എക്സ് മസ് 5

ഓടിച്ചെന്നപ്പനെ കെട്ടിപ്പിടിച്ചപ്പോ അവനറിഞ്ഞു… ഇല്ല.. ആ മണമില്ല… കള്ളിന്റെ മണമില്ല… ഇനിയും വിശ്വസിക്കാന്‍ കഴിയാത്ത നയനങ്ങളോടെ ഇമവെട്ടാതെ തന്നെ നോക്കി നില്‍ക്കുന്ന മകനോടായ് അയാള്‍ പറഞ്ഞു.. “ഇല്ല… കുഞ്ഞോന്‍റെ അപ്പനിനി കുടിയ്ക്കില്ല… ”

സമ്മാനങ്ങളും പുത്തനുടുപ്പും കേക്കും നക്ഷത്രങ്ങളുമടങ്ങിയ പൊതികള്‍ അവനു നല്‍കികൊണ്ട് പാസാക്കിയ കള്ളച്ചിരിയില്‍ നിന്നും അപ്പൂപ്പന് വേണ്ടിയെഴുതിയ കത്ത് അപ്പന്‍ വായിച്ചൂ വെന്നവനറിയാന്‍ കഴിഞ്ഞു…

കുഞ്ഞുമനസ്സില്‍ നീറി കൊണ്ടിരുന്ന കനലുകളെടുത്തുമാറ്റിക്കൊണ്ടവന്‍ ഓടി.. തന്നെ കണ്ണിറുക്കി കാണിക്കാറുള്ള കുഞ്ഞുനക്ഷത്രങ്ങളുടെ അടുത്തേക്ക്…

അവന്‍റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിയ്ക്കുകയായിരുന്നു അവരും.. നിറഞ്ഞു തുളുമ്പിയ സന്തോഷത്തോടെ ഹാപ്പി ക്രിസ്മസ് എന്നുറക്കെ പറഞ്ഞപ്പോ… തഴുകിയെത്തിയ കാറ്റവന്‍റെ ചെവിയില്‍ പറയുന്നതായവന് തോന്നി .. “സമ്മാനം ഇഷ്ടായോ..” ന്ന്…

തന്‍റെ മനസറിഞ്ഞ് അപ്പൂപ്പന്‍ തന്ന സമ്മാനമെന്ന വിശ്വാസത്തോടെ.. അമ്മച്ചിയുടെ കണ്ണുനീര്‍ കലരാത്ത രാത്രിയെന്ന സ്വപ്നം യാഥാര്‍ഥ്യമായെന്ന തിരിച്ചറിവോടെയവന്‍ നടന്നടുത്തു… പുതിയൊരു പുലരിയിലേക്ക്… പുതിയൊരു ജീവിതത്തിലേക്ക്… കണ്ണുനീര്‍ നനവില്ലാത്ത… സന്തോഷം നിറഞ്ഞ ക്രിസ്തുമസ് പുലരിയിലേക്ക്… അപ്പോഴും അവനെ നോക്കി പുഞ്ചിരിച്ചു വിണ്ണിലെ ഒരായിരം കുഞ്ഞു നക്ഷത്രങ്ങള്‍…