യക്ഷയാമം (ഹൊറർ) – 14 49

സീതക്ക് എന്താ സംഭവിച്ചത്.?”
ഗൗരി അവളെക്കുറിച്ചറിയാൻ സച്ചിദാനന്ദനോട് ചോദിച്ചു.

“എനിക്കറിയില്ല,..”

അയാൾ പെട്ടന്ന് ഇരിപ്പിടത്തിൽനിന്നുമെഴുന്നേറ്റു.

“അയ്യോ, സോറി മാഷേ, ഞാൻ , അത്…പിന്നെ…”

ചോദിച്ചത് അബദ്ധമായിപ്പോയോയെന്നവൾ സംശയിച്ചു.

“പ്ലീസ്. ലീവ്‌ മീ എലോൺ”

സച്ചിദാനന്ദൻ തിരിഞ്ഞുനടന്നു.

“മാഷേ, എനിക്കറിയാം ചിലകാര്യങ്ങൾ. ചിലപ്പോൾ എനിക്ക് താങ്കളെ സഹായ്ക്കാനാകും.”

സച്ചിദാനന്ദൻ ഒരു നിമിഷം നിന്നു.

“എങ്ങനെ,?”

” സീതയുടെ മരണത്തിന് അനിയേട്ടന് പങ്കുണ്ടെകിൽ തീർച്ചയായും നിയമസഹായം ഞാൻ ചെയ്തുതരും.”

“ആഭിചാരകർമ്മങ്ങൾക്കെതിരെ കേസ് കൊടുക്കാൻ പറ്റോ തനിക്ക്.
ഇല്ല്യാല്ലോ, അതുതന്നെ.”

സച്ചിദാനന്ദൻ അവളുടെ അടുത്തേക്ക് വന്നു.

“ഇതിന്റെ നിയമം വേറെ, നിയമപാലകന്മാർ വേറെ.
എനിക്കറിയാമായിരുന്നു നീ എന്നെത്തേടി വരുമെന്ന്.
കൃത്തികമാരുടെ അനുഗ്രഹമുള്ളവളല്ലേ നീ അതും അമാവാസിയിലെ ജനനം.”

“സീതക്കെന്തുസംഭവിച്ചു എന്നെനിക്കറിയണം. അതറിയാത്തകാലത്തോളം ഞാൻ മാഷിനെ പിന്തുടരും.”

“ഇപ്പോൾ എന്റെ വാസം ഈ വനത്തിനുള്ളിലാണ്. പിന്തുടരേണ്ട ആവശ്യമില്ല.”
ചെറിയ വനത്തിനുള്ളിലേക്ക് ചൂണ്ടിക്കാണിച്ച് അയാൾ പറഞ്ഞു.