അവസ്ഥാന്തരങ്ങൾ 17

ചിറ്റമ്മയ്ക്ക് അദ്ദേഹത്തോടുള്ള മനോഭാവം എന്നെ വല്ലാതെ നോവിച്ചു.
അദ്ദേഹം എന്തെങ്കിലും ചോദിച്ചാൽ അപൂർവ്വമായി മാത്രമുള്ള ചെറിയൊരു മറുപടിയിൽ ഒതുങ്ങി അവർ തമ്മിലുള്ള സംസാരം!
അച്ഛന്റെ മരണവാർത്തയറിഞ്ഞ് കുന്നോളം സങ്കടവും പേറി ഞാൻ ചെന്നപ്പോഴും,
ഒരു ഭാരമൊഴിഞ്ഞ ആശ്വാസത്തോടെ നെടുവീർപ്പിടുന്ന ചിറ്റമ്മയുടെ മുഖമാണ് എന്നെ വരവേറ്റത് !

ഞാൻ പ്രസവിച്ചു കിടന്ന സമയത്തും വീട്ടിലെ അസുഖകരമായ അന്തരീക്ഷത്തിനാൽ, കുഞ്ഞിന്റെ നൂലുകെട്ടു കഴിഞ്ഞ ഉടനേ തന്നെ അദ്ദേഹം എന്നെയും കുഞ്ഞിനെയും അവിടുന്ന് കൂട്ടിക്കൊണ്ടുവന്നു.

ചിറ്റമ്മയുടെ അവഗണന എനിക്കു പിന്നെയും ഉണ്ടായി. അനുജത്തിയുടെ കല്യാണം ഉറപ്പിച്ചപ്പോഴും, തുണിയും ആ ഭരണങ്ങളും എടുക്കുന്ന വേളയിലും ഒക്കെ ഞാനും അദ്ദേഹവും ഒഴിവാക്കപ്പെട്ടിരുന്നു. കല്യാണം വിളിക്കാൻ ചിറ്റമ്മ എന്തായാലും അനുജനെ പറഞ്ഞു വിട്ടിരുന്നു.

അനുജത്തിയുടെ കല്യാണദിവസം എനിക്ക് വല്ലാത്ത അദ്ഭുതമായിരുന്നു അങ്ങേയറ്റം ആർഭാടപൂർണമായ ഒരു ആഘോഷമായിരുന്നു അത്.
എനിക്ക് മുന്നിൽ പ്രാരാബ്ധക്കെട്ടു തുറന്ന ചിറ്റമ്മയെ ഞാൻ തമാശയോടെ ഓർത്തു.
ചെറുക്കൻകൂട്ടർ ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ, എനിക്കു കൂടി അവകാശപ്പെട്ട തറവാട് പണയപ്പെടുത്തി കരുതൽ കാണിക്കുന്ന ചിറ്റമ്മ!
സുന്ദരനും ചെറുപ്പക്കാരനുമായ കല്യാണ പയ്യനെ കാണിച്ചിട്ട് ഗർവ്വോടെ നോക്കുന്ന ചിറ്റമ്മ! എന്നെ ഒരു തരത്തിലുള്ള വിഷമവും ബാധിച്ചില്ല! കാരണം മറ്റാരേക്കാളും സൗന്ദര്യമുള്ളൊരു മനസ്സായിരുന്നു എന്റെ ഭർത്താവിന്റേത്.
അദ്ദേഹത്തിന്റെ സ്നേഹത്തിന്റെ ചൂടിൽ തികച്ചും സംതൃപ്തയായിരുന്നു ഞാൻ.

1 Comment

  1. സുദർശനൻ

    കഥ നന്നായിട്ടുണ്ട്.ഇത്തരം കഥകൾ ഇനിയും എഴുതണം!

Comments are closed.