അനി പിന്തിരിഞ്ഞോടിയെങ്കിലും കാലിൽ എന്തൊതട്ടി നിലത്തുവീണു.
തിരിഞ്ഞുനോക്കിയ അയാൾ ഭയന്ന് അലറിവിളിച്ചു.
നിലത്ത് ഒരു ശരീരം അതിന്റെ കഴുത്തുമുതൽ അടിവയറുവരെ നീളത്തിൽ പൊളിച്ചുവച്ചിരിക്കുന്നു.
ചെറുകുടലും വൃക്കയും കരളും ചെറുജീവികൾ കൊത്തിപെറുക്കിയും കടിച്ചുവലിച്ചും ഭക്ഷിക്കുന്നുണ്ട്.
ആ ശരീരത്തെ വലിഞ്ഞുമുറുകിയ കരിനാഗം നെഞ്ചിലേക്ക് അതിന്റെ ശിരസ് താഴ്ത്തി രക്തത്തിൽ കുളിച്ച ഹൃദയം കൊതിയെടുത്ത് ഇഴഞ്ഞുനീങ്ങി.
പക്ഷെ അയാളെ ഭയപ്പെടുത്തിയത് മറ്റൊന്നായിരുന്നു.
ആ ശരീരത്തിന് തന്റെ അതേമുഖഛായ.
നിലത്തുനിന്നെഴുന്നേറ്റ് അനി ജീവനുംകൊണ്ടോടി.
ഗൗരിയും, സച്ചിദാനന്ദനും ഇരുന്നുസംസാരിച്ച ശിലയിൽ കൈകുത്തി നിന്നു. പക്ഷെ
സീതയുടെ കബന്ധത്തിന്റെ രക്തമൊലിക്കുന്ന ഭാഗമായിമാറിയ ആ ശിലായിലായിരുന്നു അനി കൈ വച്ചത്.
ഭയം അയാളുടെ ചെറുവിരൽ മുതൽ ശിരസ്സുവരെ പടർന്നു.
സച്ചിദാനന്ദനെ ആവഹിച്ചെടുത്ത ആണി ശങ്കരൻതിരുമേനി പറിച്ചെടുത്ത് ചന്ദനമുട്ടിയുടെ മുകളിൽ കൊണ്ടുവന്നുവച്ചു.
“ശങ്കരാ… ഇനി സീതയെ ആവഹിക്കാം.”
സീതയുടെ അമ്മയേയും അച്ഛനെയും കളത്തിലിരുത്തി.
“ഇരക്ക് പ്രിയപ്പെട്ടവർ വേണം ആവാഹിക്കുന്നവേളയിൽ ഇല്ല്യേച്ചാ അവര് വരില്ല..
മകളെ മനസിൽ സങ്കല്പിക്കുക.
ഒപ്പം ഭഗവാൻ വിഷ്ണുവിനെയും, ദുർഗ്ഗാ ദേവിയേയും.”
കണ്ണുകളടച്ചുപിടിച്ചുകൊണ്ട് ഭഗവാൻ വിഷ്ണുവിനെയും, ദുർഗ്ഗാ ദേവിയെയും അവർ ഒരുമിച്ച് ധ്യാനിച്ചു.
മന്ത്രങ്ങൾ ജപിച്ച് തിരുമേനി.
വെള്ളിത്തകിടിൽ നിർമ്മിച്ച സ്ത്രീരൂപത്തെ തീർത്ഥജലം കൊണ്ട് ശുദ്ധിവരുത്തി.