യക്ഷയാമം (ഹൊറർ) – 24 37

കുളത്തിൽ മുങ്ങിനിവർന്ന് ഗൗരി ഭഗവതിക്ക് വിളക്കുകൊളുത്തി.
വാഴക്കോളകൊണ്ട് നിർമ്മിച്ച വലിയ കളത്തിനുള്ളിലെ 9 ചെറിയകളങ്ങൾക്കു മുൻപിൽ വച്ച നിലവിളക്കിനു തിരി കൊളുത്തിയപ്പോഴേക്കും സീതസംഭരിച്ച ശക്തിയുടെ ഒരംശം കുറഞ്ഞു.

അവൾ അലറി വിളിച്ചു.

അനി ജീവനുംകൊണ്ടോടിയത് അപ്പൂപ്പൻക്കാവിനുള്ളിലേക്കായിരുന്നു.

കിതപ്പ് സഹിക്കവയ്യാതെ ഒരുനിമിഷം അനി കൈ കാൽമുട്ടിലേക്കുവച്ചുകൊണ്ട് കിതപ്പകറ്റി.
തന്റെ തൊട്ടുമുൻപിൽ ആരോ നിൽക്കുന്നതായി തോന്നിയ അനി തലയുയർത്തി നോക്കി.
ആരുമില്ല
സമാധാനത്തോടെ അവൻ തിരിഞ്ഞുനോക്കിയപ്പോൾ പിന്നിൽ സീതയുടെ കബന്ധം മാത്രം.
രക്തം കഴുത്തിലൂടെ വളരെ ശക്തിയിൽ പുറത്തേക്കൊഴുകികൊണ്ടിരുന്നു

തിരിഞ്ഞോടാൻ നിൽക്കുമ്പോൾ മറുവശത്ത് അവളുടെ ശിരസ്സുമാത്രം തടസമായിനിന്നു.

ഹോമകുണ്ഡത്തിലേക്ക് നെയ്യും പുഷ്പ്പങ്ങളും അർപ്പിച്ച് കൃഷ്ണമൂർത്തിയദ്ദേഹം സച്ചിദാനന്ദന്റെ ബന്ധനം വേർപ്പെടുത്തി തിരികെ കൊണ്ടുവരാൻ ശങ്കരൻതിരുമേനിയോട് പറഞ്ഞു.

രണ്ട് നാക്കിലയിൽ വെള്ളികൊണ്ടു നിർമ്മിച്ച സ്ത്രീരൂപവും, പുരുഷരൂപവും എടുത്തുവച്ചു.

നാക്കിലയുടെ മുകൾ ഭാഗത്ത് ചന്ദമുട്ടിയും, കളഭവുംവച്ച് വാഴക്കോളുകൊണ്ട് നിർമ്മിച്ച കളത്തിനുള്ളിലെ 9 പന്തങ്ങളിൽ നടുവിൽ വച്ച വലിയ പന്തത്തിന് അഗ്നികൊളുത്തി.
ശേഷം 8 ചെറിയ കളത്തിലെ 8 ചെറിയ പന്തങ്ങൾക്കും അഗ്നിപകർന്നു.

ഒരലർച്ചയോടെ സീതയുടെ കബന്ധം അനിക്കുമുൻപിൽ ഉലഞ്ഞാടി.

“എന്നെ തിരികെ വിളിക്കൻ നോക്കേണ്ട ഞാൻവരില്ല. ”

അനിയുടെ പിന്നിൽ നിൽക്കുന്ന ശിരസ് മന്ത്രിച്ചു.
ശക്തമായ കാറ്റ് അപ്പൂപ്പൻക്കാവിലേക്ക് ഒഴുകിയെത്തി.
ആകാശംമുട്ടെ വളർന്നവൃക്ഷങ്ങൾപോലും കാറ്റിൽ ഉലഞ്ഞാടി