കാവിനുള്ളിലൂടെ അവർ അല്പദൂരം നടന്നു.
വനം അവസാനിക്കുന്ന
പടിഞ്ഞാറെ ഭാഗത്തുനിന്നുനോക്കിയാൽ
ബ്രഹ്മപുരത്തിന്റെ പകുതിയിലേറെയും കാണാമായിരുന്നു.
“മതി. വാ , പോകാം.”
അമ്മു തിരക്കുകൂട്ടി.
“നിക്കടി, നോക്ക് എന്തുരസാ കാണാൻ. അല്പനേരംകൂടെ കഴിഞ്ഞിട്ട് പോകാം.
പ്ലീസ് ടാ”
ഗൗരി വാശിപിടിച്ചു.
“മുത്തശ്ശൻ എന്നെ വഴക്കുപറയും. വാ ഗൗരിയേച്ചി.”
അമ്മുവിന്റെ നിർബന്ധപ്രകാരം അവർ തിരിച്ചുനടന്നു.
കാവിന്റെ കിഴക്കേ ഭാഗത്തെത്തിയപ്പോൾ ഗൗരി
നിലത്ത് മഞ്ചാടിമണികൾ കൊഴിഞ്ഞു വീണുകിടക്കുന്നതു കണ്ടു.
കാഞ്ഞിരമരത്തിനോടുചാരി അടുത്തുള്ള കല്ലിന്റെ മുകളിൽ തന്റെ ഐ ഫോൺവച്ചിട്ട് ഗൗരി അതുപെറുക്കാൻ നിന്നു.
ഒരു കൈകുമ്പിൾ നിറയെ മഞ്ചാടിമണികൾ കിട്ടിയ സന്തോഷത്തോടെ അവർ മനയിലേക്കുതിരിച്ചു.
പകുതിയെത്തിയപ്പോഴാണ് തന്റെ ഫോണെടുത്തില്ലയെന്ന് ഗൗരിക്ക് ഓർമ്മവന്നത്.
“അമ്മു ,ന്റെ ഫോണെടുത്തില്ല.”
“ഇയ്യോ…ഇനിയിപ്പ അത്രേം ദൂരം പോണ്ടേ, നിക്ക് വയ്യ.”
അമ്മുനിന്നു ചിണുങ്ങി.
കൈയിലുള്ള മഞ്ചാടിമണികൾ അമ്മുവിന് നേരെനീട്ടി.
“ഞാനെടുത്തിട്ട് വരാം, 30,000 രൂപ വിലയുള്ള ഫോണാ. അച്ഛൻ ചീത്തപറയും.”