യക്ഷയാമം (ഹൊറർ) – 24 37

നീലനിറത്തിലായിരുന്ന ജലത്തിൽ രക്തം കലർന്നതോടെ അമ്മുവുംഗൗരിയും രണ്ടുപടവുകൾ മുകളിലേക്കുകയറി ഭയത്തോടെ പരസ്പരം നോക്കി.

നിമിഷനേരംകൊണ്ട് കുളം ശാന്തമായി.
തിങ്കളിന്റെ പ്രതിബിംബം കുളത്തിൽ ദർശിക്കാൻ കഴിഞ്ഞതോടെ തിരുമേനി ഗൗരിയോട് കുളത്തിലിറങ്ങി 3 തവണ കിഴക്കോട്ട് തിരിഞ്ഞ് മുങ്ങിനിവരാൻ പറഞ്ഞു.

ഹോമാഗ്നിയിൽ നെയ്യർപ്പിച്ചതും അഗ്നി ആളിക്കത്തി.

ഒരു ഞെട്ടലോടെ സീത മിഴിതുറന്നു.
ഇടത്തോട്ട് വെട്ടിച്ച അധരങ്ങളോടുകൂടി അവൾ പുഞ്ചിരിപൊഴിച്ചു.

പതിയെ അവൾ അനിയെ രണ്ടുകൈകളുംചേർത്ത് ഇറുക്കെപിടിച്ച് അധരങ്ങളിൽ വീണ്ടും ചുംബിച്ചു.
ഇത്തവണ അവളുടെ ഉമിനീരിന് രക്തത്തിന്റെ രുചി അനുഭവപ്പെട്ടയുടനെ അനി മിഴിതുറന്നു.

നിലാവ് ചൊരിഞ്ഞ പൂർണ്ണചന്ദ്രൻ എങ്ങോപോയ്മറഞ്ഞിരുന്നു.
ചുറ്റിലും അന്ധകാരം വ്യാപിച്ചു.
നായ്ക്കൾ ഓരിയിടാൻ തുടങ്ങി.
കുളത്തിലെ മീനുകളും മറ്റുജീവികളും ജീവനുംകൊണ്ട് പരക്കംപാഞ്ഞു.
കുളപ്പുരയിലെ കഴുക്കോലിന്റെ മുകളിൽ
മഞ്ഞക്കണ്ണുകളുമായി ഒരു മൂങ്ങവന്നിരുന്നു.
അത് അനിയെതന്നെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അവ കുറുകികൊണ്ടിരിക്കുമ്പോൾ കുളപ്പുരവാതിൽ താണ്ടി ഒരു കരിമ്പൂച്ച അതിന്റെ മൂർച്ചയുള്ള പല്ലുകൾ പുറത്തുക്കാട്ടി വാതിലിനോട് ചാരിവന്നുനിന്നു.
ചുമരുകളിലെ സുഷിരങ്ങളിൽ നിന്നും നാഗങ്ങൾ പുറത്തേക്ക് തലയിട്ടുചുറ്റിലും നോക്കി.

“ലക്ഷ്മി, വിടൂ.. എനിക്ക് ശ്വാസം മുട്ടുന്നു.”
അനി നിലത്തുനിന്നും എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും സീത പിടിമുറുക്കി.

പിൻകഴുത്തിലേക്ക് അവൾ ചുണ്ടുകൾ ചേർത്തു.