അഭിരാമി 1
Author :Safu
നനവാര്‍ന്ന എന്റെ കണ്ണുകൾ തുറക്കുമ്പോള്‍ കഴുത്തിൽ താലി വീണു കഴിഞ്ഞിരുന്നു. നിര്‍വികാരതയോടെ ഞാൻ അതിൽ മിഴികള്‍ നട്ടു. ആ ഒരു നിമിഷത്തില്‍ തന്നെ നെറുകയില്‍ സിന്ദൂര ചുവപ്പും… താലിയുടെ അവകാശിയെ നോക്കാന്‍ പോയില്ല. അതിന്റെ ആവശ്യം ഇല്ല. നോക്കിയത് ദേവമ്മയുടെ കൈയിൽ ഒന്നും അറിയാതെ, എന്താണ് നടക്കുന്നത് എന്ന് പോലും മനസ്സിലാവാതെ തങ്ങള്‍ രണ്ട് പേരെയും മാറി മാറി നോക്കുന്ന മൂന്ന് വയസ്സ്കാരി പൊടി മോളെ ആണ്. അടുത്ത് നില്‍ക്കുന്ന ആളുടെ മിഴികളും അങ്ങോട്ട് തന്നെ എന്ന് നോക്കാതെ തന്നെ അറിയുന്നുണ്ടായിരുന്നു. പൊടി മോളെ നോക്കി ഒന്ന് ചിരിച്ചു ഞാൻ. ആളെ മനസ്സിലായില്ലെങ്കിലും പുള്ളിക്കാരി നാണം ചാലിച്ച ഒരു കുഞ്ഞു ചിരി എനിക്കും സമ്മാനിച്ചു. അതിൽ തന്നെ എന്റെ മനസ്സ് നിറഞ്ഞു. മിഴികളും….. അതേ…. ഞാൻ ഒരു അമ്മയായിരിക്കുന്നു… വീണ്ടും ഒരാളുടെ താലി കഴുത്തിൽ അണിയേണ്ടി വന്ന എന്റെ നിസ്സഹായാവസ്ഥ ആ ഒരു നിമിഷത്തെ ഓര്‍മയില്‍ ഞാൻ മനപ്പൂര്‍വ്വം മറന്നു. ഞാനും അമ്മയായി. ആ ഓര്‍മ പോലും വല്ലാതെ മനസ്സ് തണുപ്പിക്കുന്നു. ഓടി ചെന്ന് എന്റെ മോളെ, എന്റെ പൊടി മോളെ മാറോട് അടുപ്പിക്കാന്‍ കൊതിയാവുന്നു.
ചടങ്ങുകൾ ഒക്കെ തീര്‍ത്തു. അച്ഛനമ്മമാരെ നോക്കിയപ്പോൾ ഇരുവരുടേയും കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. സന്തോഷം ആണ് ആ രണ്ടു കണ്ണുകളിലും. ഏട്ടനെ നോക്കി. അവിടെയും സന്തോഷമാണ്. അനിയത്തിക്ക് നഷ്ട്ടപ്പെട്ട ജീവിതം വീണ്ടും കിട്ടിയതില്‍. പിന്നെ അതിഥിയെ നോക്കി. എന്റെ അനിയത്തി.. അവിടെ ഒരു ചെറിയ ആശങ്ക കണ്ടു. പാവം…..എന്നെ ഓര്‍ത്ത് ഏറ്റവും സങ്കടവും അവള്‍ക്ക് തന്നെയാണ്. അതിനു കാരണവും ഉണ്ട്. ഞാൻ മനസ്സ് തുറക്കുന്നത് അവള്‍ക്ക് മുന്നിലാണ്. എന്റെ മനസ്സിലെ എല്ലാ കാര്യങ്ങളും ഞാൻ പങ്കു വെക്കുന്നത് അവളോട് ആണ്. എനിക്ക് രണ്ട് വയസ്സിന് മാത്രം ഇളയത് ആണ്. എന്നാലും കൂട്ടുകാരിയുടെത് പോലുള്ള ബന്ധമാണ് ഞങ്ങൾ തമ്മില്‍.
