ഓരോ കാൽപാദങ്ങൾ വയ്ക്കുംതോറും അന്ധകാരം ചുറ്റിലും വ്യാപിച്ചുകൊണ്ടിരുന്നു.
“ചിറ്റേ, ന്തൊരു ഇരുട്ടാ ”
അംബികചിറ്റയുടെ ഇടതുകൈയിൽ ഗൗരി പിടിമുറുക്കി.
അല്പം നടന്നതിനുശേഷം നിലവറക്ക് സമാന്തരമായി ഒരുവാതിൽ അടഞ്ഞുകിടക്കുന്നതുകണ്ട ഗൗരി ചിറ്റയോട് കാര്യം തിരക്കി.
“മനക്കലിൽ ദുർമരണപ്പെട്ടവരുടെ ആത്മാക്കളെ അച്ഛൻ അടക്കംചെയ്തത് ഈ അറക്കുള്ളിലാ”
ചിറ്റ കൂടെയുണ്ടെങ്കിലും ഭയം അവളെ വേട്ടയാടിയിരുന്നു.
ക്ഷയിച്ചുപോയ വിജാവിരിയുടെ ശബ്ദം നിലവറയുടെ വാതിൽ തുറന്നപ്പോൾ നിറഞ്ഞൊഴുകി.
കൈവിളക്കിന്റെ വെളിച്ചത്തിൽ കല്ലുകൊണ്ട് രൂപകൽപന ചെയ്ത് പരദേവതകളെ ഗൗരി പൂർണ്ണമായും കണ്ടു.
എണ്ണക്കറ പിടിച്ച ചിരാതിൽ കൈയിൽകരുതിയ എണ്ണയൊഴിച്ച് തിരിയിട്ടുകത്തിച്ചു.
ഗൗരി ചിറ്റയുടെ പ്രവർത്തനങ്ങൾ കണ്ട് അദ്‌ഭുതപ്പെട്ടുനിന്നു.
“ഹോ, എന്നാലുമെന്റെ ചി….”
പറഞ്ഞു മുഴുവനാക്കാൻ നിൽക്കുമ്പോഴേക്കും അംബികചിറ്റ ഗൗരിയുടെ ആർദ്രമായ ചുണ്ടുകൾ കൈകൊണ്ട് പൊത്തിപ്പിടിച്ചു.
“ശ്………….”
മിണ്ടാരുതെന്ന് ആംഗ്യം കാണിച്ചുണ്ട് അവർ അല്പനേരം കണ്ണുകളടച്ചു നിന്നു.
ചുറ്റിലും നോക്കിയ ഗൗരിക്ക് അവളുടെ ഹൃദയമിടിപ്പിന്റെ ശബ്ദം പുറത്തേക്ക് കേൾക്കാമായിരുന്നു.
“തിരിഞ്ഞുനോക്കാതെ വാ മോളേ…”
കണ്ണുകൾ തുറന്ന് ചിറ്റ ഗൗരിയുടെ ചെവിൽ പതിയെ പറഞ്ഞു.
വിളക്കിന്റെ മഞ്ഞവെളിച്ചതിൽ ചിറ്റ നിലവറയുടെ വാതിൽ അഴിയിട്ടുപൂട്ടി.
കൈവിളക്കും പിടിച്ചുകൊണ്ട് ചിറ്റ മുന്നിൽ നടന്നു.
പിന്നിൽ ആരൊക്കെയോ നിലവിളിക്കുന്ന ആ ശബ്ദം കേട്ടയുടനെ അംബികചിറ്റ ഗൗരിയുടെ കൈയുംപിടിച്ച് വേഗത്തിൽ നടന്നു.
തിരിഞ്ഞുനോക്കിയ ഗൗരി അന്ധകാരത്തിൽ ആരൊക്കെയോ കൈകാലുകളിട്ടടിച്ച് നിലവിളിച്ചു കരയുന്നതുപോലെ തോന്നി.