്ല..”
ഒന്ന് ചിരിക്ക മാത്രം ചെയ്ത് ഇജാസ് വണ്ടിയിൽ കേറി ഇരുന്നു. നീല ചായം പൂശിയ ഒരു വാനിൽ ആയിരുന്നു അവരുടെ യാത്ര എപ്പോഴും. യാത്രയ്ക്കിടയിൽ മൂത്താപ്പ ഇടക്കിടക്ക് ഏതോ ലോകത്തെന്നപോലെ തരിച്ചിരിക്കുന്ന ഇജാസിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
“ടാ.. ഞാൻ നേരത്തെ തൊട്ട് ശ്രദ്ധിക്കാ.. നീ ഏത് ലോകത്താണ്..?
ഒരു നല്ല കിനാവ് നഷ്ടപ്പെട്ടപോലെ ഇജാസ് മൂത്താപ്പാനെ നോക്കി.. ന്നിട്ട് ചെറു ചിരിയോടെ മൂത്താപ്പന്റെ അടുത്തേക്ക് ഇരുന്നു. ചേർത്ത് പിടിച്ചു..
“ഞാനൊരു രാക്കിനാവ് കണ്ടതല്ലേ ന്റെ മൂത്തൂ..”
“പിന്നേ.. പകൽകിനാവ് കാണാത്ത നീയാണ് രാക്കിനാവ് കാണുന്നെ.. നിന്റെ പ്രായം കഴിഞ്ഞല്ലേ മോനേ ഞാനും ഇവിടെ എത്തിയത്.. ഗസൽ പാടി നിന്റെ ബാപ്പ ആദ്യം എന്റെ കൂടെ നടന്നു.. പിന്നേ ദാ നീയും.. പണ്ട് അങ്ങാടിയിലെ പരിപാടിയിൽ വെച്ച് നിന്റെ ഉമ്മ ആയിഷനെ കണ്ട ശേഷമാണ് അഹമ്മദ് ഇതുപോലെ രാവും പകലും കിനാവ് കാണാൻ തുടങ്ങിയത്.. മോനേ തലശ്ശേരിയാണ്.. അടി ഏതു വഴിക്ക് വരുന്നേന്ന് പറയാൻ പറ്റൂല്ല ട്ടാ..(ചിരിച്ചോണ്ട്) മാത്രമല്ല ഇനി അടുത്തൊന്നും തലശ്ശേരിയിൽ നമുക്ക് പരിപാടി ഇല്ല.. ഹഹ..”
” അതൊന്നും എനിക്കറിയില്ല മൂത്താപ്പ.. ഞാൻ ഓളെ കണ്ണു മാത്രമേ കണ്ടിട്ടുള്ളൂ.. ഹോ എന്ത് രസാന്നോ.. മനുഷ്യന്മാർക്ക് ഇജ്ജാതി മൊഞ്ചുള്ള കണ്ണുണ്ടാവോ..”
അത് കേട്ട മൂത്താപ്പ ഒന്ന് കളിയാക്കികൊണ്ട്.
” എന്നാ അതു വല്ല ജിന്നോ മലക്കോ ആയിരിക്കും.. പറയാൻ പറ്റൂല്ല.. ഗസൽ കേൾക്കാൻ ജിന്നും മലക്കും ഓക്കേ ഭൂമിയിലേക്ക് ഇറങ്ങിവരൂന്ന് പണ്ട് പറയാറുണ്ട്.. അങ്ങനെ ഇറങ്ങി വന്ന ഒരു മാലാഖ അല്ലേ നിന്റെ ഉമ്മ ആയിഷ.. വടകര അങ്ങാടിയിലെ റസാക്കാജിന്റെ ഒരേ ഒരു മോള്.. നിന്റെ ബാപ്പാന്റെ ഗസലിനു മുന്നിലു മയങ്ങിയ ഓൾടെ ഒറ്റ വാശിന്റെ പുറത്താണ് റസാക്കാജി മംഗലം കയിച്ചു കൊടുത്തേ.. പിന്നെ മൂപ്പര് നമുക്ക് നേരത്തെ അറിയുന്ന ആളല്ലേ.. നമ്മളുടെ നാടും ആണ്.. പക്ഷേ മോനെ ഇജാസേ.. ഇത് തലശ്ശേരിയാ.. കുറെ ഗസലിന്റെ പരിപാടി ചെയ്തു എന്നല്ലാതെ ഇവിടെ നമുക്ക് വേറൊരു പരിചയവുമില്ല..”
” ന്റെ മൂത്താപ്പ ഞാൻ അതിനു മാത്രം ഒന്നും ചിന്തിച്ചിട്ടില്ല.. കണ്ണ് കാണാൻ നല്ല രസമുണ്ട്..പരിപാടി കഴിഞ്ഞാൽ ചിലപ്പോ പരിചയപ്പെടാൻ വന്നാ ആ ശബ്ദം കേൾക്കാമായിരുന്നു പറ്റുമെങ്കിൽ ആ മുഖം കൂടി ഒന്ന് കാണാമായിരുന്നു എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ..അതുണ്ടായില്ല.. ഓള് ഓളെ വഴിക്ക് പോയി.. നമ്മള് നമ്മളേം..”
Nice
Thank you😍🥰🥰
♥️♥️♥️
???