ശേഷമുള്ള പേജുകൾ വളരെ വേഗത്തിൽ അവൾ മറിച്ചുനോക്കി.
പക്ഷെ നിരാശയായിരുന്നു ഫലം.
“രാവിലെ സച്ചിമാഷിനെ ഒന്നുപോയികാണണം. ചിലപ്പോൾ ഇതിന്റെ ബാക്കി അറിയാൻ കഴിഞ്ഞാലോ”
പുസ്തകം മടക്കിവക്കുമ്പോൾ സമയം പുലർച്ച 3 മണി.
പുതപ്പ് തലവഴിമൂടി ഗൗരി കണ്ണുകളടച്ചു കിടന്നു.
അരുണരശ്മികൾ ജാലകത്തിലൂടെ വന്നുചുംബിച്ചപ്പോഴായിരുന്നു അവൾ ഉറക്കത്തിൽനിന്നുമുണർന്നത്. കൈകൾകൂപ്പി സൂര്യഭാഗവനെ തൊഴുത് നഗ്നപാദങ്ങൾ നിലത്തു ചവിട്ടി കട്ടിലിൽനിന്നുമെഴുന്നേറ്റു.
അപ്പോഴേക്കും അമ്മു കുളികഴിഞ്ഞ് മുറിയിലേക്കുവന്ന്
തോർത്തുമുണ്ടെടുത്ത് ഗൗരിക്ക് നേരെ ഇട്ടുകൊടുത്തു.
“പോയികുളിക്ക് ഗൗര്യേച്ചി. അമ്പലത്തിൽ പോണം. ഇന്ന് അർച്ചനയുണ്ട്.”
കുളികഴിഞ്ഞ് ഗൗരിയും അമ്മുവുംകൂടി ക്ഷേത്രത്തിലേക്ക് പോയി.
അമ്പലക്കുളം വഴി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലേക്കെത്തിയ അവർ കുളത്തിൽനിൽക്കുന്ന അനിയെകണ്ടു.
രൗദ്രഭാവത്തിൽ ഗൗരി അയാളെ തീക്ഷണമായി നോക്കി.
“ദുഷ്ടനാ അയാൾ”
ഗൗരി പറഞ്ഞു.
“ങേ, ഗൗര്യേച്ചിയെ ന്താ ചെയ്തേ.”
സംശയത്തോടെ അമ്മു ചോദിച്ചു.
“എന്നെയല്ല, ആ സീതയെ.”
“മ്, വാ നമുക്ക് പോകാം.”
അമ്മു അവളുടെ കൈത്തണ്ടയിൽ പിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു.
അർച്ചനകഴിഞ്ഞ് അവർ തിരികെ മനയിലേക്ക് നടക്കുമ്പോഴായിരുന്നു.
ക്ഷേത്രത്തിലെ സെക്രട്ടറി അമ്മുവിനെ വിളിച്ചത്.