അനി കഴുത്തുവെട്ടിച്ചയുടനെ അവളുടെ കൊമ്പ് പോലെയുള്ള ദ്രംഷ്ഠകൾ വളരാൻ തുടങ്ങി.
ശരീരം ചുട്ടുപൊള്ളാൻ തുടങ്ങിയപ്പോൾ അനി അവളുടെ കൈകളിൽകിടന്നു പിടഞ്ഞു.
കൈയ്യിൽ എന്തോ കൊഴുപ്പുപോലെയുള്ള ദ്രാവകം പറ്റിയിരിക്കുന്നതായി തോന്നിയ ഉടനെ അനി കൈകളിലേക്കുനോക്കി.
“ചോരാ..”
അപ്പോഴേക്കും സീതയുടെ ദ്രംഷ്ഠകൾ വളർന്ന് അനിയുടെ കഴുത്തിലേക്കാഴ്ന്നിറങ്ങി.
വേദനകൊണ്ട് അയാൾ പുളഞ്ഞു.
“ആ, ലക്ഷ്മി.. വിട്… വിടാൻ…”
സർവ്വ ശക്തിയുംമെടുത്ത് അനി അവളെ തള്ളിനീക്കി.
ലക്ഷ്മിയുടെ മുഖത്തിനു പകരം സീതയെ കണ്ട അനി ഭയന്നുവിറച്ചു.
കണ്ണീരിനുപകരം രക്തമൊഴുകുന്ന കണ്ണിലെ കൃഷ്ണമണികൾ അപ്രത്യക്ഷമായിരുന്നു.
അടിച്ചുണ്ടിൽ എന്തോ കടിച്ചുണ്ടായപോലെ ഒരു വലിയമുറിവ്. അതിൽനിന്നും രക്തം കട്ടകുത്തി ഒഴുകുന്നുണ്ടായിരുന്നു.
അതെ ആ മുറിവ് , അന്ന് പൂജകഴിഞ്ഞ് മാർത്താണ്ഡൻ അവളുടെ പിണ്ഡശരീരം തനിക്കുനേരെ നീട്ടിയപ്പോൾ കാമാസക്തിയിൽ അവളുടെ അടിച്ചുണ്ടിനെ താൻ കടിച്ചുണ്ടാക്കിയതാണ് ആ മുറിവെന്ന് ഒരുനിമിഷംകൊണ്ട് അനിക്ക് മനസിലായി.
വളർന്നുവന്ന ദ്രംഷ്ഠകളിൽ അനിയുടെ കഴുത്തിൽനിന്നുമേറ്റ രക്തം തുള്ളിയായി താഴേക്ക് പതിച്ചു.
കഴുത്തിലേറ്റ മുറിവിനെ അനി ഇടതുകൈകൊണ്ട് പൊത്തിപ്പിടിച്ചു.
“സീ..സീതാ..”
“ഹ ഹ ഹ… അപ്പോൾ നീയെന്നെ മറന്നിട്ടില്ല്യാ ല്ലേ..?”
ആർത്തട്ടഹസിച്ചുകൊണ്ട് അവൾ ചോദിച്ചു.
ഉടനെ കഴുത്തിലണിഞ്ഞ രക്ഷയെടുത്ത് അനി പുറത്തേക്കിട്ടു.
“അപ്പോൾ നീയറിഞ്ഞില്ലേ, മാർത്താണ്ഡൻ കൊല്ലപ്പെട്ടു.
അയാളില്ലാതെ ഈ രക്ഷകൊണ്ട് എന്ത് പ്രയോജനം.”
“വേണ്ടാ, എന്നെ കൊല്ലരുത്… തെറ്റുപറ്റി.. ക്ഷമിക്കണം.”
അഴിഞ്ഞുവീഴാറായ മുണ്ടിനെ കൂട്ടിപിടിച്ചുകൊണ്ട് അനി കുളപ്പുരയിൽ നിന്നും തിരിഞ്ഞോടി.