ഒരു ഭാവഗാനം പോലെ 11

രണ്ടു ദിവസം കഴിഞ്ഞു നിമ്മി ഹോസ്പിറ്റലില്‍ അഡ്മിറ്റായി.അവളെ പരിശോധിക്കാന്‍ എത്തിയ ഡോക്ടര്‍ വീണ്ടും വീണ്ടും അവളുടെ മുന്നില്‍ പരാജയപ്പെട്ടു കൊണ്ടിരുന്നു.കാരണം അവളുടെ മുഖത്ത് വിടർന്ന ചിരിയായിരുന്നു.എന്ത് കൊണ്ടായിരിക്കും ഇവള്‍ ഇത്ര സന്തോഷവതിയായിരിക്കുന്നത് ?

“ഈശോക്ക് വേണ്ടെങ്കില്‍ പിന്നെ എനിക്ക് എന്തിനാണ് രണ്ടു കാല്‍ ?”

ഒരു ദിവസം വൈകുന്നേരം പരിശോധിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ അവള്‍ ഡോക്ടറുടെ മനസ്സ് അറിഞ്ഞെന്ന പോലെ പറഞ്ഞു.

“ആർക്കും വേണ്ടെങ്കില്‍ എനിക്ക് ഈ ജീവന്‍ എന്തിനാണ് ?” എന്ന് ജയലക്ഷ്മിയുടെ ഉള്ളില്‍ സ്വയം തിളച്ചു കൊണ്ടിരുന്ന ചോദ്യം അത് കേട്ട് ഒന്നടങ്ങി.

നാളെയാണ് അവളുടെ സർജറി.

“പക്ഷെ എനിക്ക് നല്ല പേടിയുണ്ട് കേട്ടോ ഡോക്ടര്‍..”അവള്‍ ഡോക്ടറുടെ ചെവിയില്‍ പറഞ്ഞു.അവള്‍ വളരെ ക്ഷീണിതയാണ്.

“മോൾക്ക് എന്തെങ്കിലും ആഗ്രഹമുണ്ടോ.. സ്വീറ്റ്സോ,വീഡിയോ ഗെയിമോ.?..” ചിതറിയ സ്വരത്തില്‍ ഡോക്ടര്‍ അവളോട്‌ ചോദിച്ചു.

“എന്താണെങ്കിലും സാധിച്ചു തരുമോ ?” അവള്‍ കൊഞ്ചലോടെ ചോദിച്ചു.

“ഉം.”

“ഡോക്ടര്‍ ,ഇന്നെന്റെ കൂടെ കിടക്കാമോ…എനിക്ക് പേടിയായിട്ടാ…നാളത്തെ കാര്യം ആലോചിച്ച്..”. വിക്കി വിക്കി അവള്‍ പറഞ്ഞു.

ഒരു നിമിഷം ആലോചിച്ചതിനു ശേഷം ഡോക്ടര്‍ സമ്മതിച്ചു.

അന്ന് രാത്രി ഡോക്ടര്‍ ജയലക്ഷ്മി വീട്ടില്‍ പോയില്ല.ഒറ്റക്കിരുന്നു മഞ്ഞ നിറമുള്ള മരണത്തിന്റെ ഗുളികകള്‍ കയ്യിലിട്ട് താലോലിച്ചു മണിക്കൂറുകള്‍ ഉറങാതിരുന്നില്ല.

ഒരു രോഗിയോടൊപ്പം ഡോക്ടര്‍ സർജറിയുടെ തലേ രാത്രി ഉറങ്ങുക.

അവളുടെ കുഞ്ഞു കൈകള്‍ പൂവിന്റെ മൃദുലതയോടെ ഡോക്ടറുടെ കയ്യില്‍ ചേർന്നു .നിഷ്കളങ്കമായ സ്നേഹത്തിന്റെ ഗന്ധം അവളില്‍ നിന്ന് ഉതിരുന്നതായി ഡോക്ടർക്ക് തോന്നി.

ഡോക്ടര്‍ അവളുടെ നെറ്റിയില്‍ ചുംബിച്ചു.

“മോള്‍ ഉറങ്ങിക്കോ…ഒന്നും പേടിക്കണ്ട…”