“എനിക്ക് സമ്മതാ ചിറ്റമ്മേ ” ഇടറുന്ന മനസ്സോടെ ഞാൻ അറിയിച്ചു.
തെളിഞ്ഞ മുഖത്തോടെ ചിറ്റമ്മ പറയാൻ തുടങ്ങി.
” അതാ നല്ലത്. പഞ്ചായത്ത് ഓഫീസിലെ പ്യൂണാ. സർക്കാർ ജോലിയല്ലേ. മൂന്നു പെങ്ങന്മാരുണ്ടായിരുന്നു എല്ലാരേം കെട്ടിച്ചു.അമ്മയ്ക്ക് തലയ്ക്കു സുഖമില്ലാത്തതായിരുന്നു. രണ്ടു വർഷം മുന്നേ മരിച്ചു പോയി. നല്ലൊരു വീടൊക്കെയുണ്ട്. അതു മാത്രമല്ല ഒരു പണമിട പോലും സ്ത്രീധനം വേണ്ടന്ന് ”
” എന്നാലും ഇത്രേം പ്രായമുള്ള ആളല്ലേ അമ്മാ ?”
അനുജന്റെ ചോദ്യം എന്റെ മനസു നിറച്ചു. പക്ഷേ ചിറ്റമ്മയുടെ രൂക്ഷമായ നോട്ടത്തിനു മുന്നിൽ അവൻ നിശ്ശബ്ദനായി !
എന്നെ പെണ്ണുകാണാൻ വരുന്ന ദിവസം ചിറ്റമ്മയ്ക്കെന്തൊരു ആവേശമായിരുന്നു. ചായകൊടുക്കുമ്പോൾ ഒട്ടും ഭംഗിയില്ലാത്ത ആ മുഖം കണ്ടിട്ട് എനിക്ക് യാതൊന്നും തോന്നിയില്ല!കാരണം മരവിച്ച മനസ്സായിരുന്നു എന്റേത്.
എന്റെ കൂട്ടുകാരികൾ എനിക്കു പറഞ്ഞു തന്നിട്ടുണ്ടായിരുന്നു,
‘ഇത്രയും പ്രായമുള്ളതുകൊണ്ടും ഒട്ടും സൗന്ദര്യമില്ലാത്തതുകൊണ്ടും അയാൾക്ക് ചിലപ്പോൾ നല്ല അപകർഷതാബോധവും സംശയരോഗവും ഉണ്ടാവാൻ ഇടയുണ്ടെന്ന് ‘
വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് എന്റെ ജീവിതം നീങ്ങുന്നത് ഭീതിയോടെ ഞാൻ നോക്കിക്കണ്ടു!
ലളിതമായ ചടങ്ങുകളോടെ വീട്ടിൽ വച്ചു തന്നെയായിരുന്നു എന്റെ കല്യാണം. യാത്ര പറയാൻ അച്ഛന്റെ മുന്നിൽ നിന്നപ്പോൾ എനിക്ക് സങ്കടം സഹിച്ചില്ല. കാരണം അച്ഛന്റെ കാര്യങ്ങളെല്ലാം ഇതു വരെ ഞാനാണ് നോക്കിയിരുന്നത്.
തീർത്തും വികലമായ സങ്കൽപ്പങ്ങളോടെയാണ് ഞാൻ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു ചെന്നത്.
” ശരിക്കും എന്നെ ഇഷ്ടപ്പെട്ടിട്ടു തന്നെയാണോ ഈ കല്യാണത്തിനു സമ്മതിച്ചത് ?” എന്ന ചോദ്യത്തിനു മുന്നിലും എനിക്ക് തല കുനിച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ.
എന്നാൽ എന്റെ സങ്കൽപ്പങ്ങളെല്ലാം പാടേ തകർത്തെറിയപ്പെട്ടു!
‘കഷ്ടപ്പാടുകൾക്കിടയിൽ സ്വയം ജീവിക്കാൻ മറന്നു പോയ ഒരു പാവം മനുഷ്യൻ’ അതായിരുന്നു അദ്ദേഹം.
കഥ നന്നായിട്ടുണ്ട്.ഇത്തരം കഥകൾ ഇനിയും എഴുതണം!