വിയർപ്പിന്റെ ഗന്ധമുള്ള ചുരിദാർ 75

“നിന്റെ ഒരാഗ്രഹവും എനിക്ക് സാധിച്ചുതരാൻ കഴിഞ്ഞിട്ടില്ല. പാതിവഴിയിൽ നിർത്തിവച്ച നിന്റെ MBBS പഠനം, നാളെ ലോകമറിയാനിരുന്ന നർത്തകി.. അങ്ങനെ ഒരുപാട്…
ഇതെങ്കിലും എനിക്ക് പറ്റില്ല്യാച്ചാ പിന്നെ ഞാനെന്തിനാ ഒരു ഭർത്താവായി ഇങ്ങനെ…”

പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ അവൾ എന്റെ വായ കൈകൊണ്ട് പൊത്തിപ്പിടിച്ചു.

എന്നിട്ടവൾ വാങ്ങിക്കൊണ്ടുകൊണ്ടുവന്ന ചുരിദാർ എടുത്തുകൊണ്ടുപോയി പത്തുമിനിറ്റ് കഴിഞ്ഞ് അതുധരിച്ച് എന്റെ മുൻപിൽ വന്നുനിന്നു.

മഞ്ഞനിറമുള്ള ചുരിദാരിൽ കറുപ്പ് നിറത്തിലുള്ള ചിലവർക്കുകൾ ഡെസൈൻ ചെയ്തിരിക്കുന്നു.
അഴിഞ്ഞുവീണ മുടിയിഴകൾ ഫാനിന്റെ കാറ്റിൽ പാറിനടന്നു.
ട്യൂബ് ലൈറ്റിന്റെ പ്രകാശത്തിലും അവളുടെ വെള്ളക്കല്ലുപതിച്ച മൂക്കുത്തി വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.
രാവിലെ അവളെഴുതിയ അഞ്ജനം കരിനീല മിഴിയിൽ അതുപോലെതന്നെ നിൽക്കുന്നുണ്ട്.

“ദീപേടെ കല്യാണത്തിനുപോകാൻ ഇതുമതി. കൊള്ളാമോ…?”

ഒരു റാമ്പിങ് മോഡലിനെപ്പോലെ അവൾ എന്റെ മുൻപിൽ വന്നുനിന്നു.
എന്നുമില്ലാത്ത ഒരു പ്രത്യേക തേജ്വാസ്‌ അവളിൽ കണ്ടയുടനെ
ഞാനറിയാതെ ഇടറിയശബ്ദത്തിൽ വിളിച്ചു.
“ലച്ചൂ… ”

ഉച്ചക്ക് ഞാൻ കൊടുത്ത അയ്യായിരം രൂപ എനിക്ക് തിരിച്ചുതന്നിട്ട് അവൾ പറഞ്ഞു.

“ഇത് പലിശക്കാരനുതന്നെ തിരിച്ചുകൊടുത്തോളൂ, ഈ പണം നമുക്ക് വേണ്ട വിനുവേട്ടാ….”

“നിനക്ക് എവിടന്നാ ഈ ചുരിദാർ വാങ്ങിക്കാനുള്ള കാശ് കിട്ട്യേ..”
ബെഡിൽനിന്നുമെഴുന്നേറ്റ്
സംശയത്തോടെ ഞാൻ ചോദിച്ചു.

“ഏട്ടൻ ജോലികഴിഞ്ഞു വരുമ്പോൾതരുന്ന പത്തും, ഇരുപതും സൂക്ഷിച്ചുവച്ചതാ, എടുത്തുനോക്കിയപ്പോ ആയിരത്തി മുന്നൂറ്റി ഇരുപത് രൂപയുണ്ടായിരുന്നു. ദേ ചുരിദാർ വാങ്ങിച്ചിട്ടും ബാക്കി കാശുണ്ട്.”

2 Comments

  1. Nice story

  2. Nice short story

Comments are closed.