ചെറുക്കന്റെ വീട്ടിലെ ഏതോ ഒരു മാമന്‍ പറയുന്ന കേട്ടു ഇറങ്ങാന്‍ നേരമായി എന്ന്. ആ ഒരു നിമിഷം എന്റെ ഹൃദയം ഒന്ന് നിന്നു പോയി. വീണ്ടും എന്റെ വീട്ടുകാരെ ഒന്ന് നോക്കി. ഏട്ടനെ നോക്കുമ്പോൾ മുഖത്ത് ഗൗരവം വരുത്തി നില്‍ക്കുന്നത് കണ്ടു. എനിക്കറിയാം ആ മനസ്സ്. കരച്ചില്‍ പിടിച്ചു നിര്‍ത്തുന്നതാണ്. ഏട്ടന്‍ അങ്ങനെയാണ്. പുറമെ ഗൗരവം ആണ്. അതുകൊണ്ട് തന്നെ പ്രത്യക്ഷത്തില്‍ ഒരു അടുപ്പം കുറവാണ്. ഇച്ചിരി പേടി ഉള്ളത് അച്ഛനേക്കാളും ഏട്ടനെ ആണ്. തെറ്റ് കണ്ടാല്‍ നല്ല കണ്ണ് പൊട്ടുന്ന ചീത്ത പറയും. പിന്നെ ഞങ്ങൾ ഉറങ്ങി കഴിഞ്ഞ് അടുത്ത് വരും. മുടിയില്‍ തലോടും. മൗനമായി Sorry പറയും പോലെ. അച്ഛനും ഏട്ടനും സ്ഥാനം കൊണ്ട് എനിക്കും അതിഥിക്കും ഒരുപോലെ ആണ്. എല്ലാവരെയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു. അതിഥി ചേര്‍ത്ത് പിടിച്ചു കവിളിൽ ഒരു ഉമ്മ തന്നു. കൂട്ടത്തില്‍ എല്ലാം ശരിയാകും ചേച്ചി എന്ന് എന്റെ ചെവിയില്‍ പറഞ്ഞു. പക്ഷേ എന്റെ മനസില്‍ അപ്പോൾ മൂന്നര വർഷങ്ങൾക്ക് മുന്നേ നടന്ന ഇതേ സാഹചര്യം ആയിരുന്നു. അന്ന് പ്രണയം സാക്ഷാത്കരിച്ചതിന്റെ സന്തോഷം ആണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ഒരു അമ്മ ആയി എന്ന സംതൃപ്തി ആണ്. വീണ്ടും ഭാര്യ ആയി എന്നത് ആലോചിക്കുംപോൾ ഒരു തരം നിര്‍വികാരതയാണ്. യാത്ര പറച്ചിലും കഴിഞ്ഞ് കാറിൽ കയറാൻ നില്‍ക്കുമ്പോഴാണ് ദേവമ്മയുടെ കൈയിൽ കിടന്നു കരയുന്ന പൊടി മോളെ വീണ്ടും കാണുന്നത്. വേഗം അടുത്ത് ചെന്നു. മോളെ എടുക്കാൻ കൈ നീട്ടി. കൂടെ വന്നില്ലെന്ന് മാത്രം അല്ല. കരച്ചില്‍ ഒന്ന് കൂടെ ഉച്ചത്തില്‍ ആയി. ചെറുതായി സങ്കടം വന്നു. പിന്നെ സ്വയം ആശ്വസിച്ചു. അവള്‍ക്ക് എന്നെ അറിയാത്തത് കൊണ്ടല്ലേ. വീണ്ടും കുഞ്ഞിനെ എടുക്കാൻ ഞാൻ കൈ നീട്ടാന്‍ പോകുമ്പോഴാണ് എന്റെ അടുത്ത് നിന്ന് മറ്റു രണ്ട് ബലിഷ്ഠമായ കൈകൾ കുഞ്ഞിന് നേരെ നീണ്ടത്. ആളെ കാണേണ്ട നിമിഷം ചാടി വീണു കൈയിൽ കേറി പൊടി മോള്. സ്വിച്ചിട്ട പോലെ ആളുടെ കരച്ചിലും നിന്നു. അപ്പൊ അച്ഛന്റെ കൈയിലേക്ക് പോകാൻ വേണ്ടി ഉള്ള കരച്ചില്‍ ആയിരുന്നു കുറുമ്പിയുടെ. മെല്ലെ നോക്കി പുഞ്ചിരിച്ചു ഞാൻ അവളെ. അപ്പോൾ തന്നെ ആള് അച്ഛന്റെ ഒന്നുകൂടെ ചേര്‍ന്നു നിന്നു.
