യക്ഷയാമം (ഹൊറർ) – 14 49

“വിവാഹനിശ്ചയം കഴിഞ്ഞു എന്നറിയാം.
പക്ഷെ പിന്നെന്തുസംഭവിച്ചു ?.
സീതയെ കല്യാണം കഴിച്ചോ?..”

“ഇല്ല്യാ ” ശിരസുതാഴ്ത്തി അയാൾ പറഞ്ഞു

“പിന്നെ ?..”

ഗൗരി രണ്ടടി മുന്നിലേക്ക് നിന്നുകൊണ്ട് ചോദിച്ചു.
അയാൾ പതിയെ പാറക്കെട്ടിനു മുകളിലിരുന്നുകൊണ്ട് അവളെ നോക്കി.

“വിവാഹനിശ്ചയം കഴിഞ്ഞ് വ്യാഴാഴ്ച്ച സീതയെന്നെ കാണാൻ വന്നിരുന്നു.
അന്നവൾക്കുണ്ടായ മാനസികമായ പിരിമുറുക്കം എന്നോട് പറഞ്ഞു.
അതുവെറും തോന്നലാകുമെന്ന് പറഞ്ഞുമനസിലാക്കി ഞാനവളെ വീട്ടിലേക്കയച്ചു.

ഓരോ ദിവസം കഴിയുംതോറും അവളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരാൻ തുടങ്ങി.ദിവസം ഫോണിൽ വിളിച്ചിരുന്ന എന്നെ പതിയെ ഒഴിവാക്കാൻ ശ്രമിക്കുകയാണോയെന്ന് എനിക്കുതോന്നി

ഒടുവിൽ സീത എന്നെകാണാൻ വന്നു.
പക്ഷെ എന്റെ സംശയം വെറും തോന്നലായിരുന്നെന്ന് അന്നെനിക്ക് മനസിലായി.
കാരണം എന്നോടുള്ള സ്നേഹത്തിന് ഒട്ടുംകുറവില്ല. അനിയുടെ ഒരുകാര്യവും അവളെന്നോടുപറഞ്ഞതേയില്ല.
അന്ന് ദാ ഇവിടെയിരുന്നാ ഞങ്ങൾ സംസാരിച്ചത്.”

തന്റെ എതിർദിശയിൽ പാതി അറ്റുപോയശിലയെ ചൂണ്ടിക്കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു.

“പിറ്റേന്ന് രാവിലെ ക്ഷേത്രത്തിലേക്ക് പോയ ഞാൻ അമ്പലക്കുളത്തിലെ കാഴ്ചകണ്ട് തരിച്ചുനിന്നു.
സീതയും, അവൾ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്ന അനിയും തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കുന്നു. അവൻ ഇടക്ക് അവളുടെ കവിളിൽ താലോടുന്നുണ്ടായിരുന്നു.