“സർജറി വേണം.രണ്ടു കാലും മുറിച്ചു കളയേണ്ടി വരും..എന്നാലും ഉറപ്പൊന്നുമില്ല.വീ കാന്‍ ട്രൈ…”
മുറിയിലെ ഫാന്‍ കറങ്ങി കൊണ്ടിരുന്നു.അതിന്റെ ശബ്ദം തീർത്തും നിശബ്ദമായ ഇത്തരം അവസരങ്ങളില്‍ ക്രൂരമാകുന്നുവെന്ന് ഡോക്ടര്‍ ജയലക്ഷ്മിക്ക് തോന്നി.
ഡോക്ടര്‍ മുന്നില്‍ ഇരുന്നവരുടെ മുഖങ്ങളിലേക്ക് നോക്കി.
ജീവിതം സന്തോഷിക്കാന്‍ ഉള്ളത് അല്ലെന്നും,താന്‍ അനുഭവിക്കുന്നത് പോലെ ദു:ഖങ്ങളുടെ പാറകളില്‍ ചവിട്ടി ഉള്ള നടപ്പ് മാത്രമാണ് അതെന്നും ,അതിനു പ്രത്യേകിച്ച് അർത്ഥം ഒന്നുമില്ലെന്നും ഡോക്ടറുടെ നോട്ടം അവരോടു പറയാന്‍ തുടങ്ങി.
സിസ്റര്‍ ഗോരെത്തിയുടെ മുഖത്ത് കാളിമ വീണിരുന്നു.നിമ്മി എന്ന പൂവിന്റെ മുഖത്തെ ദളങ്ങളില്‍ നിന്ന് കണ്ണ്നീര്‍ ഒഴുകുന്നത് ഡോക്ടര്‍ കണ്ടു.
“അപ്പോള്‍ ഇനി ഉറപ്പായും എനിക്ക് ഡാന്സ് കളിയ്ക്കാന്‍ പറ്റില്ല,നടക്കാന്‍ പറ്റില്ല.,,അല്ലെ ഡോക്ടര്‍ ആന്റി…ഞാന്‍ ഇനി എന്ത് ചെയ്യും സിസ്റമ്മെ?”
അവള്‍ മെല്ലെ ചോദിച്ചു.സിസ്റര്‍ അവളെ ചേർത്ത് പിടിച്ചു.
കുറച്ചു ദിവസം മുന്പാണ്,ആ കുഞ്ഞിനെ വേറൊരു ആശുപത്രിയില്‍ നിന്ന് അവിടെ കൊണ്ട് വന്നത്.കാല്പ്പത്തികളില്‍ വേദനയായിരുന്നു തുടക്കം.പഴുപ്പ് തുടങ്ങിരുന്നു.പരിശോധനയില്‍ കാൻസർ കണ്ടെത്തി.സർജറി ചെയ്താലും രക്ഷപെടാന്‍ സാദ്ധ്യതകള്‍ വിരളമാണ്.
“ഉടനെ ചെയ്യണം.താമസിക്കും തോറും അപകടം കൂടുകയാണ്.”ഡോക്ടര്‍ ഭിത്തിയില്‍ നോക്കി പറഞ്ഞു.
“ചെയ്യാം ഡോക്ടര്‍.ഡോക്ടറില്‍ ഞങ്ങള്ക്ക്റ വിശ്വാസമുണ്ട്.ഈ രംഗത്ത് ഡോക്ടര്‍ കഴിഞ്ഞേ വേറെ ഒരു വാക്ക് ഉള്ളു എന്ന് ഞങ്ങള്ക്ക് അറിയാം..ഈ കുഞ്ഞു ഞങളുടെ സ്വന്തം കുഞ്ഞാണ്.” സിസ്റ്റർ പറഞ്ഞു.
ഡോക്ടര്‍ ഭിത്തിയിലേക്ക് നോക്കിയിരുന്നു.ആ കുട്ടിയുടെ ശബ്ദമാണ് ഡോക്ടറെ ഉണർത്തി യത്.
“ഡോക്ടറെ കാണാന്‍ എന്ത് ഭംഗിയാ ഈ പൂക്കള്‍ ഉള്ള സാരിയില്‍…എനിക്ക് നല്ല ഇഷ്ടായി…”
ഡോക്ടര്‍ ജയലക്ഷ്മിയുടെ മുഖത്ത് ഒരു ചിരി തെളിഞ്ഞു.അതില്‍ അത്ഭുതത്തിന്റെ അംശം ഉണ്ടായിരുന്നു.ചെറുപ്പത്തില്‍ അമ്മ മരിച്ചതിനു ശേഷം,തന്നെ കാണാന്‍ ഭംഗിയുണ്ടെന്നു പിന്നെ ആരും പറഞ്ഞിട്ടില്ല.കാലുകളും ഒരു പക്ഷെ ജീവനും നഷ്ടപെടുമെന്ന സത്യം ഒരു നിമിഷത്തേക്ക് പൂക്കള്‍ ഉള്ള സാരിയിലേക്ക് മറന്ന ആ നിഷ്കളങ്കത ഡോക്ടറെ അമ്പരപ്പിച്ചു കളഞ്ഞു.
അന്ന് രാത്രി വീണ്ടും ഡോക്ടര്‍ ആ മഞ്ഞ ഗുളികകള്‍ തെരുപ്പിടിപ്പിച്ചു.തന്നെ പിന്തിരിപ്പിക്കുന്നത് എന്താണ് ?ഇനിയും ജീവിതത്തിന്റെ ഈ ബസ്സ് സ്ടോപ്പില്‍ താന്‍ എന്തിനു വേണ്ടിയാണു കാത്തിരിക്കുന്നത്..?