“അമ്മൂട്ടി,”
പുരുഷശബ്ദം കേട്ട അമ്മു ചുറ്റിലും നോക്കി. ആരെയും കണ്ടില്ല.
“ആരാ അത് ?..”
“ദേ ഇവിടെ, മുകളിൽ.”
കവിമുണ്ട് മടക്കിക്കുത്തി മാറിടങ്ങളെ മറക്കുംവിധം തോർത്തുമുണ്ടുധരിച്ച് ഒരു സുന്ദരനായ ചെറുപ്പക്കാരൻ, കുരുത്തോല കെട്ടുന്നുണ്ടായിരുന്നു.
“ഹാ, അനിയേട്ടൻ.”
പുഞ്ചിരി പൊഴിച്ചുകൊണ്ട് അമ്മുപറഞ്ഞു.
“ആരാ അമ്മുവേ പുതിയ അവതാരം. മുൻപ് കണ്ടിട്ടില്ല്യല്ലോ”
“അമ്മാവന്റെ മകളാ ഗൗരി ബാംഗ്ളൂരായിരുന്നു, കുറച്ചൂസം ണ്ടാവും.”
ഗൗരി അയാളുടെ മുഖത്തേക്കുനോക്കിക്കൊണ്ട് പുഞ്ചിരിച്ചുനിന്നു.
“വാ, പോവാം”
ഗൗരി അമ്മുവിന്റെ കൈകൾ പിടിച്ചുവലിച്ചു.
ചെരുപ്പുധരിച്ച് അവർ മനയിലേക്കുമടങ്ങി.
“നാട്ടിലെ മുഴുവൻ ചെക്കന്മാരെയും അറിയും ലേ,”
പുച്ഛത്തോടെ ഗൗരി ചോദിച്ചു.
“സൗന്ദര്യം നിക്കൊരു ശാപമാണ് ഗൗരിയേച്ചി”
“ഹോ, ഒരു ഐശ്വര്യാ റായി, കണ്ടാലും പറയും, ഏതാ ആ ചെക്കൻ ?..”
“വല്യ പഠിപ്പുള്ള ആളാ, മനുഷ്യമനസിനെ കുറിച്ച് ഇപ്പോൾ റിസർച്ച് ചെയ്യുന്നുണ്ടെന്ന് കേട്ടു.”
അല്പം ശബ്ദംതാഴ്ത്തി ഗൗരിയുടെ ചെവിയിൽപറഞ്ഞു.
” ആഭിചാരകർമ്മങ്ങൾ ചെയ്യുന്ന ഒരു മന്ത്രവാദി ണ്ട്. മാർത്താണ്ഡൻ.
അയാളുടെകൂടെ ഇപ്പ കൂട്ട്, ഒരു വർഷം മുൻപ് സീത എന്ന പെൺകുട്ടിയെ വശീകരിച്ച് ആഭിചാരകർമ്മങ്ങൾക്കു വേണ്ടി മാർത്താണ്ഡനെ സഹായിച്ചത് ഇയാളാന്ന് കേട്ടുകേൾവി ണ്ട്.
ആരോടും പറയണ്ടട്ടോ..”