യക്ഷയാമം (ഹൊറർ) – 7 35

ഗൗരി കിഴക്കേഭാഗത്തെ ജാലകപൊളി തുറന്നുനോക്കി.
നിലാവല ഒഴുകി നടക്കുന്നു.
ചെമ്പപ്പൂവിരിഞ്ഞു തുടങ്ങി.
തിങ്കൾ അവയോരോന്നിയെയും തഴുകി തലോടികൊണ്ടേയിരുന്നു.

കിഴക്കുനിന്ന് ഇളംതെന്നൽ അവളുടെ മുടിയിഴകളെ തഴുകി.
അവളുടെ മുഖം നിലാവിന്റെ നീലവെളിച്ചത്തിൽ തിളങ്ങിനിന്നു.

പെട്ടന്ന് മണിയടിശബ്ദം വീണ്ടും കേട്ടു.

ശബ്ദം കേട്ടദിക്കിലേക്ക് അവൾ സൂക്ഷിച്ചുനോക്കി.

ദൂരെ ചെറിയൊരു കുടിൽ. അഗ്നിയുടെ വെളിച്ചത്തിൽ രണ്ടോ മൂന്നോപേർ ഇരിക്കുന്നത് കാണാം.

അല്പനേരം കൂടെ കാത്തിരുന്നപ്പോൾ അവിടെനിന്നും മന്ത്രോച്ചാരണങ്ങൾ കേൾക്കാൻ തുടങ്ങി.

“ദേവീ, മുത്തശ്ശനാണല്ലോ അത്. രാവിലെ മാന്ത്രികപ്പുരയിൽ പ്രത്യേക പൂജയുണ്ടെന്ന് പറഞ്ഞിരുന്നു. ഇനി ഇതാണോ അത്.

അവൾ തന്റെ മൊബൈൽ എടുത്തുനോക്കി.

സമയം 1.10.

“ഈ സമയത്ത് എന്തുപൂജയാ മുത്തശ്ശൻ ചെയ്യുന്നേ?..”

ഉദിച്ചുയർന്ന സംശയം അവളുടെ നിദ്രയെ തടസപ്പെടുത്തി.

“ഇനി മുത്തശ്ശൻ പറഞ്ഞ പൂജയാണോ ഇത്. ഒന്നുപോയിനോക്കിയാലോ?”

ജാലകത്തിലൂടെ പുറത്തേക്കുനോക്കിക്കൊണ്ട് അവൾ സ്വയം ചോദിച്ചു.

“മുത്തശ്ശനല്ലേ, പോയിനോക്കാം.”

ഗൗരി തന്റെ ഷാളെടുത്തുതോളിലേക്കിട്ടു.
ശബ്ദമുണ്ടാക്കാതെ കോണിപ്പടികൾ ഇറങ്ങി ഉമ്മറവാതിലിലൂടെ പുറത്തേക്കുനടന്നു. കിഴക്കേ മാന്ത്രികപ്പുര ലക്ഷ്യമാക്കി അവൾ ഓരോകാൽച്ചുവടുകൾവച്ചു.

അല്പം നടന്നപ്പോൾ മാന്ത്രികപ്പുരയിലേക്കുള്ള വഴി ഇതല്ലന്ന് മുന്നിൽ കാടുകെട്ടിയ ചെറിയ കാട്ടുവള്ളികളും, ചെടികളും പറഞ്ഞു.