യക്ഷയാമം (ഹൊറർ) – 6 42

“രാമാ, മോളേം കൂട്ടി മനയിലേക്ക് പോയ്‌കോളൂ, ഞാൻ വന്നോളാം”

തിരുമേനി തന്റെ നരബാധിച്ച മുടിയിഴയിലൂടെ വിരലുകളോടിച്ചു.

പെട്ടന്ന് വലിയശബ്ദത്തോടെ കാറ്റിലുലഞ്ഞാടിയ മൃതദേഹം നിലംപതിച്ചു.

നിലത്തുവീണ മൃതദേഹത്തിന്റെ മുഖം കണ്ടപാടെ രാമൻ പറഞ്ഞു.

“ദേവീ, കുട്ടൻ. നാരായണവാര്യരുടെ മകൻ.
ഇവനെന്തിനാ ഈ കടുംകൈചെയ്തെ?..”

“വാര്യരുടെ മകനാണോ രാമാ?”
സംശയത്തോടെ തിരുമേനി ചോദിച്ചു.

“മ് ”

“രാമാ, താൻ മോളേംകൊണ്ട് മനക്കലേക്ക് പോയ്‌കോളൂ,
മൃതദേഹത്തെനോക്കി തിരുമേനി വീണ്ടും പറഞ്ഞു.

കേട്ടപാടെ രാമൻ ഗൗരിയെയും കൂട്ടി കാറിന്റെ അടുത്തേക്കുനടന്നു.

പിന്തിരിഞ്ഞുനോക്കിയ ഗൗരി തിരുമേനി മൃതദേഹത്തിന്റെ അടുത്തിരിക്കുന്നത് കണ്ടയുടനെ രാമനോട് ചോദിച്ചു.

“ന്താ രാമേട്ടാ മുത്തശ്ശൻ ചെയ്യണേ ?..”

“ഒന്നുല്ല്യാ, മോള് വണ്ടിയിൽ കയറൂ.”
രാമൻ ഡോർ തുറന്ന് ഗൗരിയെ അകത്തേക്കിരുത്തി കാർ സ്റ്റാർട്ട്ചെയ്തു.

പടിപടലങ്ങൾകൊണ്ട് അപ്പൂപ്പൻകാവ് ആകെ അലങ്കോലമായി.

കാറ്റിൽ പറന്നുയർന്ന അപ്പൂപ്പന്താടികൾ പതിയെ മണ്ണിലേക്ക് ചേർന്നു.

മൃതദേഹത്തെ അടിമുടിയൊന്നുനോക്കിയ ശങ്കരൻതിരുമേനി അപ്പോഴാണ് അത് ശ്രദ്ധിച്ചത്.

നെറുകയിൽ മഞ്ഞൾ തൊട്ടിരിക്കുന്നു.
കഴുത്തിനുപിന്നിൽ എന്തോ ഒരുമുറിവ്.അതിൽനിന്നും രക്തമൊഴുകുന്നുണ്ടായിരുന്നു.