“മഹാദേവാ, ഞാനെന്താ ഈ കാണുന്നെ ?”
ആരായീകടുംകൈ ചെയ്തെ.?”
അദ്ദേഹം ആ മൃതദേഹത്തിന്റെ കണ്ണുകൾ തുറന്നുനോക്കി.
കൃഷ്ണമണികൾ മുകളിലേക്ക് പോയിരുന്നു കണ്ണിലാകെ നീലനിറം വ്യാപിച്ചിട്ടുണ്ട്.
പെട്ടന്ന് പിന്നിലൊരു കാൽപ്പെരുമാറ്റം കേട്ടപോലെതോന്നിയ തിരുമേനി ദീർഘശ്വാസമെടുത്ത് അവിടെത്തന്നെ എന്തിനും തയ്യാറായി ഇരുന്നു.
പക്ഷെ നിമിഷനേരംകൊണ്ട് ആ കാൽപ്പെരുമാറ്റം നിലച്ചു.
അതിനുപകരം മഞ്ഞകലങ്ങിയ കണ്ണുകളുമായി ഒരു കരിമ്പൂച്ച അദ്ദേഹത്തിന്റെ പിന്നിലൂടെവന്ന് മൃതദേഹത്തിനരികിൽ വട്ടമിട്ടു നടന്നു.
വാതുറന്ന് കരിമ്പൂച്ച കൊമ്പുപോലെയുള്ള പല്ലുകൾ പുറത്തുകാട്ടി തിരുമേനിക്ക് സമാന്തരമായി നിന്നു.
പതിയെ അതിന്റെ രൂപം ചുവന്നപട്ടുടുത്ത ഒരു സ്ത്രീയായിമാറി.
“ഓ, നീയാണോ, സ്റ്റേഷനിൽവച്ച് എനിക്ക് നേരെ വന്നുനിന്നപ്പോൾ എന്റെ ഉപാസനാമൂർത്തികൾ സൂചിപ്പിച്ചിരുന്നു.
നിന്റെ സാനിധ്യം.
വേണ്ട, ഉപദ്രവിക്കാതെ നീ സ്വമേധയാ തിരിച്ചുപോകുക. അതല്ല മറിച്ചാണെങ്കിൽ,
ഇന്നോളം മണ്മറഞ്ഞുപോയവരുടെ ആത്മാക്കളുടെ കൂട്ടത്തിൽ നീയും അകപ്പെടും. പിന്നെ സർവ്വനാശമായിരിക്കും. നിനക്കാറിയാലോ എന്നെ?”
ധൈര്യപൂർവ്വം തിരുമേനി പറഞ്ഞു.
കണ്ണുകൾ ചുവന്നുതുടുത്തു.
ഇടത് നെറ്റിയിൽ ഒരുഞരമ്പ് തടിച്ചുപൊന്തി.
ഉടനെ അവൾ ആർത്തട്ടഹസിച്ചു.
നിമിഷനേരംകൊണ്ട് ആ സ്‌ത്രീരൂപം വീണ്ടും കരിമ്പൂച്ചയായി മാറി. ഭീകരശബ്ദമുണ്ടാക്കി അതിന്റെ വായ തുറന്ന് തിരുമേനിയുടെ നേരെനിന്നു.
“നിനക്കുള്ള കർമ്മങ്ങൾ തുടരാൻ പോകുന്നതെയൊള്ളൂ, കാലം അതിന്റ ചക്രവാളത്തിലെത്തി നിൽക്കുന്ന സമയം.
നിന്നിൽ തിരശീലവീണിരിക്കും.”
തിരുമേനി പറഞ്ഞുതീർന്നതും അപ്പൂപ്പൻക്കാവിലേക്ക് ഇന്നോളം കണ്ടിട്ടില്ലാത്ത ശക്തമായ കാറ്റ് ഒഴുകിയെത്തി.