ദേവു വിളക്കുമായി നാഗത്തറയിലേക്ക് നടന്നു, രുദ്രൻ സഹായിയെ ഒന്ന് നോക്കി… അയാൾ പതിയെ ഇരുട്ടിനെ ലക്ഷ്യമാക്കി മറഞ്ഞു. തന്നെ പിൻതുടരുന്ന നിഴൽദേവു അറിയുന്നുണ്ടായിരുന്നു.. അവളുടെ അധരങ്ങളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. വിളക്കു കൊളുത്തി നൂറുംപാലുമൊഴുക്കി കൈകൾ കൂപ്പി ദേവു നിന്നു.പുറകിൽ മറ്റൊരു ചലനമറിഞ്ഞ് അവൾ തിരിഞ്ഞു… രുദ്രമ്മാമ’… കൂടെ അയാളും -..
വിളക്ക് വച്ചു കഴിഞ്ഞോദേവൂ.. വല്ലാത്തൊരു ചിരിയോടെ രുദ്രൻ ചോദിച്ചു.
എന്താ അമ്മാമേ, ധൃതിയായോ… ദേവു ചിരിച്ചു.
ധൃതിയുണ്ട് മോളെ..എന്തിനും അൽപ്പം ധൃതി കൂടുതലാ ഈ അമ്മാമയ്ക്ക്, അതാ, ഈ മനേം സ്വത്തുമൊക്കെ എനിക്ക് കിട്ടാതെ പോയത്… പക്ഷേ, അങ്ങനങ്ങ് വിടാൻ പറ്റോ… എനിക്ക് അനുഭവയോഗമില്ലാത്തത് വേറാർക്കും വേണ്ട.. അതല്ലേ അമ്മാമ ഇപ്പോ വന്നത്.. ഇനീപ്പോ ദേവൂ ന്റ കാര്യോം കൂടി കഴിഞ്ഞാ പിന്നെ ഇതിനൊക്കെ അവകാശം ന്റെ മാളു നാ….
അറിഞ്ഞൂ….. എന്തിനാ അമ്മാമേ എപ്പോ വേണേലും നശിച്ചുപോണ സമ്പത്തിനു വേണ്ടി സ്വന്തം ചോരയെ തന്നെ കൊന്നു തള്ളിയേ… ദേ വുവിന്റെ സ്വരം ഇടറി…
അതേ…. എനിക്ക് ചെയ്യേണ്ടി വന്നു… ആരുമറിയാതെ… പഴി മുഴുവൻ ഈ കല്ലിനും…. ഇനി നിന്റെ മരണത്തിനും കാരണം ഈ കല്ല് തന്നെ…. ഒന്നുരണ്ട് വട്ടം നീ പോലുമറിയാതെ ഞാനിവിടെ വന്നു അപ്പോഴെല്ലാം പാമ്പിനെ കണ്ട് തിരിച്ചു പോയതാ… ഇത്തവണ അതില്ല ദാ ഇവനുണ്ടല്ലോ… ഏത് വിഷജന്തുവിനേയും വരുതിയിലാക്കുന്നവൻ.. അയാൾ ഉന്മത്തനായി ചിരിച്ചു…
രുദ്രൻ ദേവുവിനെ ബലമായി തന്നോട് പിടിച്ചമർത്തി സഹായിയെ നോക്കി.. അയാൾ തന്റെ കൈയിലെ വിഷസർപ്പത്തെ വെളിയിലെടുത്തു .. ദേവു കുതറി.. പൊടുന്നുടനെ ഒരു ശബ്ദം കേട്ട് അയാൾ തിരിഞ്ഞു നോക്കി, ഒരു കരിനാഗം ഫണമുയർത്തി നിൽക്കുന്നു…. രുദ്രനൊന്ന് പകച്ചു.. ആ നിമിഷം മതിയായിരുന്നു ദേവു വിന്.. അവൾ പിടഞ്ഞുമാറി.. നാഗം രുദ്രനേയും സഹായിയേയും ചുറ്റി ഇഴയാൻ തുടങ്ങി.
