അമ്മമണം 152

“നിൻ്റെ ഇവിടത്തെ വാസം കഴിഞ്ഞു.നീ ഇന്ന് ഇവിടം ഒഴിയണം പുറത്തേക്ക് ഉള്ള വാതിൽ അതാണ്”
ദൈവം ചൂണ്ടിക്കാട്ടിയിടത്തേക്ക് ഞാൻ നോക്കി.
ഞാൻ അന്ന് കഷ്ടപെട്ട് കയറിവന്ന വാതിൽ അതാ പതിയെ തുറക്കുകയാണ്.
എനിക്ക് ഇവിടം വിട്ട് പോവാൻ മനസുവരുന്നില്ല.എനിക്ക് സങ്കടം വന്നു.

“ദൈവമേ…ഞാൻ പോവുന്നില്ല.എനിക്ക് ഇവിടെ നിന്നാമതി….ദൈവത്തിൻ്റെ യഥാർത്ഥ രൂപം കണ്ട് ഇങ്ങനെ.. എനിക്ക് ഇവിടാ. ഇഷ്ടം..”

“പറ്റില്ലാ…നീ പുറത്ത് പോയേ..മതിയാവൂ.നീ കാണേണ്ട ദൈവങ്ങൾ നിനക്കായി കാത്തിരിക്കുന്നു..”.
ദൈവം എൻെറ തലയിൽ അരുമയൊടെ തലോടി..പുറത്തേക്ക് ഒരു തള്ള്…
ഞാൻ അലറി കരഞ്ഞു.. എവിടെയെങ്കിലും പിടിച്ചു നിൽക്കാൻ ശ്രമിച്ചു.. പറ്റിയില്ല.

അലറി കരഞ്ഞു ഞാൻ കയറിവന്ന വഴി തന്നെ പുറത്തെത്തി.

ആരൊക്കെയോ എന്നെ എടുത്തു. കുളിപ്പിച്ചു.ഞാൻ കരഞ്ഞു കൊണ്ടേയിരുന്നു.എന്നെ ആരുടെയോ മടിയിൽ കിടത്തി.

ഒരുവേള എന്നിൽ എന്തോ..പരിചിതഗന്ധം എൻെറ പ്രഞ്ജയെ ഉണർത്തി.ഞാൻ അൽപം മുമ്പ് വരെ കിടന്നിരുന്നിടത്തെ അതേ…ഗന്ധം.ഞാൻ മൂക്ക് വിടർത്തി ആ ഗന്ധത്തിലേക്ക് തപ്പിതിരഞ്ഞു.അതേ…ഇതായിരുന്നു ഞാൻ നിന്നിടം…ഇവിടായിരുന്നു ഞാൻ…. സന്തോഷത്താലും,സമാധാനത്താലും വിതുമ്പി കരഞ്ഞു കൊണ്ട് മിഴികൾ ചിമ്മി തുറന്നു ഞാൻ കണ്ടു.

കണ്ണീരിലൂടെ പുഞ്ചിരിക്കുന്ന മുഖം.

അമ്മ.