അനിയത്തിക്കുട്ടി 42

ഇടയ്ക്കെപ്പോഴോ അവളെയൊരു നോക്ക് കാണാന്‍ വാതില്‍പ്പടിയില്‍ ചാഞ്ഞും ചെരിഞ്ഞും നിന്ന എന്നോട് അച്ചമ്മയാണ് പറഞ്ഞത് :ഉണ്ണീ പ്പങ്ങട് പോണ്ടാ.. എഴൂസം കഴിയട്ടെ ന്ന്” അതായിരുന്നൂ ഊണിലും ഉറക്കത്തിലും ഒരുമിച്ചായിരുന്ന ഞങ്ങളുടെ വേര്‍പ്പിരിയല്‍ …

കാത്തിരിപ്പിനൊടുവില്‍ ഏഴാം നാള്‍ കല്യാണപെണ്ണിനെ പോലെ ഒരുക്കിയ അവളെ അകത്തളത്തില്‍ വെച്ച് കണ്ടപ്പോള്‍ തെല്ലൊന്നു ഞാന്‍ പേടിച്ചു.. അവളുടെ കല്ല്യാണം ആണെന്ന്..

അതെ.. അതവളുടെ കല്ല്യാണം തന്നെ ആയിരുന്നു.. കുഞ്ഞിക്കല്ല്യാണം !!

ദക്ഷിണ നല്‍കി എന്‍റെ കാല്‍തൊട്ടു വന്ദിയ്ക്കാനായി കുനിഞ്ഞ അവളെ പിടിച്ചെഴുനേല്‍പ്പിച്ചപ്പോള്‍ കണ്ടത് വലിയൊരു മാറ്റമായിരുന്നു..

മരംകേറി പെണ്‍കുട്ടിയില്‍ നിന്നും പക്വതയുള്ള പെണ്ണിലേയ്ക്കുള്ള മാറ്റം..

നവവധുവിനേപോലോരുങ്ങിയ അവളെയും കത്തിച്ചുവെച്ച നിലവിളക്കിനെയും സാക്ഷിയാക്കി ഞാനുടച്ച തേങ്ങ രണ്ടായി മുറിഞ്ഞതും..

“കണ്ണുള്ള ഭാഗം ചെറുതായതിനാല്‍ “ഉണ്ണിമോള്‍ക്കാദ്യം ആണ്‍കുട്ടി ആയിരിക്കും ” എന്ന അച്ചാമയുടെ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു…

മാസങ്ങളില്‍ അവള്‍ക്കുണ്ടായ വയറുവേദനകൊണ്ട് തിരിഞ്ഞും വളഞ്ഞും പുളഞ്ഞും മണിക്കൂറുകള്‍ തള്ളി നീക്കുന്ന കണ്ട് ഒറ്റമൂലി പുസ്തകത്തില്‍ പ്രതിവിധി തിരഞ്ഞ എന്നെ അടുത്ത് വിളിച്ച് “അത് സാധാരണയാണ് മോനേ” എന്ന് പറഞ്ഞ് തന്നത് അമ്മയാണ്..

” കണ്ടോടീ.. നീയെത്ര തല്ലുകൊള്ളിപ്പിച്ചതാ ന്‍റെ കുട്ടീനെ.. ന്നിട്ട് കണ്ടോ.. ഇതേപോലെ ഉള്ള ആങ്ങളെ കിട്ടാന്‍ ഭാഗ്യം ചെയ്യണം..” എന്ന് അമ്മയവളെ സ്നേഹത്തോടെ ശാസിക്കുമ്പോള്‍ ആങ്ങളയെന്ന അഭിമാനത്തോടെ അവളെ നോക്കിയ നേരം..

നിറഞ്ഞൊഴുകിയ കണ്ണുനീര്‍ തുള്ളികളെന്നോട് “എല്ലാത്തിനും ക്ഷമിക്കണേ..ഉണ്ണ്യേട്ടാ..” എന്ന് പറയുന്ന പോലെ തോന്നി… എല്ലാം മനസിലാക്കി എന്ന അര്‍ത്ഥത്തില്‍ പുഞ്ചിരിക്കാനെ എനിക്കായുള്ളൂ…

നടപ്പിലും ഇരുപ്പിലും സംസാരത്തിലും എന്തിന് നോട്ടത്തില്‍ പോലും പ്രായത്തില്‍ കവിഞ്ഞ പക്വത ഉണ്ടായിരുന്നൂ അവള്‍ക്ക്…

തല്ലുകൂടിയും കിന്നാരം പറഞ്ഞും ഒപ്പം ഉണ്ടായിരുന്ന അവള്‍ ദൂരെ മാറിപ്പോയതും ഞാന്‍ തനിച്ചായതും അന്ന് തൊട്ടാണ്…

അന്ന് വിഷമിച്ച എന്നെ സമാധാനിപ്പിച്ചത് അച്ഛനാണ്.. “ടാ അവള് പെങ്കുട്ട്യല്ലേ.. നാളെ വേറെ ഒരു വീട്ടിലേക്ക് പോകേണ്ടതല്ലേ ന്ന്”

ശരിയാണ്.. ആ വേദനയെ തെല്ലു കുറയ്ക്കാനാകണം ഈ ചെറിയ പിരിയലെന്നു ഞാന്‍ ആശ്വസിച്ചു.. എങ്കിലും അവളിലെ മൗനം വീടിനെ ഉറക്കി…

എങ്കിലും കുപ്പിവളകളുടെയും പാദസരത്തിന്റെയും കിലുക്കങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഉറക്കത്തില്‍ നിന്നുണര്‍ത്തി…

4 Comments

  1. • • •「തൃശ്ശൂർക്കാരൻ 」• • •

    ❣️

  2. Real Story……

Comments are closed.