യക്ഷയാമം (ഹൊറർ) – 8 59

എണീറ്റുപോകുമ്പോൾ അയാൾ വലതുഭാഗത്തിരിക്കുന്ന തളികയിൽനിന്നും ഒരുന്നുള്ളുഭസ്മമെടുത്തിരുന്നു.

വലതുകൈയിൽ കരുതിയ ഭസ്മം അയാൾ ഗൗരിയുടെ നെറ്റിയിൽ തൊട്ട് അല്പനേരം കണ്ണുകളടച്ചുപിടിച്ചുകൊണ്ട് മന്ത്രങ്ങൾ ജപിക്കുവാൻ തുടങ്ങി.

മന്ത്രജപങ്ങൾ കഴിഞ്ഞതും ഗൗരി കുഴഞ്ഞുവീണതും ഒരുമിച്ചായിരുന്നു.

പൂജകഴിഞ്ഞ് തിരുമേനി ഗൗരിയെകോരിയെടുത്ത് മനയിലേക്ക് നടന്നു.

തിങ്കളിനെ മറച്ചുപിടിച്ച കാർമേഘങ്ങൾ തിരുമേനിയുടെ സാനിധ്യമറിഞ്ഞയുടനെ എങ്ങോട്ടോ ഓടിയൊളിച്ചു.

തുറന്നിട്ട കിഴക്കേജാലകത്തിലൂടെ അരുണരശ്മികൾ ഗൗരിയുടെ കവിളിൽ ഇളംചൂട് പകർന്നപ്പോൾ മിഴികൾതുറന്ന് അവൾ ചുറ്റുംനോക്കി.

പെട്ടന്ന് കട്ടിലിൽ നിന്ന് അവൾ ചാടിയെഴുന്നേറ്റു.

കഠിനമായ തലവേദന അവളെ അലട്ടികൊണ്ടിരുന്നു.

“ഇന്നലെ, എന്താ സംഭവിച്ചേ ?..
അവിടെ, ഞാനെന്തോ കണ്ടല്ലോ.
ദേവീ… എനിക്ക് ഓർക്കാൻ കഴിയുന്നില്ല്യാ.”

ഗൗരി തന്റെ ശിരസിനെ രണ്ടുകൈകൾകൊണ്ട് അമർത്തി പിടിച്ചു.

“ഗൗരിയേച്ചീ…”

അകലെനിന്നുകേട്ട ആ ശബ്ദം അമ്മുവിന്റെയാണെന്ന് തിരിച്ചറിയാൻ ഗൗരിക്ക് അധികസമയം വേണ്ടിവന്നില്ല.

കോണിപ്പടികൾ കയറി അമ്മു ഗൗരിയുടെ മുറിയിലേക്ക് നടന്നുവന്നു.

ഇളംപച്ച നിറത്തിലുള്ള പട്ടുപാവാടയിൽ സ്വർണമിറമുള്ള കസവ് അവളുടെ മുഖം പോലെ തിളങ്ങിനിന്നു.

അഞ്ജനം വാൽനീട്ടിയെഴുതിയിട്ടുണ്ട്.
നെറ്റിയിൽ ഭഗവതിയുടെ കുങ്കുമവും, മഹാവിഷ്ണുവിന്റെ ചന്ദനവും അണിഞ്ഞിരിക്കുന്നു.
ചുണ്ടിന്റെ ഇടതുഭാഗത്തുള്ള ചെറിയ കാക്കാപുള്ളി പുഞ്ചിരിപൊഴിക്കുമ്പോൾ
അല്പം മുകളിലേക്ക് കയറിനിൽക്കുന്നുണ്ടായിരുന്നു.