വിഷ കന്യക 31

ഇല്ലാ…ദേവു.. അതൊന്നും ന്റെ സ്പർശനം കൊണ്ടല്ല.. എനിക്ക് വെട്ടം കാട്ടുന്ന, മനസ്സോടെ പാലൊഴുക്കുന്ന കുട്ട്യോളെ എങ്ങിനാ ഞാൻ സ്പർശിക്കാ…. ഇതൊക്കേംന്റ മേലെ കെട്ടി വയ്ച്ചതാണ്…. അതിന്റെ പേരിൽ ഇവിടം വിളക്കുമുടങ്ങി ഇരുട്ടിലാവും, ഞാൻ ദുഃശ്ശകുനമായാൽ പിന്നാരും ഈ വഴി തിരിഞ്ഞു നോക്കില്ല.. അങ്ങനെ ഈ കാടും, നാഗത്തറേം എല്ലാം മനുഷ്യസ്പർശമില്ലാതെ അന്യമാകും….. അപ്പോ അയാൾക്ക് ഇവിടം വെട്ടിതെളിച്ച് ഇഷ്ടത്തിന് എടുക്കാലോ…..

ആർക്ക്? ആർക്കാപ്പോ അങ്ങനെ…. ദേവു ആശ്ചര്യത്തോടെ ചോദിച്ചു.

പറഞ്ഞാദേവൂന് വിശ്വസാവില്ല……. വേറാരുമല്ല കുട്ടീടെ അമ്മാമ… രുദ്രൻ…. അയാൾക്ക് പണ്ടേ.. ഈ മന കൈക്കലാക്കണംന്നാ മോഹം, മുറപ്രകാരം മനയ്ക്കലെ പെൺകുട്ട്യോളെമംഗലം കഴിക്കണോർക്കാഈ മന… അവരില്ലാണ്ടായാ… പിന്നെ എളുപ്പായീലെ…. അയാളാമനയ്ക്കലെ പെൺകുട്ട്യോളെ, നിയ്ക്ക് വെട്ടം കാട്ടണ നേരത്ത് ഇല്ലാതാക്കീത്…. കൂടെ മറ്റൊരു ശാപജന്മോം ഉണ്ട്… ന്റെ വർഗ്ഗത്തിന്റെ ജന്മ ശത്രു, അയാൾടെ കൈയിലെ വിഷസർപ്പത്തെ കൊണ്ടാ.. ദേവൂ… ഓരോ മക്കളേം അയാൾ ഇല്ലാണ്ടാക്കിയേ…. ഇപ്പോ വർഷങ്ങൾക്ക് ശേഷം ദേവു നിയ്ക്ക് വിളക്ക് കാട്ടീപ്പോ… ആ ഗതി… ദേവൂനും വരരുത്ന്ന് കരുതിയാ.. ഞാനിപ്പോ വന്നേ…… അന്ന് ദേവു എന്നെ ആദ്യം കണ്ടപ്പോ അയാൾ ഉണ്ടായിരുന്നു അവിടെ… അതറിഞ്ഞാ അന്ന് ഞാൻ വന്നതും, ഭയന്ന് അയാൾ പിൻതിരിഞ്ഞു….

അവരെ ശിക്ഷിക്കാൻ നാഗത്താർക്ക് പറ്റില്ലേ.. അവൾ ചോദിച്ചു…

പറ്റാഞ്ഞല്ല കുട്ട്യേ.. വിളക്ക് തരണ കുടുംബത്തിലെ ഒരാളെ ദംശിച്ചാ… ന്റെ വിധി തലതല്ലി മരിയ്ക്കാനാ… അങ്ങനെ സംഭവിച്ചാ മന മുടിയും.. സന്തതി പരമ്പരകൾ ശാപം കൊണ്ട് കഷ്ടപ്പെടും….. അല്ലാച്ചാ… അറിഞ്ഞു കൊണ്ട് ആരേലും ദംശനത്തിന് സമ്മത്തിക്കണം….. കരിനാഗത്തിന്റെ സ്വരം ഇടറി…..

ന്നാ….. ഞാനൊന്ന് പറയട്ടെ, ദേവു എന്തോ ആലോചിച്ചിട്ടെന്ന പോലെ പറഞ്ഞു… ന്നെ…. സ്പർശിച്ച് ആ വിഷം എന്നിലേക്ക് തന്നൂടെ… മനസ്സ് നിറയെ നിങ്ങളേക്കാൾ വിഷവുമായി നടക്കുന്ന ജന്മങ്ങളെ ഇല്ലാതാക്കാൻ….. അവളുടെ മുഖം ചുവന്നു.

