അല്പം ഭയത്തോടെയാണ് അമ്മു ആ കാര്യം ഗൗരിയോട് പറഞ്ഞത്.
“ന്നിട്ട് ആ പെണ്ണ് ?”
“ആ കുട്ടി മരിച്ചു. പിന്നെ അതിന്റെ ആത്മാവ് അലഞ്ഞുനടക്കുന്നുണ്ടെന്ന് പറഞ്ഞ് മുത്തശ്ശനാ ബന്ധിച്ചത്.”
“എന്തൊരു നാടാണ് ആകെ ദുരൂഹത.”
“ഗൗരിയേച്ചി, ഇവിടെ ഒരു ഗന്ധർവ്വക്ഷേത്രമുണ്ട്. പിന്നെ അപ്പൂപ്പൻക്കാവും. എന്തുരസാ അവിടെ കാണാൻ, മ്മക്ക് ഒന്നുപോയിവന്നാലോ?”
അപ്പൂപ്പൻക്കാവ് എന്നുകേട്ടപ്പോൾ ഗൗരിക്ക് ആദ്യം ഓർമ്മാവന്നത് കാട്ടുവള്ളിയിൽ തൂങ്ങിയാടുന്ന മൃതദേഹമായിരുന്നു.
അല്പം ഭയം തോന്നിയെങ്കിലും വീണ്ടും ആ സ്ഥലമൊന്നുകാണാൻ ഗൗരി ആഗ്രഹിച്ചിരുന്നു.
നെൽവയൽ താണ്ടി ഇടത്തോട്ട് നീണ്ടുകിടക്കുന്ന മൺപാതയിലൂടെ അവർ രണ്ടുപേരുംകൂടെ നടന്നുനീങ്ങി.
കിളികളുടെ കലപില ശബ്ദവും കാറ്റിന്റെ മർമ്മരഗീതവും ഗൗരിയുടെ മനസിന് കുളർമ്മയേകി.
പൊട്ടിപ്പൊളിഞ്ഞു കരിങ്കൽ നിർമ്മിതമായ ഗന്ധർവ്വക്ഷേത്രത്തിന്റെ അകത്തേക്ക് അവർ കയറി.
ശിലകൊണ്ടുനിർമ്മിച്ച രൂപങ്ങളുടെ പലഭാഗങ്ങളും നശിച്ചിരുന്നു.
കാട്ടുവള്ളികൾ ശ്രീകോവിലിനെ വാരിപ്പുണർന്നിരുന്നു.
ശ്രീകോവിലിനുള്ളിൽ എണ്ണക്കറപിടിച്ചപോലുള്ള ഒരു വിഗ്രഹം ഗൗരി കണ്ടു.
“ഇതാണ് ഗന്ധർവ്വൻ ലേ ?”
“മ്, അതെ”
ഗൗരി ഫോണെടുത്ത് അവിടെനിന്നു ഒരുപാട് സെൽഫി ഫോട്ടോകൾ എടുത്തു.
വൈകാതെ അവർ അപ്പൂപ്പൻക്കാവിലേക്കു മടങ്ങി.
അമ്മു ഗൗരിയെ കാട്ടുവഴികളിലൂടെ കൊണ്ടുപോയി.
അകലെനിന്നും ഗൗരി കണ്ടു. അപ്പൂപ്പന്താടികൾ കാറ്റിൽ പറന്നു നടക്കുന്നത്.
കാവിലേക്ക് കടന്ന ഗൗരിക്ക് അല്പം ഭയംതോന്നിതുടങ്ങിയിരുന്നു.