“ആഹ്‌ഹാ,കെട്ടിക്കാറായല്ലോ പെണ്ണിനെ ഹഹഹ…”
“ഒന്നുപോ മുത്തശ്ശാ”
നാണത്തോടെ ഗൗരി പറഞ്ഞു.
“അതയ്, പുണ്ണ്യാഹം മറക്കേണ്ട.
തിരുമേനിയോട് പറയു ഇങ്ങടാണെന്ന്.”
“ഉവ്വ്,”
അമ്മു തിരിഞ്ഞുനോക്കികൊണ്ട് പറഞ്ഞു.
പടിപ്പുര താണ്ടി അവർ രണ്ടുപേരും നടന്നകലുന്നത് അചലമിഴികൾകൊണ്ട് തിരുമേനി നോക്കിയിരുന്നു.
ഹരിദാർദ്രമായ മണ്ണിലൂടെ നെൽകതിരുകളെ തലോടികൊണ്ട് ബ്രഹ്മപുരം ശിവക്ഷേത്രത്തിലേക്ക് രണ്ടുപേരും നടന്നുനീങ്ങി.
നെൽവയലിന്റെ അവസാനം ചെന്നെത്തിയത് ഒരു ഇടവഴിയുടെ തുടക്കത്തിലാണ്.
“അമ്മു, ന്ത് രസാ ഈ വഴിയിലൂടെ നടക്കാൻ”
ഗൗരി മണ്ണിൽപണിഞ്ഞ മതിലുകളിലെ പുൽനാമ്പുകളെ തലോടികൊണ്ട് പറഞ്ഞു.
ആർദ്രമായ കൈകളിൽ ഹിമകങ്ങൾ കുളിരേകികൊണ്ടേയിരുന്നു.
ഇടവഴി ചെന്നവസാനിച്ചത് വലിയ ഒരാലിന്റെ അടുത്തായിരുന്നു.
ഗൗരി ആലിന്റെ മുകളിലേക്കൊന്നുനോക്കി.
അനന്തമായി ആർക്കും ശല്യമില്ലാതെ അത് പടർന്നുപന്തലിച്ചു നിൽക്കുന്നുണ്ടായിരുന്നു.
ആൽത്തറയിൽ കയറി അമ്മു മൗനമായി അല്പനേരമിരുന്നു.
കിഴക്കുനിന്ന് വന്ന ഇളംങ്കാറ്റ് അവളെ തലോടികൊണ്ടേയിരുന്നു.
“ഗൗരിയേച്ചി, ഇവിടെയിരിക്കുമ്പോൾ നിക്ക് ന്റെ അച്ഛന്റെ മടിയിലിരിക്കുന്നപോലെയാ.”
നിറമിഴികളോടെ അമ്മുപറഞ്ഞു.
ഒന്നും മനസിലാകാതെ ഗൗരി അവളെത്തന്നെ നോക്കി.
വലതുവശത്തുള്ള ബോർഡിലേക്ക് അമ്മു വിരൽചൂണ്ടി.