വേണ്ട കുട്ട്യേ.. അത് വേണ്ട, നിന്റെ ജന്മം കൂടി ഇല്ലാതാവാതിരിക്കാൻ പറഞ്ഞുന്നേയുള്ളൂ… സൂക്ഷിക്കൂ.. എന്നാൽ കഴിയുംവിധം കുട്ടിയെ ഞാൻ സംരക്ഷിക്കും… കരിനാഗം അവളെ നോക്കി….. ഞാൻ മടങ്ങുന്നു, ഇനിയെനിക്ക് വിളക്ക് വേണ്ട.. പാലും, മഞ്ഞളും വേണ്ട.. വെളിച്ചമില്ലാതെ കിടന്ന എനിക്കിനിയും അതേ ജന്മം തന്നെ മതി … ന്റെ കുട്ടീടെ രക്ഷയ്ക്ക് അതേ മാർഗ്ഗമുള്ളൂ…. പൊയ്ക്കോളൂ, കരിനാഗം പിൻതിരിഞ്ഞു.

അരുത്, ഈ കാവും, നാഗത്താരും ഇല്ലാത്ത മനയോ ജീവനോ എനിക്കും വേണ്ട….എന്നെ ദംശിക്കൂ.. ഇതെന്റെ തീരുമാനമാണ്, അവരെന്നെ ഇല്ലാതാക്കുന്നതിന് മുന്നേ, എനിക്കവരുടെ ജന്മമൊടുക്കണം… അവളിൽ പക നിറഞ്ഞു.

കരിനാഗം ഒരു നിമിഷം നിന്നു, പിന്നെ പതിയെ അവൾക്കരികിലേക്ക് ചെന്നു, നാഗരൂപമായി കാൽക്കൽ പിണഞ്ഞു… പതിയെ അവൾ പോലും അറിയാതെ തന്റെ പല്ലുകൾ അവളിലേക്കാഴ്ത്തി…

സിരകളിലൂടെ ഒരു മിന്നൽ പടർന്നു കയറുന്നത് ദേവു അറിഞ്ഞു.. പെട്ടന്നവൾ കണ്ണുകൾ തുറന്നു. താനിപ്പോഴും നാഗത്തറയിലാണ്….. ഈശ്വരാ…. ഒക്കേം തോന്നലായിരുന്നോ, എന്താ സംഭവിച്ചത് അവൾക്ക് ഒന്നും മനസ്സിലായില്ല…. ആകാംക്ഷയോടെ അവൾ തന്റെ കാൽചുവട്ടിലേക്ക് നോക്കി, ഒന്നും തന്നെയില്ല എന്നാൽ തന്റെ കാലിൽ രണ്ട് സൂചിപ്പാടുകൾ അവൾ കണ്ടു.

അപ്പോ സത്യം തന്നെയാണ്, അവളിൽ ഒരു ദീർഘനിശ്വാസം ഉയർന്നു…. തന്റെ നിയോഗം എന്താണെന്ന് മനസ്സിലാക്കി പതിയെ മന ലക്ഷ്യമാക്കി നടന്നു. കുട്ടിക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്യേ.. വിളക്ക് തെളിയിച്ച് നേരത്തെ വരണംന്ന് പറഞ്ഞാ കേൾക്കില്ല… ശങ്കരിയമ്മയുടെ ശകാരം കേട്ടില്ലെന്ന് നടിച്ച് അവൾ അകത്തേക്ക് കയറി….

മുത്തശ്ശീ…. നാളെ നമുക്ക് നാഗത്താർക്ക് പൂജ ചെയ്യണം, ഞാനിന്നവിടെ ഒരു നാഗത്തെ കണ്ടു.. അമ്മാമേനോട് വരാൻ പറയണം, ആ നാഗത്തെ പിടിച്ച് ദൂരെ വിടണം ഇല്യാച്ചാനിയ്ക്ക് പേടിയാ…. അവൾ പറഞ്ഞു..

നാഗത്തെ കണ്ടൂന്നോ.. ഭഗവാനേ… നീപ്പോ എന്താ വരാൻ പോണേന്ന് അറിഞ്ഞൂടാലോ..ന്തായാലും നാളെ രുദ്രനോട് പറയാം.
ദേവു മറുപടി പറഞ്ഞില്ല പകരം അവളുടെ കണ്ണുകൾ നീല നിറത്തിൽ തിളങ്ങി.

പിറ്റേന്ന് വൈകിട്ടോടെ പൂജകൾക്കുള്ള ഒരുക്കം തുടങ്ങി എല്ലാത്തിനും മുൻകൈയെടുത്ത് രുദ്രനും അയാളുടെ സഹായിയും ഉണ്ടായിരുന്നു. ദേവു ആരുമറിയാതെ അവരുടെ ഓരോ ചലനങ്ങളും നിരീക്ഷിച്ചു കൊണ്ടിരുന്നു… പൂജ തുടങ്ങി… തന്റെ നേർക്ക് നീളുന്ന കിഷോറിന്റ കണ്ണുകളെ അവൾ ഒരു വേദനയോടെ അവഗണിച്ചു ….

ഇനി നാഗത്തറയിൽ വിളക്ക് തെളിയിച്ച് വരിക, ദാ… ഈ നൂറുംപാലും, സമർപ്പിച്ച് പ്രാർത്ഥിച്ച് വരിക… കർമ്മി നിർദ്ദേശിച്ചു.