ഒരു ഭാവഗാനം പോലെ 11

“ഡോക്ടര്‍ ഒരു പാട്ട് പാടാമോ…”അവള്‍ ചോദിക്കുന്നു..

എന്നോ വായിച്ച റഫീക്ക് അഹമ്മദിന്റെ വരികൾ അവൾ ഓർക്കാൻ ശ്രമിച്ചു. ഇല്ല. ഓർമ്മ വരുന്നില്ല.

ഉള്ളില്‍ മാതൃത്വത്തിന്റെ പാലാഴികള്‍ ഉണരുന്നു…അവള്‍ ആ കുഞ്ഞിനെ തന്നോട് ചേർത്ത് കിടത്തി.മരുന്നിന്റെ ക്ഷീണവും നാളത്തെ സർജറിയുടെ ഭയവും എല്ലാം കൊണ്ട് അവള്‍ വേഗം മയങ്ങിപ്പോയി.

നിമ്മിയുടെ കുഞ്ഞു കൈകള്‍ ഡോക്ടറുടെ ശരീരത്തെ ചുറ്റി പിണഞ്ഞു കിടന്നു.

നാളുകള്ക്ക് ശേഷം ഡോക്ടര്‍ ജയലക്ഷ്മി ശാന്തയായി ഉറങ്ങി.ഉറക്കത്തില്‍ അവൾ‍ ഒരു സ്വപ്നം കണ്ടു.

കല്ലും മുള്ളും നിറഞ്ഞ ഒരു പാതയില്‍ കൂടെ താന്‍ നടക്കുകയാണ്.വളരെ വിഷമിച്ചു.വേദന കൊണ്ട് തന്റെ കാല്പ്പത്തികള്‍ പൊട്ടി പുളയുകയാണ്.പൊടുന്നനെ ആരോ തന്നെ കൂട്ടി കൊണ്ട് പോകുന്നു.അപ്പോഴാണ് താന്‍ തിരിച്ചറിയുന്നത്‌.ഇടുങ്ങിയ,കല്ലും മുള്ളും നിറഞ്ഞ ഈ വഴിയുടെ തൊട്ടരികില്‍ ഒരു പുഷ്പവനം ആണെന്ന്.അതിനുള്ളില്‍ കൂടിയാണ് താന്‍ നടന്നത് എന്ന്.

സദാ സുന്ദരമായ,പൂക്കള്‍ നിറഞ്ഞ ,പക്ഷികള്‍ പാടുന്ന ഈ സ്ഥലം താന്‍ എന്താണ് കാണാതെ പോയത് ?

ആ സുന്ദരമായ അവസ്ഥയില്‍ ഡോക്ടര്‍ കണ്ണ് തുറന്നു.നേരം പുലരുകയാണ്‌.സർജറിക്ക് ഉള്ള തയ്യാറെടുപ്പുകള്‍ നടത്തണം.

ഡോക്ടര്‍ നിമ്മിയെ ഉണർത്താന്‍ ശ്രമിച്ചു.അവള്‍ ഉണർന്നില്ല.

പുറത്തു ആശുപത്രി വളപ്പിലെ ചെടികള്ക്കിടയില്‍ നിന്ന് ഒരു പറ്റം കുരുവികള്‍ പറന്നുയരുന്നത് ഡോക്ടര്‍ കണ്ടു.

അവളെ പുണർന്നു കിടന്നു,സ്വപ്നം കണ്ടു താന്‍ ഉറങ്ങിയ ആ നിമിഷങ്ങളില്‍ എപ്പോഴോ അവളിലെ കിളി പറന്നു പോയിരിക്കണം.കൂട് വിട്ട്.ദൂരേക്ക്.

അന്ന് രാത്രി വീട്ടില്‍ ചെന്നപ്പോള്‍ ഡോക്ടര്‍ ആ മഞ്ഞ ഗുളികകള്‍ ദൂരേക്ക് എറിഞ്ഞു കളഞ്ഞു.പുറത്തു നാളുകള്ക്ക് ശേഷം ഒരു രാത്രി മഴ പെയ്യുന്നത് ഡോക്ടര്‍ ജയലക്ഷ്മി ജനാല തുറന്നു കണ്ടു നിന്നു.അപ്പോള്‍ തലേ രാത്രി ഓർമ്മ വരാതിരുന്ന കവിതയുടെ വരികള്‍ അവള്‍ ഓർമ്മിച്ചു.

“നീ മഴതോർന്നും കുളിര് പോലെ
വേറിടാതെന്നില്‍ പതുങ്ങി നില്ക്കും
ആകാശമൂലയില്‍ ദൂരെ വീണ്ടും
ഞാനോ മഴക്കാറ് കാത്തിരിക്കും.”