ഗൗരിയുടെ അച്ഛന്റെ അനിയന്റെ ഭാര്യയാണ് അംബിക. ഹൃദയസ്തംഭനംമൂലം വർഷങ്ങൾക്ക് മുൻപ് അദ്ദേഹം മരണമടഞ്ഞിരുന്നു.
ശേഷം അംബികചിറ്റ കീഴ്ശ്ശേരിയിലായിരുന്നു താമസിച്ചു വരുന്നത്.
“ന്തിനാ അംബികേ ഇപ്പൊ എണ്ണയിടുന്നെ, നീരിറങ്ങിയാൽ നിനക്കുതന്നെ ജോലിയാവില്ല്യേ..”
കൽപ്പടവുകളിൽ ഇരിപ്പുറപ്പിച്ച തിരുമേനി പറഞ്ഞു.
“സാരല്ല്യ, ന്റെ കുട്ട്യല്ലേ…”
എണ്ണകൊടുത്ത് അംബികചിറ്റ തിരഞ്ഞുനടന്നു.
ഗൗരി തന്റെ മൃദുലമായകാലുകൾ പതിയെ കുളത്തിലേക്ക് ഇറക്കിവച്ചു.
കൊലുസണിഞ്ഞകാലിന്റെ ചെറിയ രോമങ്ങൾക്കിടയിലൂടെ തണുപ്പ് ശരീരത്തിലേക്ക് പ്രവാഹിക്കാൻ തുടങ്ങി.
ഒറ്റകുതിപ്പിന് ഗൗരി നീലനിറത്തിലുള്ള ജലത്തിലേക്ക് എടുത്തുചാടി.
കൈയിലുള്ള മുറുക്കാൻ നിലത്തിട്ട് ശങ്കരൻതിരുമേനി ഭയത്തോടെ ചാടിയെണീറ്റു.
വൈകാതെ ചതുരാകൃതിയിലുള്ള കുളത്തിൽ ഗൗരി നീന്തിക്കളിക്കുന്നത് കണ്ട തിരുമേനി നെഞ്ചിൽ കൈവച്ച് ദീർഘശ്വാസമെടുത്ത് നിന്നു.
“നിനക്ക് നീന്താൻ അറിയായിരുന്നു ല്ലേ ?..
കുളത്തിലെ ജലം വായയിലേക്കെടുത്ത് ഗൗരി നീട്ടിതുപ്പി.
“ഉവ്വ്, ഞങ്ങൾക്ക് ബാംഗ്ളൂരിൽ സ്വിമിങ് പൂൾ ഉണ്ട് മുത്തശ്ശാ ”
“പേടിച്ചു പോയി ഞാൻ”
“ആരുടെയാ മുത്തശ്ശാ അവിടെകണ്ട മൃതദേഹം ?..”
കുളത്തിൽ നിന്നുകൊണ്ട് ഗൗരി ചോദിച്ചു.
“അത് കുട്ടൻ, വാര്യരുടെ മകനാണ്. നല്ല വിദ്യാഭ്യാസമുള്ള പയ്യനാ, പക്ഷേ…”
കൈക്കുമ്പിളിൽ കാച്ചിയ ചെമ്പരത്ത്യതിയുടെ എണ്ണയെടുത്ത് നെറുകയിൽ തേക്കുന്നതിനിടയിൽ തിരുമേനി പറഞ്ഞു.
“എന്തിനാ തൂങ്ങിമരിച്ചെ?”
“തൂങ്ങിമരിച്ചതല്ല, കൊന്നതാ.”
“ആര്..?’
ഗൗരി കുളത്തിൽനിന്നും കല്പടവുകളിലേക്ക് കയറിനിന്നു.