യക്ഷയാമം (ഹൊറർ) – 14 49

Yakshayamam Part 14 by Vinu Vineesh

Previous Parts

ഗൗരി പുസ്തകത്തിൽനിന്നും കണ്ണെടുത്ത് ജാലകത്തിലൂടെ പുറത്തേക്കുനോക്കി.

“ഇനി അനി വല്ല മന്ത്രവാദവും ചെയ്‌തോ?”
അവൾ സ്വയം ചോദിച്ചു.

ജാലകത്തിലൂടെ ഒഴുകിയെത്തിയ കാറ്റിന് പാലപ്പൂവിന്റെ ഗന്ധമുണ്ടായിരുന്നു.
പെട്ടന്ന് പിന്നിലൊരു കൈ അവളുടെ ശിരസിനുസമമായി അന്ധകാരത്തിൽ നിന്നും പ്രത്യക്ഷപ്പെട്ടു.

പതിയെ ആ കൈകൾ മുന്നോട്ട് ചലിച്ചു.
അപ്പോഴും ഗൗരി സീതയെഴുതിയ വരികളിലായിരുന്നു ശ്രദ്ധിച്ചിരുന്നത്.

പതിയെ ആ കരങ്ങൾ അവളുടെ തോളിൽ പതിഞ്ഞു.

ഉടനെ ഗൗരി കസേരയിൽ നിന്നും ഞെട്ടിയെഴുന്നേറ്റു.

“മുത്തശ്ശനോ… ഞാൻ പേടിച്ചുപോയി.”

അവളുടെ ഭയത്തോടെയുള്ള സംസാരം തിരുമേനിയെ സംശയത്തിന്റെ വാക്കിൽകൊണ്ടെത്തിച്ചു.

“ന്താ കുട്ട്യേ, കൈയ്യിൽ..”
അരണ്ട വെളിച്ചത്തിൽ നിന്നുകൊണ്ട് തിരുമേനി ചോദിച്ചു.

“ഒന്നുല്ല്യാ മുത്തശ്ശാ, ഉറക്കം വരാണ്ടായപ്പോൾ പഴയ പുസ്തകങ്ങൾ വായിച്ചിട്ടങ്ങനെ ഇരുന്നു.”

കൈയ്യിലുള്ള പുസ്തകം പിന്നിലേക്ക് മറച്ചുപിടിച്ചുകൊണ്ട് ഗൗരി പറഞ്ഞു.

“മ്..”
തിരുമേനി അവളുടെ വലത്തെ കൈയ്യിൽ കെട്ടികൊടുത്ത രക്ഷയെ ഒന്നുനോക്കി.

“എനിക്ക് ഒരുകാര്യം പറയാനുണ്ട്.
അതുകേട്ട് നീ ഭയപ്പെടേണ്ടതില്ല.”

“എന്താ മുത്തശ്ശാ..”

“നിന്നെ പിന്തുടർന്ന ആ കറുത്തരൂപം ഒരാത്മാവാണ്.”