അതേ… അമ്മാമേ… ഇന്നിവിടെ വീണ്ടും ദുർമരണം സംഭവിക്കും എന്റെ മാത്രമല്ല, നിങ്ങളും വിഷത്തിന്റെ വീര്യം എന്താണെന്ന് അറിയും. അവളുടെ കണ്ണുകൾ നീലിക്കാൻ തുടങ്ങി.
അവർ ഭയത്തോടെ നാഗത്തെ മറികടക്കാൻ ശ്രമിച്ചുവെങ്കിലും അനങ്ങാൻ പോലുമാവാതെ കരിനാഗം അവരെ ചുറ്റിവരിഞ്ഞു.. ദേവു പതിയെ അവർക്കരികിലെത്തി, ഒരു ചിരിയോടെ അവരുടെ കഴുത്തിൽ നഖങ്ങളാഴ്ത്തി….
അവർ വീണുവെന്ന് ഉറപ്പായപ്പോൾ കരിനാഗം പതിയെ തന്റെ ചുരുളുകൾ അഴിച്ചു… രുദ്രന്റ വായിൽ നിന്ന് വെളുത്ത് നുരഞ്ഞ് പതയൊഴുകുന്നത് കണ്ടപ്പോൾ ദേവുവിന് ഒന്നാർത്തു ചിരിക്കണമെന്ന് തോന്നി… തന്റെ മനയുടെ നാശം ആഗ്രഹിച്ചവൻ കൺമുന്നിൽ പിടഞ്ഞ് തീരുന്നത് മതിയാവോളം അവൾ കണ്ടു നിന്നു…. അവരുടെ ഹൃദയമിടിപ്പു പോലും നിലച്ചതറിഞ്ഞ് അവൾ കരിനാഗത്തിന് നേരെ കൈകൂപ്പി….
അപ്പോഴാ നാഗത്തിന് സൗമ്യ ഭാവമായിരുന്നു അതിലുപരി തനിയ്ക്കായി ജീവൻ ഉപേക്ഷിക്കാൻ തയാറായദേവുവിനോടുള്ള നന്ദിയും….. പെട്ടന്നവൾ കുഴഞ്ഞ് താഴെ വീണു… കണ്ണുകൾ അടയുന്നതിനിടയിലും അവൾ കണ്ടു… തന്നെ തിരഞ്ഞ് വരുന്ന തന്റെ പ്രിയപ്പെട്ടവരെ….
കാവിൽ ജീവനറ്റ് കിടക്കുന്ന ശരീരങ്ങൾ കണ്ട് അവർ തരിച്ചുനിന്നു…. ദേവൂ…. ഒരു നിലവിളിയോടെ കിഷോർ ഓടി അവൾക്കരികിലെത്തി…
അവൾ മെല്ലെ കണ്ണു തുറന്നു, അവനെ നോക്കി പുഞ്ചിരിച്ചു…. കിച്ചേട്ടാ…. ഈ ജന്മത്തിലെ എന്റെ നിയോഗം ഇതായിരുന്നു… ഇവിടെയുണ്ടായ മരണങ്ങൾക്കെല്ലാം കാരണക്കാരയവർക്ക് എന്നിലൂടെ നാഗത്താർ ശിക്ഷ നൽകി…… സങ്കടമില്ല… പക്ഷേ, ന്റ കിച്ചേട്ടനെ ഒറ്റയ്ക്കാക്കി പോണേല് മാത്രേ വിഷമമുളളൂ… അടുത്ത ജന്മം ഈ കൂടെ ചേരാൻ ഞാൻ ആഗ്രഹിക്കാ…… അവൾ കിഷോറിന് റ കൈകളിൽ ഒന്ന് തെരുപ്പിടിച്ചു.. പിന്നെയൊരു പുഞ്ചിരിയോടെ കണ്ണുകളടച്ചു…..
അപ്പോൾ നാഗത്തറയിലും മറ്റൊരു ജന്മം കൂടി തലതല്ലി കിടപ്പുണ്ടായിരുന്നു… തെറ്റിന് പ്രായശ്ചിത്തമെന്നോണം……