യക്ഷയാമം (ഹൊറർ) – 6 42

Yakshayamam Part 6 by Vinu Vineesh

Previous Parts

ഒരുനിമിഷം ശ്വാസംനിലച്ചുപോയ ഗൗരി മുകളിലേക്ക് തന്റെ ശിരസുയർത്തി.

ആകാശംമുട്ടെവളർന്ന വൃക്ഷത്തിന്റെ ശിഖരത്തിൽ ഒരു മൃതദേഹം കാട്ടുവള്ളിയിൽ കിടന്നാടുന്നു.

രക്തം പിന്നെയും തുള്ളികളായി ഗൗരിയുടെ കഴുത്തിലേക്ക് ഇറ്റിവീണു.

ഭയത്തോടെ അവൾ സർവ്വശക്തിയുമെടുത്ത് അലറിവിളിച്ചു.

“മുത്തശ്ശാ ”

ഗൗരിയുടെ നിലവിളികേട്ട് ശങ്കരൻതിരുമേനിയും, രാമനും അപ്പൂപ്പൻക്കാവിനുള്ളിലേക്ക് ഓടിവന്നു.
രണ്ടുകൈകളും തന്റെ ചെവിയോട് ചേർത്ത് മിഴികളടച്ചു നിൽക്കുകയായിരുന്നു ഗൗരി.

“എന്താ മോളേ ?”
തിരുമേനി അവളുടെ തോളിൽതട്ടി ചോദിച്ചു.

മുകളിലേക്കുനോക്കാതെ ഗൗരി അങ്ങോട്ട് വിരൽചൂണ്ടി.

തിരുമേനിയും രാമനും പടർന്നുപന്തലിച്ച വൃക്ഷത്തിന്റെ മുകളിലേക്ക് ഒരുമിച്ചുനോക്കി.

നെടുങ്ങുന്ന ആ കാഴ്ചകണ്ട രാമൻ രണ്ടടി പിന്നിലേക്ക് വച്ചു.

തിരുമേനി തന്റെ വലതുകൈ നെഞ്ചിലേക്ക് ചേർത്തുവിളിച്ചു

“ദേവീ…”

ചമ്മലകളെ താങ്ങിയെടുത്ത് തെക്കൻക്കാറ്റ് അപ്പൂപ്പൻക്കാവിലേക്ക് ഒഴുകിയെത്തി.

തോളിൽ ധരിച്ച തിരുമേനിയുടെ മേൽമുണ്ട് ശക്തമായ കാറ്റിൽ പറന്നുയർന്നു.

കാർമേഘങ്ങൾവട്ടമിട്ട ആകാശത്തിൽ അർക്കനെ മറക്കുംവിധം ഇരുട്ട് വ്യാപിച്ചു.

നിലത്തുവീണ മേൽമുണ്ടെടുക്കാൻ കുനിഞ്ഞ രാമനെ തിരുമേനി തടഞ്ഞു.

“വേണ്ട, അതെടുക്കരുത് രാമാ ”
ഗൗരിയെ മാറിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

കാറ്റിന്റെ ശക്തികൂടി, ചുറ്റിലും പൊടിപടലങ്ങൾ പാറിപ്പറന്നു.

വൃക്ഷത്തിന്റെ ശിഖരത്തിൽ വള്ളിയിൽതൂങ്ങിക്കിടക്കുന്ന മൃതദേഹം ശക്തമായകാറ്റിൽ ഉലഞ്ഞാടി.