യക്ഷയാമം (ഹൊറർ) – 8 59

അമ്മു വിരൽചൂണ്ടിയഭാഗത്തേക്ക് ഗൗരി സൂക്ഷിച്ചുനോക്കി.

‘ശ്രീനിയേട്ടന്റെ പാവന സ്മരണക്ക്’

“അച്ഛനാ”
അമ്മു തേങ്ങി തേങ്ങി കരഞ്ഞു.

“ഇവിട്യാ അച്ഛൻ സന്ധ്യക്ക് വന്നിരിക്കാറ്.”
ഉള്ളിൽ അടക്കിപ്പിടിച്ച സങ്കടം മിഴിനീർക്കണങ്ങളായി കവിൾത്തടംതാണ്ടി അധരങ്ങളിലേക്കൊലിച്ചിറങ്ങി.

ഗൗരി അവളുടെ അടുത്തേക്കുവന്ന് കണ്ണുനീർത്തുള്ളികളെ ചൂണ്ടുവിരൽകൊണ്ട് തുടച്ചുനീക്കി.

“ഏയ്‌,അമ്മൂ, സാരല്ല്യ. വാ നമുക്ക് തൊഴുതിട്ട് വരാം”

അവളെ തോളോട് ചേർത്തുപിടിച്ച് ഗൗരി ക്ഷേത്രത്തിലേക്ക് നടന്നു.

ക്ഷേത്രാങ്കണത്തിൽ നടക്കുനേരെയുള്ള ‘നന്ദി’യുടെ പ്രതിഷ്ഠക്ക് നെറുകയിൽ തലോടികൊണ്ട് ഗൗരി ബലിക്കലിനെ വലതുവശത്താക്കി പടികളെ തൊട്ട് നെറുകയിൽവച്ച് ശ്രീകോവിലിനുള്ളിലേക്ക് കടന്നു.

“തിരുമേനി, രണ്ട് പുഷ്‌പാഞ്ജലി, പിൻവിളക്ക്, ധാര ”

രസീത് കൊടുക്കുന്ന സ്ഥലത്ത് അമ്മു നിന്നു.

“പേരും നാളും പറയൂ.”

“അമ്മു അശ്വതി. ഗൗരി കാർത്തിക.”

രസീതും നെയ്യൊഴിച്ച ചെറിയ വിളക്കുംവാങ്ങി മഹാദേവന്റെ തിരുസന്നിധിയിൽ അർപ്പിച്ചു.

ഭഗവതിയെയും, വിഘ്‌നേശ്വരനെയും, ശാസ്താവിനെയും വാണങ്ങി വീണ്ടും അവർ ശ്രീകോവിലിനുമുൻപിൽ ചെന്നുനിന്നു.

ശിവലിംഗത്തെ തഴുകി ശുദ്ധജലം ധാരയായി ഒഴുകുന്ന കാഴ്ച്ചകണ്ട ഗൗരിയുടെ കൈകളിലെ ചെറിയ രോമങ്ങൾവരെ കോരിത്തരിപ്പിച്ചു.

കണ്ണുകളടച്ച് അല്പനേരം അവൾ മനസുതുറന്നത്‌ പ്രാർത്ഥിച്ചു.

ശേഷം പുണ്യാഹം വാങ്ങി നാഗരാജാവിനെയും നാഗയക്ഷിയെയും വണങ്ങി അംബലത്തിൽനിന്നുമിറങ്ങി.