ഒരു ഭാവഗാനം പോലെ 11

Views : 1477

Author : Anish Francis‎

ഡോക്ടര്‍ ജയലക്ഷ്മി മുന്നില്‍ ഇരുന്ന കുഞ്ഞു പെണ്കുട്ടിയെ നോക്കി.ഡോക്ടർക്ക് കുട്ടികളെ ഇഷ്ടമല്ല.കുട്ടികളെ എന്നല്ല ഈ അടുത്ത നാളുകളായി പ്രത്യേകിച്ച് ഒന്നിലും ഡോക്ടർക്ക് ഇഷ്ടം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.മനസ്സിനെ ദീപ്തമാക്കുന്ന സുന്ദരമായ കാര്യങ്ങള്‍,വെളുത്ത മേഘ ശകലങ്ങള്‍,നീലച്ച ആകാശം,മഴപെയ്യുന്നതിന് മുന്പ് വീശുന്ന തണുത്ത കാറ്റ്,കുഞ്ഞുങ്ങളുടെ ചിരി തുടങ്ങിയ ഒന്നിലും ഡോക്ടർക്ക് കുറച്ചു നാളുകളായി താല്പര്യം തോന്നിയിരുന്നില്ല.
ഡോക്ടറുടെ മേശപ്പുറത്തു ഒരു കടുംമഞ്ഞ കവറില്‍ ആ കുട്ടിയുടെ ലാബില്‍ നിന്നുള്ള പരിശോധനാ ഫലം കിടന്നു.കടുത്ത മഞ്ഞ നിറം കണ്ടപ്പോള്‍ ഡോക്ടർക്ക് ഉറക്കം വന്നു.കാരണം തലേ ദിവസം ഡോക്ടറുടെ ഉറക്കം കളഞ്ഞത് അതെ നിറമുള്ള ഉറക്ക ഗുളികകള്‍ ആയിരുന്നു.അത് തെരുപ്പിടിപ്പിച്ചു കൊണ്ട് മരിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു, ജയലക്ഷ്മിയുടെ ഉറക്കം നഷ്ടപ്പെട്ട മറ്റൊരു രാത്രിയായിരുന്നു ഇന്നലെ.

ഡോക്ടറുടെ മുന്നില്‍ ഇരുന്ന കുട്ടിയുടെ പേര് നിമ്മി എന്നാണ്.പൂക്കള്‍ വാരി വിതറിയ ഫ്രില്‍ വച്ച ഫ്രോക്ക് ധരിച്ച് അവള്‍ ഡോക്ടറെ നോക്കി ചിരിച്ചു.അവള്‍ ഒരു പൂവ് പോലെയായിരുന്നു.

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അവള്‍ രാവിലെ തന്നെ ഓർഫനേജിൽ നിന്ന് തൊട്ട് അടുത്തുള്ള പള്ളിയില്‍ പോകും,പാട്ട് പാടും.പ്രായം ചെന്ന വികാരിയച്ചനു മഠത്തില്‍ നിന്ന് ഭക്ഷണം കൊണ്ട് കൊടുക്കും.അവള്‍ നന്നായി വരയ്ക്കും.അതിനെക്കാള്‍ നന്നായി ഡാൻസ് കളിക്കും.അവള്‍ ഡോക്ടര്‍ ജയലക്ഷ്മിയെ പോലെ ആയിരുന്നതെ ഇല്ല.എല്ലാ കാര്യങ്ങളും അവളുടെ മനസ്സിനെ ദീപ്തമാക്കിരുന്നു.ചെറിയ വെളുത്ത മേഘങ്ങളോട് അവള്‍ സംസാരിച്ചിരുന്നു.മഴ പെയ്യുന്നതിനു മുൻപ് ഉള്ള തണുത്ത കാറ്റില്‍ തലമുടി പറക്കുമ്പോള്‍,അതിന്റെ തണുപ്പ് കവിളില്‍ തട്ടുമ്പോള്‍,പറഞ്ഞറിയിക്കാന്‍ ആവാത്ത സന്തോഷം അവൾക്കു തോന്നിയിരുന്നു.

അവളുടെ അടുത്തിരുന്നു ,ഓർഫനേജ് ഡയറക്ടര്‍ സിസ്റര്‍ ഗോരെത്തി ആകുലതയോടെ ഡോക്ടറെ നോക്കി.

ഡോക്ടര്‍ മുന്നില്‍ കിടന്ന മഞ്ഞക്കവര്‍ പൊട്ടിച്ചു.നാളുകൾക്ക് മുന്പ് അയാളുടെ വക്കീല്‍ അയച്ച നോട്ടീസ് ഇത് പോലെ ഒരു കവറിലാണ് വന്നത്.ഡോക്ടറുടെ ഉള്ളില്‍ വീണ്ടും വെറുപ്പിന്റെ ഒരു കുത്തൊഴുക്ക് ഉണ്ടായി.

ലാബ് റിപ്പോര്ട്ട് വായിച്ചതിനു ശേഷം,ഡോക്ടര്‍ ഒരിക്കല്‍ കൂടി സ്കാന്‍ ഫലം പരിശോധിച്ചു.പിന്നെ സിസ്റ്ററുടെ മുഖത്ത് നോക്കുന്നു,എന്ന മട്ടില്‍ മുറിയിലെ വെളുത്ത ഭിത്തിയിലെക്ക് നോക്കി കൊണ്ട് കടുത്ത ശബ്ദത്തില്‍ പറഞ്ഞു.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com