യക്ഷയാമം (ഹൊറർ) – 7 35

“ചിറ്റേ..വിട്, ആരോ അവിടെ ?..”
ഗൗരി തന്റെ കൈകൾ ബലമായി കുടഞ്ഞു.

അപ്പോഴേക്കും അവർ ഇടനാഴികയിലെത്തിയിരുന്നു.

നിലാവെളിച്ചം കിളിവാതിലിലൂടെ അകത്തേക്കുകടന്നുവന്നു.

“ഹും, ”
ചിറ്റയുടെ കൈവിട്ട് ഗൗരി ദേഷ്യത്തോടെ ഉമ്മറത്തേക്കുനടന്നു..

“മുത്തശ്ശാ..”

ഉമ്മറത്തിണ്ണയിൽ ഇരിക്കുകയായിരുന്ന തിരുമേനിയെ ഗൗരി നീട്ടിവിളിച്ചു.

“എന്താ മോളേ?”
ചാരുകസേരയിൽ ഇരുന്നുകൊണ്ട് അദ്ദേഹം ചോദിച്ചു.

“അവിടെ, നിലവറക്കുള്ളിൽ ആരോ കരയുന്നു.”

“അവിടെയൊന്നുല്ല്യാ കുട്ട്യേ, നിനക്ക് തോന്നിതാകും”

തിരുമേനി അവളെ പറഞ്ഞു സമാധാനിപ്പിച്ചു.

“അല്ല..! ഞാൻ കേട്ടു.”

അതിനെക്കുറിച്ച് കൂടുതലൊന്നും പറയാതിരിക്കാൻ തിരുമേനി അവൾ ഫോണിലൂടെ വിളിച്ചുചോദിച്ച കാര്യത്തെ കുറിച്ചു ചോദിച്ചു.

അപ്പോളാണ് താൻ മുൻപുകണ്ട കറുത്തരൂപത്തെകുറിച്ച് ഗൗരി ഓർത്തെടുത്തത്.

“മുത്തശ്ശാ, സത്യം പറഞ്ഞാൽ അക്കാര്യാ ഞാൻ ആദ്യം ചോദിക്കണം ന്ന് വിചാരിച്ചെ.
എന്താ അത് ഒരു… നിഴൽപോലെ..?

തിരുമേനി തന്റെ മിഴികൾ അല്പനേരം അടച്ചുപിടിച്ചു.

“മോളെ ഗൗരി, അമാവാസിയിലെ കാർത്തികയാണ് നിന്റെ ജനനം.
ആറ് നക്ഷത്രങ്ങൾ ചേർന്നതാണ് കാർത്തിക.