“മോളെ അറിയാത്തത് കൊണ്ടാണ്. സാരമില്ല. ഇനി പതുക്കെ പരിചയം ആയിക്കൊള്ളും”. അതും പറഞ്ഞ് പുഞ്ചിരിച്ച് കൊണ്ട് ദേവമ്മ എന്നെ കാറിൽ കയറ്റി ഇരുത്തി. എനിക്ക് പിറകെ മോളെയും എടുത്ത് സിദ്ധാര്‍ത്ഥേട്ടനും കയറി.
കാറിൽ ഇരിക്കുമ്പോളും നമ്മുടെ ആൾ ഇടക്കിടെ അച്ഛന്റെ നെഞ്ചിൽ കിടന്ന് എന്നെ എത്തി നോക്കുന്നുണ്ട്. ആദ്യം എന്നെ നോക്കും. പിന്നെ സിദ്ധാര്‍ത്ഥേട്ടനെ. ഞാൻ എടുക്കാൻ വേണ്ടി കൈ നീട്ടി. കണ്ണടച്ച് ഒന്നുകൂടെ അച്ഛനെ ഇറുകെ പിടിച്ചു കിടന്നു കളഞ്ഞു കുറുമ്പി. എനിക്ക് ചിരി വന്നു ഇത്തവണ. ഒരു മണിക്കൂര്‍ യാത്ര ഉണ്ട്. യാത്രയില്‍ മുഴുവന്‍ പൊടി മോളുടെ കുറുമ്പും അവളുടെ അച്ഛന്റെ കൂടെ ഉള്ള കളിയും ഒക്കെ കണ്ടു കൊണ്ടിരുന്നു. വണ്ടി നിര്‍ത്തിയപ്പോഴാണു മോളുടെ മേലെ നിന്ന് ഞാൻ കണ്ണുകൾ പിന്‍വലിച്ചത്. അത് വരെ ഒരു ഇളം പുഞ്ചിരിയോടെ ഞാൻ അവളെ നോക്കി കാണുകയായിരുന്നു. എന്റെ മകളെ………
(തുടരും)
❤❤❤❤❤❤
കൊള്ളാം, പാരഗ്രാഫ് തിരിച്ച് ആയിരുന്നെങ്കിൽ വായിക്കാൻ കണ്ണിനും മനസ്സിനും കുറച്ചുകൂടി സുഖം ആയിരുന്നേനെ??
❤️❤️❤️
❤❤❤??
❤️❤️❤️
Paragraph സ്പേസിങ് കൊടുത്തിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ. Kadha is good
സ്പേസിങ് ഉള്ള കഥയും ഇല്ലാത്ത കഥയും ഒരു സൂപ്പര്മാര്ക്കറ്റും ഗോഡൗണും തമ്മിൽ കമ്പയർ ചെയ്യുന്ന വ്യത്യാസം ഉണ്ടാവും.
Thank you ❤️ Adutha partil shradhikkaam ❤️
Kurachoode content add chyarnu bro .
Kadha kollaam . Nannayittund
???
Thank you❤️
Adutha thavana pariharikkaam