യക്ഷയാമം (ഹൊറർ) – 7 35

“പിന്നെ, സൂര്യോദയത്തിന് മുൻപേ എല്ലാവരും എണീക്കണം.”
കിടന്നുകൊണ്ട് മുത്തശ്ശൻ പറഞ്ഞു.

മറുത്തൊന്നും പറയാതെ ഗൗരി അടുക്കളയിലേക്കു ചെന്നു.

ചിറ്റയെ സഹായിക്കുന്ന രണ്ടു സ്ത്രീകൾ അടുക്കളയിൽ പാത്രം കഴുകിനിൽക്കുന്നുണ്ടായിരുന്നു.

ഗൗരി അത്താഴം കഴിക്കാൻ ഊണുമേശയുടെ അടുത്തുചെന്നിരുന്നു.

ചിറ്റ ഇലയിട്ട് ആവിപറക്കുന്ന നെല്ലുകുത്തരിചോറുവിളമ്പി.
കൂടെ തേങ്ങ വറുത്തറച്ച സാമ്പാറും, അവിയലും, പപ്പടവും, കടുമാങ്ങാഅച്ചാറും.
ഇലവടിച്ച് വൃത്തിയാക്കി ഗൗരി കസേരയിൽ നിന്നെഴുന്നേറ്റു.

“ചിറ്റേ, ഈ ഭക്ഷണത്തിന്റെ ഏഴയലത്തു വരില്ലാ ബാംഗ്ലൂരിൽനിന്ന് കഴിക്കുന്ന ഭക്ഷണം.”

“ഉവ്വ്, ചെന്നുകൈകഴുകൂ.. എന്നിട്ട് ഉറങ്ങാൻ നോക്ക് നാളെ സൂര്യോദയത്തിനു മുൻപേ എണീക്കണം.”

കൈകഴുകിയ ഗൗരിയെ അംബികചിറ്റ
മുറിയിൽ കൊണ്ടുകിടത്തി.

കെ ആർ മീരയുടെ ആരാച്ചാർ വായിച്ചുകിടന്ന് അറിയാതെ അവൾ ഉറക്കത്തിലേക്ക് വഴുതിവീണു.

രാത്രിയുടെ യാമങ്ങൾ കടന്നുപോയി.
പെട്ടന്ന് കൂട്ടമണിയടിയുടെ ശബ്ദംകേട്ട് ഗൗരി ഉറക്കത്തിൽനിന്ന് ഞെട്ടിയെഴുന്നേറ്റു.

“ആരാ ഈ രാത്രിയിൽ…”

ജാലകത്തിനരികിലേക്കുവന്ന് ഗൗരിപുറത്തേക്കുനോക്കി. പൂർണചന്ദ്രൻ പുഞ്ചിരിപൊഴിച്ചുകൊണ്ടു നില്ക്കുന്നു.
കാട്ടുമുല്ല വിരിയുന്ന സുഗന്ധം ജാലകത്തിലൂടെ അകത്തേക്ക് കയറിവന്നു.

“ഇല്ല..! ഇപ്പോൾ കേൾക്കുന്നില്ലല്ലോ”
അവൾ സ്വയം പറഞ്ഞു.