മന്ത്ര-യന്ത്രൗഷധികളുടെ പ്രയോഗം ഇതില്‍ നമുക്ക് കാണാം. ലോകവശ്യം, സര്‍വ്വവശ്യം, രാജവശ്യം, സ്ത്രീവശ്യം, പതിവശ്യം, പുരുഷവശ്യം എന്നിങ്ങനെ വിവിധങ്ങളായ വശ്യ പ്രയോഗങ്ങളുണ്ട്.
ഇതൊക്കെ വശീകരണത്തിൽപ്പെടും.”
പതിയെ തിരുമേനി തെളിനീരുപോലെയുള്ളജലത്തിൽ മുങ്ങിനിവർന്നു.
സ്നാനം കഴിഞ്ഞ് തിരുമേനി ഗൗരിയെയും കൂട്ടി മനയിലേക്ക് ചെന്നു.
അരുണൻ തിരശീലയിട്ടുതുടങ്ങി.
കിഴക്കുഭാഗത്ത് തിങ്കൾ നിലാവെളിച്ചം ചൊരിയാൻ തയ്യാറായിനിന്നു.
അടുത്തുള്ള ശിവക്ഷേത്രത്തിൽനിന്നും ഭക്തിഗാനങ്ങൾ ഒഴുകിയെത്തി ഗൗരിയുടെ കർണ്ണപടത്തിൽ തട്ടിനിന്നു.
“ഈ ഭക്തിഗാനം കേൾക്കുന്ന ക്ഷേത്രം അടുത്തണോ മുത്തശ്ശാ ?..”
“മ്, അതെ, നമുക്ക് രാവിലെ പോകാം.”
ഉമ്മറത്തേക്കുകയറി തിരുമേനി കിണ്ടിയിൽ നിന്നും ശുദ്ധജലമെടുത്ത് ഒരുതവണകൂടി കാലുകൾ കഴുകി ശുദ്ധിവരുത്തി.
നേരെച്ചെന്നുകയറിയത് ഇടനാഴി കഴിഞ്ഞുള്ള വലതുഭാഗത്തെ കിഴക്കോട്ടുമുഖമുള്ള പൂജാമുറിയിയിലേക്കായിരുന്നു.
കൂടെച്ചെന്ന ഗൗരി അവിടുത്തെ കാഴ്ച്ചകൾ കണ്ട് അമ്പരന്നു നിന്നു.
നിലത്ത് പട്ടിൽ ഭദ്രകാളിയുടെ വലിയൊരു വിഗ്രഹം. ദേവിയുടെ കാലുകൾ കുങ്കുമംകൊണ്ട് മൂടിയിരിക്കുന്നു.
ചുറ്റിലും ദീപം കൊളുത്തി പൂജാമുറിയെ വർണ്ണാലങ്കാരമാക്കിയിട്ടുണ്ട്.
തിരുമേനി നിലത്ത് പീഠത്തിലിരുന്ന് കൈവിളക്കിൽ തിരിയിട്ടുകത്തിച്ചു.
ശേഷം ദേവിയെ സ്തുതിച്ചുകൊണ്ട് നാമങ്ങളാൽ അഭിഷേകം ചെയ്തു.
പ്രാർത്ഥന കഴിഞ്ഞ് തിരുമേനി അംബികചിറ്റയെ വിളിച്ച് നിലവറയിലെ പരദേവതകൾക്ക് വിളക്ക് തെളിയിക്കുവാൻ കൈവിളക്ക് ചിറ്റയുടെ നേരെ നീട്ടി.
അംബികചിറ്റ വിളക്ക് ഏറ്റുവാങ്ങി ഗൗരിയെയും വിളിച്ച് നിലവറയിലേക്ക് നടന്നു.
അടുക്കള ഭാഗത്തുനിന്ന് അല്പം വലത്തോട്ടുമാറി ചെറിയ ഇടനാഴിയിലൂടെ അവർ മുന്നോട്ടുനടന്നു.