എന്റെ അനിയൻ 211

Author : Shamnad Ibrahim Bombay‎

ജനാല മെല്ലെ തുറന്നപ്പോഴേക്കും മനസ്സിന് കുളിരെന്നോണം ഇളം തെന്നൽ എന്റെ ശരീരത്തെ തൊട്ട് തലോടി വീശി അടിക്കുന്നുണ്ടായിരുന്നു..
ആദ്യ രാത്രിയുടെ അതി ഭാവുകത്വം ഒന്നുമില്ലെങ്കിലും ചുണ്ടിന് പുഞ്ചിരി സമ്മാനിക്കാൻ പണ്ടെന്നോ കണ്ട സിനിമയിലെ ശ്രീനിവാസനും പാർവതിയുമിങ്ങനെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു…

പൊന്നും പണവും പരിസരവും മാത്രം നോക്കിയിരുന്ന അമ്മയുടെയും
അച്ഛന്റെയും പിടിവാശിക്കപ്പുറം കാലങ്ങളായി ആരുമറിയാതെ ആത്മാർഥമായി സ്നേഹിച്ച ന്റെ അമ്മുവിനെ നഷ്ടപ്പെടുമെന്നാണ് കരുതിയത് ദൈവ കൃപയിൽ ഇന്നവളെന്റെ വധു ആയി തീർന്നിരിക്കുന്നു…

ചിന്തകളും സ്വപ്നങ്ങളും നിറഞ്ഞു നിൽക്കുന്നതിനിടെ പെട്ടന്നാണ് പിന്നിൽ നിന്ന്..

മഹിയേട്ടാ…!!

ഫോണിലൂടെയുള്ള എന്റെ സ്ഥിര വർണ്ണനകൾ വീണ്ടുമൊരിക്കൽ കൂടി കേൾക്കാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ടാവും എന്റെ നോട്ടം പൂർത്തീകരിക്കും മുമ്പ് അറിയാമെന്ന ഭാവത്തിൽ അവൾ കൈ ഉയർത്തി കാട്ടിയിരുന്നു..

മഹിയേട്ടാ.. ശ്രീനി എന്തേ നമ്മുടെ വിവാഹത്തിൽ സഹകരിക്കാതിരുന്നത്??

ശ്രീനി അനിയനാണ്…

പിറന്ന നാൾ മുതൽ അമ്മയുടെയും അച്ഛന്റെയും പ്രിയപ്പെട്ടവൻ.. അവനോർമ്മ വെച്ച കാലമ്മുതലിന്നോളം എന്നെ സ്നേഹിച്ചിട്ടില്ല മറിച്ചു ദ്രോഹിച്ചിട്ടേയുള്ളു..

വീട്ടിലെ ജോലികളെല്ലാം ചെയ്യാൻ വിധിക്കപ്പെട്ടവൻ, അമ്മയുടെ ശകാരം കേൾക്കാൻ അർഹതപ്പെട്ടവൻ, പശുവിനെ നോക്കാനും പാടത്തെ പണിക്കുമെല്ലാം അച്ഛന്റെ കയ്യാളായി നില്കേണ്ടവൻ.. എന്നിങ്ങനെ മാത്രമായി ഞാൻ തീരുമ്പോൾ തല്ല് കൂടാൻ വന്ന് അമ്മയോടാവലാതി ബോധിപ്പിച്ചു അച്ഛന്റെ ചൂരൽ കശായത്തിനു ഞാൻ ഇരയാകുമ്പോൾ ഒളിഞ്ഞു നിന്ന് കൈകൊട്ടി ചിരിക്കുന്ന അനിയനോട് ഒരുതരം വെറുപ്പ് തന്നെയായിരുന്നു…